തിരുവനന്തപുരം- സർക്കാർ സേവനങ്ങൾക്ക് ഇനി ഏകജാലക സംവിധാനം. കമ്പ്യൂട്ടറിലും സ്മാർട്ട് ഫോണിലും സൗകര്യപ്രദമായി ലഭ്യമാകുംവിധമാണ് പോർട്ടൽ ക്രമീകരിച്ചിട്ടുണ്ട്. ഒരു യൂസർനെയിമും പാസ്‌വേഡും വഴി എല്ലാ വകുപ്പുകളുടേയും സേവനങ്ങൾ www.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ലഭിക്കും.
വിവിധ വകുപ്പുകളുടെ 60 ഓളം സേവനങ്ങൾ ഇതുവഴി ലഭിക്കും. വൈദ്യുതി ബിൽ, വെള്ളക്കരം, യൂനിവേഴ്‌സിറ്റി ഫീസ് തുടങ്ങിയ അനേകം സേവനങ്ങൾക്ക് പണമടയ്ക്കാനും പോർട്ടൽ വഴി ലഭ്യമാക്കും. പഞ്ചായത്ത്, ഗ്രാമവികസനം, വാട്ടർ അതോറിറ്റി, വി.എച്ച്.എസ്.ഇ, ഇലക്ട്രിസിറ്റി ബോർഡ്, റവന്യൂ, മോട്ടോർ വാഹനം, രജിസ്‌ട്രേഷൻ തുടങ്ങിയ വകുപ്പുകളുടെയും യൂണിവേഴ്‌സിറ്റികളുടെയും സർട്ടിഫിക്കറ്റുകളും ബില്ലുകൾ അടയ്ക്കാനും സൗകര്യമാണ് ഇങ്ങനെ ലഭിക്കുക. എസ്.ബി.ഐയുമായി ഇതിനായി കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. കൂടാതെ 54 ബാങ്കുകളുടെ ബാങ്ക് ടു ബാങ്ക്, ഇൻറർനെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് തുടങ്ങിയ സൗകര്യങ്ങളുമുണ്ടാകും. സർക്കാരിലേക്ക് പണമടയ്ക്കാൻ ഇ-ട്രഷറി വഴിയുള്ള ഏകോപനവും ലഭ്യമാക്കിയിട്ടുണ്ട്.
എല്ലാ സേവനങ്ങൾക്കുമായി പൊതുവായി ഒരുതവണ ഒരു യൂസർ നെയിമും പാസ്‌വേഡും സൃഷ്ടിച്ചുകഴിഞ്ഞാൽ സർക്കാരിലേക്കുള്ള ഏതു അപേക്ഷ സമർപ്പിക്കലും ഫീസടയ്ക്കലും, ബാങ്കിംഗും സൗകര്യപൂർവം നടത്താം. ഇൻറർനെറ്റ് ബാങ്കിംഗ് വഴി പണമടയ്ക്കുന്നതിന് സർവീസ് ചാർജ് ഈടാക്കില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം. പണമിടപാടിൻെറ വിവരങ്ങളും ലഭിക്കും. വിവിധ വകുപ്പുകളിൽ ലഭിക്കുന്ന സേവനങ്ങളും അപേക്ഷകളും വകുപ്പ് തിരിച്ച് ലഭിക്കും.
വിദ്യാഭ്യാസം, സാമൂഹ്യ ക്ഷേമം, ആരോഗ്യസേവനങ്ങൾ, തൊഴിലവസരങ്ങൾ, നൈപുണ്യവികസനം, സംരംഭകത്വസേവനങ്ങൾ, എന്നിവ മനസിലാക്കാനും സേവനങ്ങളിലേക്ക് എത്തിപ്പെടാനും പ്രത്യേകം വിഭാഗങ്ങളുണ്ട്. പുതുസംരംഭങ്ങൾക്കുള്ള ഏകജാലക ക്ലിയറൻസ്, ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് എന്നിവയെപ്പറ്റി അറിയാനും അതത് വിഭാഗങ്ങളിലെത്താനുള്ള ലിങ്കുകളുമുണ്ടാകും.
സർക്കാർ മുഖേനയുള്ള ഇ സേവനങ്ങൾ ജനനം മുതൽ മരണം വരെയുള്ള ക്രമത്തിൽ 'ലൈഫ് ഇവൻറ് മോഡൽ' എന്ന വിഭാഗത്തിൽ ക്രമീകരിച്ചിട്ടുണ്ട്. ഗർഭധാരണസമയം അമ്മയും കുഞ്ഞും പദ്ധതി മുതൽ, സ്‌കൂൾ, പഠന സംബന്ധ അപേക്ഷകൾ, ഉന്നതവിദ്യാഭ്യാസം, തൊഴിലവസരങ്ങൾ, വിവാഹം, വീട്ടാവശ്യ സർട്ടിഫിക്കറ്റുകളും ബില്ലടവുകളും, ജീവിതശൈലി, ആരോഗ്യം, യാത്രാആവശ്യങ്ങൾ, പെൻഷൻ, മരണശേഷമുള്ള മരണ സർട്ടിഫിക്കറ്റ്, അവകാശ സർട്ടിഫിക്കറ്റ് വരെയുള്ളവ വിഭാഗം തിരിച്ച് ക്രോഡീകരിച്ചിട്ടുണ്ട്.
സർക്കാർ സംബന്ധ ഉത്തരവുകൾ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സംബന്ധിച്ച അന്വേഷണങ്ങൾ, മിഷനുകളുടെ വിവരങ്ങൾ എന്നിവയുമുണ്ടാകും. പൊതുജനപങ്കാളിത്തം ഉറപ്പാക്കുംവിധം നവീകരിച്ച പോർട്ടലിൽ സർക്കാരുമായി സംവദിക്കാനും മാർഗങ്ങളുണ്ട്. സംസ്ഥാന ഐ.ടി മിഷൻെറ നേതൃത്വത്തിലാണ് പോർട്ടൽ തയാറാകുന്നത്. ആദ്യം പോർട്ടലിൻെറ ഇംഗ്ലീഷ് പതിപ്പും പിന്നാലെ മലയാളം പതിപ്പും ലഭ്യമാകും.
കേരള സർക്കാരിൻെറ വിവിധ മൊബൈൽ ആപ്പുകളെപ്പറ്റി അറിയാനും ഡൗൺലോഡ് ചെയ്യാനും 'കേരള ആപ്പ് സ്‌റ്റോർ' എന്ന വിഭാഗവും പോർട്ടലിലുണ്ട്. എം-കേരള മൊബൈൽ ആപ്പ് കൂടുതൽ സൗകര്യങ്ങളോടെ വികസിപ്പിച്ച പതിപ്പും ഉടൻ ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾ ഐ.ടി മിഷൻ തുടരുന്നുണ്ട്.