തിരുവനന്തപുരം-ഇനി കൊച്ചുവേളി ടെര്‍മിനസിലെ അസൗകര്യം പറഞ്ഞ് കേരളത്തിലേക്ക് കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കാതിരിക്കാനാവില്ല. തിരുവനന്തപുരത്തെ കൊച്ചുവേളി റെയില്‍വേ ടെര്‍മിനലിന്റെ രണ്ടാം ഘട്ട വികസനം പൂര്‍ത്തിയായി. മൂന്ന് പുതിയ പ്ലാറ്റ്ഫോം ലൈനുകളും ഒരു സ്റ്റേബിളിങ് ലൈനുമാണ് ഒരുങ്ങിയത്. ഇതോടെ മൊത്തം 6 പ്ലാറ്റ്ഫോമുകള്‍, 4 സ്റ്റേബിളിങ് ലൈനുകള്‍, അറ്റകുറ്റപ്പണിക്കുള്ള 3 പിറ്റ്‌ലൈനുകള്‍ എന്നിവയാണു കോച്ചുവേളിയില്‍ സജ്ജമായത്. തിരുവനന്തപുരം ഡിവിഷന് ട്രെയിനുകള്‍ നഷ്ടമാകുന്നത് ഇനി ഒഴിവാകും. ഡിവിഷന്‍ കേന്ദ്രത്തില്‍ ആവശ്യത്തിന് പ്ലാറ്റ്ഫോമുകള്‍ ഇല്ലെന്നത് ആയിരുന്നു പോരായ്മയായി ചൂണ്ടിക്കാട്ടിയിരുന്നത്. ഇതിനാണ് ഇപ്പോള്‍ പരിഹാരമായത്. 2005ല്‍ നടപ്പാക്കേണ്ടിയിരുന്ന മാസ്റ്റര്‍പ്ലാന്‍ പൂര്‍ത്തിയായത് 17 വര്‍ഷത്തിന് ശേഷമാണ്.2005ല്‍ സ്ഥാപിച്ച സ്റ്റേഷനില്‍ മൂന്നാം പ്ലാറ്റ്ഫോമിനു താഴെ ട്രാക്കില്ലെന്നത് ആയിരുന്നു പോരായ്മ. പ്ലാറ്റ്ഫോം ലൈനുകള്‍ തമ്മില്‍ ബന്ധിപ്പിക്കാത്തതിനാല്‍ ട്രെയിനുകളുടെ പ്ലാറ്റ്ഫോം മാറ്റവും ഷണ്ടിങ്ങും ഇവിടെ പ്രയാസമായിരുന്നു. 39 കോടി രൂപ ചെലവിലാണു രണ്ടാം ഘട്ട വികസനം പൂര്‍ത്തിയായത്.കൂടുതല്‍ പ്ലാറ്റ്ഫോം സൗകര്യം വന്നതോടെ ട്രെയിനുകള്‍ അനാവശ്യമായി ഔട്ടറില്‍ പിടിച്ചിടുന്നത് ഒഴിവാക്കാന്‍ കഴിയും.