ദോഹ - ലോകകപ്പില്‍ ഫ്രാന്‍സും മൊറൊക്കോയും സെമി ഫൈനലില്‍ ഏറ്റുമുട്ടുമ്പോള്‍ കീലിയന്‍ എംബാപ്പെയും പ്രിയ സുഹൃത്ത് അശ്‌റഫ് ഹകീമിയും തല്‍ക്കാലത്തേക്കെങ്കിലും സൗഹൃദം മാറ്റിവെക്കും. പി.എസ്.ജിയില്‍ അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. ഫ്രഞ്ച് ടീം ഖത്തറിലെത്തിയ ഉടനെ മൊറോക്കോ കളിക്കാര്‍ താമസിക്കുന്ന ഹോട്ടലിലെത്തി ഹകീമിയെ എംബാപ്പെ കണ്ടു. എന്നാല്‍ സെമി ഫൈനലില്‍ വീണ്ടും കണ്ടുമുട്ടുമ്പോള്‍ കഥ മാറും. എംബാപ്പെയെ മാര്‍ക്ക് ചെയ്യേണ്ട ചുമതല ഹകീമിക്കാണ്. ഫ്രാന്‍സിന്റെ ഇടതു വിംഗിലൂടെ എംബാപ്പെക്ക് മൊറോക്കൊ ഗോളിലേക്ക് വഴി കാണണമെങ്കില്‍ താന്‍ ഏറെ ആദരിക്കുന്ന ഹകീമിയെ കടന്നുപോവണം. ഹകീമിയാണ് ലോകത്തെ ഏറ്റവും മികച്ച റൈറ്റ് ബാക്കെന്ന് ജനുവരിയില്‍ എംബാപ്പെ ട്വീറ്റ് ചെയ്തിരുന്നു.
ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററാണ് എംബാപ്പെ. ഈ ലോകകപ്പിലെ വേറിട്ട പ്രതിഭ. മൊറോക്കോയുടേത് ഈ ലോകകപ്പിലെ ഏറ്റവും മികച്ച ഡിഫന്‍സാണ്, ഒരു എതിര്‍ കളിക്കാരനും ആ പ്രതിരോധം ഭേദിക്കാന്‍ കഴിഞ്ഞിട്ടില്ല.
ഹകീമിയും എംബാപ്പെയും 1998 ലാണ് ജനിച്ചത്. ഫ്രാന്‍സ് ആദ്യ ലോകകപ്പ് നേടിയതിന് ഏതാനും മാസങ്ങള്‍ക്കു ശേഷം. പി.എസ്.ജിയിലെത്തിയ ശേഷം ഹകീമിയെ ഫ്രഞ്ച് പഠിപ്പിച്ചത് എംബാപ്പെയായിരുന്നു. സംഗീതവും വീഡിയൊ ഗെയിമുമാണ് താല്‍പര്യങ്ങളെന്നത് ഇരുവരെയും അടുപ്പിച്ചിട്ടുണ്ടാവാം. ഹകീമി വലിയ മതഭക്തനാണ്. ഈ വര്‍ഷം ഈദിന് ഹകീമിയും എംബാപ്പെയും പ്രത്യക്ഷപ്പെടുന്ന വീഡിയോയാണ് പി.എസ്.ജി ക്ലബ്ബിന്റെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തത്. എംബാപ്പെക്ക് അള്‍ജീരിയയില്‍ കുടുംബവേരുകളുണ്ട്. അറബ് ഭക്ഷണരീതികള്‍ എംബാപ്പെയെ ശീലിപ്പിച്ചത് ഹകീമിയാണ്. പി.എസ്.ജിക്ക് കളിക്കുമ്പോള്‍ എങ്ങനെ ഗോളാഘോഷിക്കണമെന്ന് ഇരുവരും റിഹേഴ്‌സല്‍ നടത്തി ഒരുങ്ങാറുണ്ട്. എംബാപ്പെക്ക് പന്ത് നല്‍കിയാല്‍ എന്തു സംഭവിക്കുമെന്നറിയാവുന്നതിനാല്‍ ഒപ്പം കളിക്കാന്‍ എളുപ്പമാണെന്ന് ഹകീമി പറഞ്ഞിരുന്നു.
ഇംഗ്ലണ്ടിനെതിരായ ക്വാര്‍ട്ടറില്‍ എംബാപ്പെയെ കയ്ല്‍ വാക്കര്‍ നന്നായി മാര്‍ക്ക് ചെയ്തിരുന്നു. ഒരു വ്യക്തമായ ഷൂട്ടിംഗ് ചാന്‍സേ എംബാപ്പെക്ക് ലഭിച്ചുള്ളൂ. എങ്കിലും ഫ്രാന്‍സിന്റെ വിജയഗോളില്‍ എംബാപ്പെക്കും പങ്കുണ്ട്.
നാല് യൂറോപ്യന്‍ ടീമുകള്‍ക്കും ഈ ലോകകപ്പില്‍ മൊറോ്‌ക്കോയുടെ പ്രതിരോധം തകര്‍ക്കാനായിട്ടില്ല. ക്രൊയേഷ്യക്കും ബെല്‍ജിയത്തിനും സ്‌പെയിനിനും പോര്‍ചുഗലിനുമെതിരെ നാല് 90 മിനിറ്റുകളും ഒരു എക്‌സ്ട്രാ ടൈമും അവര്‍ കളിച്ചു. ആകെ പത്ത് ഷോട്ടുകളേ അവര്‍ക്ക് മൊറോക്കൊ ഗോളിനു നേരെ പായിക്കാനായിട്ടുള്ളൂ. എന്നാല്‍ ഫ്രാന്‍സിന്റെ എതിരാളികള്‍ക്കെതിരെ എംബാപ്പെ മാത്രം 11 ഷോട്ടുകള്‍ പായിച്ചു.
പെലെ കഴിഞ്ഞാല്‍ രണ്ട് ലോകകപ്പിനുടമയാവുന്ന പ്രായം കുറഞ്ഞ കളിക്കാരനാവുകയാണ് എംബാപ്പെയുടെ ആഗ്രഹം. ഹകീമിക്ക് ലോകകപ്പ് നേടുന്ന ആദ്യ ആഫ്രിക്കന്‍ ടീമിന്റെ ഭാഗമാവണം. ആര് ജയിച്ചാലും അവരുടെ സൗഹൃദത്തെ ബാധിക്കരുതെന്നാണ് ഫുട്‌ബോള്‍ പ്രേമികളുടെ ആഗ്രഹം.