ആലപ്പുഴ - ആത്മഹത്യ ചെയ്ത എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ മഹേശനെ പൊതുവേദിയിൽ അവഹേളിച്ച് യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
പെണ്ണുപിടിയനായിരുന്ന മഹേശന്റെ പല കാര്യങ്ങളും പുറത്ത് പറയാൻ കൊള്ളാത്തവയാണെന്നും കോടിക്കണിക്കന് രൂപയാണ് പാവപ്പെട്ട സ്ത്രീകളിൽനിന്ന് തട്ടിയതെന്നും വെള്ളാപ്പള്ളി ആരോപിച്ചു. അഴിമതിക്കേസിൽ പിടിപ്പിക്കപ്പെടുമെന്നായപ്പോൾ ആത്മഹത്യ ചെയ്തതിന് താൻ എന്തു പിഴച്ചുവെന്നും കണിച്ചുകുളങ്ങരയിൽ നടന്ന പൊതുയോഗത്തിൽ വെള്ളാപ്പളളി ചോദിച്ചു. എസ്.എൻ.ഡി.പി യോഗത്തിന്റെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും അടുത്തുവരവേയാണ് പുതിയ പ്രസംഗം. 2020 ജൂലൈ 24-നാണ് മഹേശനെ കണിച്ചുകുളങ്ങരയിലെ യോഗം ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇത് പിന്നീട് ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചിരുന്നു.
കെ.കെ മഹേശൻ ആത്മഹത്യ ചെയ്ത കേസിൽ വെള്ളാപ്പള്ളി നടേശൻ ഉൾപ്പടെയുള്ളവരെ പ്രതി ചേർത്ത് പുതിയ കേസെടുക്കാൻ ഈയിടെ കോടതി ഉത്തരവിട്ടിരുന്നു. തുടർന്ന് ആത്മഹത്യാ പ്രേരണയ്ക്കും ഗൂഢാലോചനക്കും മാരാരിക്കുളം പോലീസ് പുതിയ കേസെടുക്കുകയുണ്ടായി. തന്നെയും മകൻ തുഷാറിനെയും യോഗ നേതൃത്വത്തിൽനിന്ന് പുറത്താക്കാനുള്ള ഗുഢാലോചനയുടെ ഭാഗമാണ് പുതിയ കേസെന്നും വെള്ളാപ്പള്ളി ആരോപിച്ചു.