ദോഹ - തിരിച്ചടികള്‍ അംഗീകരിക്കാന്‍ പറ്റാത്ത ടീമാണ് അര്‍ജന്റീനയെന്ന ആരോപണം നിഷേധിച്ച് കോച്ച് ലിയണല്‍ സ്‌കാലോണി. യാഥാര്‍ഥ്യം മനസ്സിലാക്കാത്തവരാണ് ഇത് പറയുന്നത്. തോറ്റപ്പോഴും ജയിച്ചപ്പോഴും അര്‍ജന്റീന കളിക്കാര്‍ എങ്ങനെയാണ് പെരുമാറിയതെന്ന് ഏവരും കണ്ടതാണ് -17 മഞ്ഞക്കാര്‍ഡുകള്‍ പിറന്ന അര്‍ജന്റീന-നെതര്‍ലാന്റ്‌സ് ക്വാര്‍ട്ടര്‍ ഫൈനലിനെക്കുറിച്ച ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി.
സൗദി അറേബ്യക്കെതിരെ തോറ്റ ശേഷം നിശ്ശബ്ദം ഹോട്ടലിലേക്ക് മടങ്ങി അടുത്ത കളിക്കായി തയാറെടുക്കുകയാണ് അര്‍ജന്റീന കളിക്കാര്‍ ചെയ്തത്. ബ്രസീലില്‍ ബ്രസീലിനെതിരെ കോപ അമേരിക്ക ഫൈനല്‍ ജയിച്ചപ്പോഴുള്ള ദൃശ്യങ്ങള്‍ മറന്നുപോയോ? അന്ന് മാരക്കാനായുടെ പടവുകളില്‍ മത്സര ശേഷം ഒരുമിച്ചിരുന്ന് കുശലം പറയുകയായിരുന്നു മെസ്സിയും നെയ്മാറും ലിയാന്ദ്രൊ പരേദേസും. മറ്റും -കോച്ച് പറഞ്ഞു.
പത്തും അതിലേറെ മിനിറ്റുകളും എക്‌സ്ട്രാ ടൈം കളിക്കേണ്ടി വരുന്നത് പതിവില്ലാത്തതാണ്. അതിന്റെ ഗുണദോഷങ്ങള്‍ ചിന്തിച്ചിട്ട് കാര്യമില്ല. അവസാനം വരെ ജാഗരൂകരായി നില്‍ക്കുകയേ നിവൃത്തിയുള്ളൂ - സ്‌കാലോണി പറഞ്ഞു. നെതര്‍ലാന്റ്‌സ് സമനില ഗോളടിച്ചത് എക്‌സ്ട്രാ ടൈമിന്റെ പന്ത്രണ്ടാം മിനിറ്റിലാണ്. പ്രി ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയുടെ ഷോട്ട് അവസാന സെക്കന്റുകളില്‍ കഷ്ടിച്ചാണ് ഗോളാവാതെ പോയത്.
സമ്മര്‍ദ്ദങ്ങളുമായി കളിക്കുന്നത് അര്‍ജന്റീന ആസ്വദിക്കുകയാണെന്ന് ഡിഫന്റര്‍ നിക്കൊളാസ് ടാഗ്ലിയാഫിക്കോ പറഞ്ഞു. നോക്കൗട്ട് മത്സരങ്ങളില്‍ ഇത്തരം സാഹചര്യങ്ങള്‍ പ്രതീക്ഷിക്കണം. ആ സന്ദര്‍ഭങ്ങളില്‍ മുന്നില്‍ നില്‍ക്കാന്‍ കെല്‍പുള്ള കളിക്കാര്‍ ടീമിലുണ്ട് -ഡിഫന്റര്‍ പറഞ്ഞു.
തുടര്‍ച്ചയായ രണ്ട് ലോകകപ്പുകളില്‍ സെമിയിലെത്തിയത് ക്രൊയേഷ്യയെ പോലൊരു ചെറുരാജ്യത്തിന് വലിയ നേട്ടമാണെന്നും എന്നാല്‍ അതില്‍ തൃപ്തിയടയില്ലെന്നും കോച്ച് സ്ലാറ്റ്‌കൊ ദാലിച്. ഈ ടീം ഫൈനല്‍ അര്‍ഹിക്കുന്നു. രണ്ട് ഷൂട്ടൗട്ടുകള്‍ കടന്നാണ് വന്നതെങ്കിലും തളര്‍ച്ച ഞങ്ങളുടെ ചിന്തയിലേ ഇല്ല. ആവേശവും ഊര്‍ജവും തുളുമ്പുകയാണ് ടീമില്‍. സെമി ഫൈനലിലും സര്‍വം നല്‍കി പൊരുതും. ഒരു കളിക്കാരനെയും പരിക്ക് അലട്ടുന്നില്ല -ദാലിച് പറഞ്ഞു. 2018 ലെ സെമിയില്‍ ഒരു ഗോളിന് പിന്നിലായ ശേഷമാണ് ഇംഗ്ലണ്ടിനെ അവര്‍ 2-1 ന് തോല്‍പിച്ചത്. ആ മത്സരമാണ് ക്രൊയേഷ്യയുടെ ഏറ്റവും മികച്ച ലോകകപ്പ് മത്സരം. അതിന് തൊട്ടടുത്ത് ബ്രസീലിനെതിരായ കഴിഞ്ഞ കളിയാണ്. അര്‍ജന്റീനക്കെതിരായ മത്സരം ജയിക്കുകയാണെങ്കില്‍ അതായിരിക്കും ഏറ്റവും മികച്ചത് -കോച്ച് പറഞ്ഞു.