ദോഹ - താന്‍ കണ്ട വലിയ സ്വപ്‌നങ്ങളുടെ അന്ത്യമായിരുന്നു കഴിഞ്ഞ രാത്രി സംഭവിച്ചതെന്ന് ലോകകപ്പില്‍ നിന്ന് പുറത്തായതിനെക്കുറിച്ച് ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ. പോര്‍ചുഗലിന് വേണ്ടി ലോകകപ്പ് നേടുകയായിരുന്നു എന്റെ കരിയറിലെ ഏറ്റവും വലിയ സ്വപ്‌നവും മോഹവും. ഒരുപാട് കിരീടങ്ങള്‍ ഞാന്‍ നേടിയിട്ടുണ്ട്. അതില്‍ പോര്‍ചുഗലിനു വേണ്ടിയുള്ളതുമുണ്ട്. എന്നാല്‍ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ട്രോഫിയില്‍ പോര്‍ചുഗലിന്റെ പേര് വേണമെന്നായിരുന്നു ആഗ്രഹിച്ചത്.
ആ സ്വപ്‌നത്തിനു വേണ്ടി അങ്ങേയറ്റം പൊരുതി. 16 വര്‍ഷത്തിനിടെ അഞ്ച് ലോകകപ്പുകളില്‍ ഗോളടിച്ചു. ഒരുപാട് വലിയ കളിക്കാരുടെ കൂടെ കളിച്ചു. ലക്ഷണക്കിന് പോര്‍ചുഗീസുകാര്‍ ഞങ്ങളെ പിന്തുണച്ചു. സര്‍വം ഞാന്‍ അതിനായി സര്‍പ്പിച്ചു. അതെല്ലാം കളിക്കളത്തില്‍ പ്രയോഗിച്ചു. പോരാട്ടത്തില്‍ നിന്ന് ഒരിക്കലും പിന്മാറിയില്ല. ആ സ്വപ്‌നത്തില്‍ നിന്ന് തിരിഞ്ഞുനടന്നില്ല. ഒടുവില്‍ എന്റെ സ്വപ്‌നം തകര്‍ന്നു. ആ ചൂടില്‍ പ്രതികരിക്കുന്നതില്‍ അര്‍ഥമുണ്ടായിരുന്നില്ല. പലതും പറയപ്പെട്ടിട്ടുണ്ട്. പലതും എഴുതി, ഊഹാപോഹങ്ങള്‍ പ്രചരിച്ചു. ഒരിക്കലും പോര്‍ചുഗലിനോടുള്ള എന്റെ സമര്‍പ്പണത്തില്‍ തരിമ്പും അയവുണ്ടായിട്ടില്ല. സഹകളിക്കാരെയോ രാജ്യത്തെയോ ദ്രോഹിക്കുന്ന ഒന്നും എന്നില്‍ നിന്നുണ്ടാവില്ല. പോര്‍ചുഗലിന് നന്ദി, ഖത്തറിന് നന്ദി, അവസാനിക്കുന്നതു വരെ ആ സ്വപ്‌നം മനോഹരമായിരുന്നു -ക്രിസ്റ്റിയാനൊ പറഞ്ഞു.