തിരുവനന്തപുരം- നിയമസഭയില്‍ മന്ത്രി വി.എന്‍ വാസവന്‍ നടത്തിയ പരാമര്‍ശത്തില്‍ തനിക്ക് വിഷമമോ ബുദ്ധിമുട്ടോ ഇല്ലെന്ന് നടന്‍ ഇന്ദ്രന്‍സ്. അമിതാഭ് ബച്ചനെ പോലെ ഉയരമുണ്ടായിരുന്ന കോണ്‍ഗ്രസ് ഇന്ദ്രന്‍സിന്റെ വലിപ്പത്തിലായി എന്നായിരുന്നു മന്ത്രി നിയമസഭയില്‍ പറഞ്ഞത്. മന്ത്രിയുടെ പരാമര്‍ശം ബോഡി ഷെയിമിങ് ആണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടുകയും തുടര്‍ന്ന് മന്ത്രിസഭാ രേഖകളില്‍നിന്ന് നീക്കം ചെയ്യുകയും ആയിരുന്നു. മന്ത്രി തന്നെ ഈ പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യാന്‍ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു.
ഇതു വാര്‍ത്തയായതിന് പിന്നാലെയായിരുന്നു ഇന്ദ്രന്‍സ് പ്രതികരണവുമായി എത്തിയത്. ''ഇന്ത്യാ രാജ്യത്ത് എല്ലാവര്‍ക്കും എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. മന്ത്രി അങ്ങനെ പറഞ്ഞതില്‍ എനിക്കു വിഷമം ഇല്ല. അമിതാഭ് ബച്ചന്റെ ഉയരം എനിക്കില്ല. അദ്ദേഹത്തിന്റെ കുപ്പായം എനിക്ക് പാകമാവുകയും ഇല്ല. അത് സത്യമല്ലേ, ഞാന്‍ കുറച്ച് പഴയ ആളാണ്. ഉള്ളത് ഉള്ളതു പോലയല്ലേ പറയേണ്ടത്. ഇതിലെനിക്ക് ബോഡി ഷെയിമിങ് ഒന്നും തോന്നുന്നില്ല. ഞാനെന്താണ് എന്ന് എനിക്ക് നല്ല ബോധ്യം ഉണ്ട്' -ഇന്ദ്രന്‍സ് പറഞ്ഞു.