കോഴിക്കോട്- കേരളത്തില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ പതിനൊന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് മഴ കനക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.
മറ്റു ജില്ലകളില്‍ മഴ ശക്തമെങ്കിലും കോഴിക്കോട് നഗരത്തില്‍ ഏറ്റവും സുന്ദരമായ കാലാവസ്ഥയാണ് ഇന്നു പ്രഭാതം മുതല്‍. മഴയും മഴക്കാറുമില്ല. മിഠായിതെരുവിലെ ഞായാറാഴ്ച വിപണി പോലും പതിവിലും സജീവമായി. വെയിലില്ലാത്തതിനാല്‍ കൂള്‍ ബാറുകാര്‍ക്കും ഓട്ടോറിക്ഷക്കാര്‍ക്കുമാണ് കഷ്ടകാലമായത്. കല്യാണ നടത്തിപ്പുകാരും ഷോപ്പിംഗിനെത്തിയവരുമെല്ലാം മികച്ച കാലാവസ്ഥ നന്നായി ആസ്വദിച്ചു.
അതേസമയം, കടലില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്കാണ് മത്സ്യബന്ധനത്തിന് വിലക്ക്. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളിലാണ് വിലക്ക്.
അതേസമയം മാന്‍ദൗസ് ചുഴലിക്കാറ്റിന്റെ ഭാഗമായി തമിഴ് നാടിന്റെയും ആന്ധ്രാപ്രദേശിന്റെയും വിവിധ മേഖലകളില്‍ ഒറ്റപ്പെട്ട കനത്ത മഴ തുടരുകയാണ്. തമിഴ് നാട്ടിലെ ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. നാളെ കൂടി മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. മാന്‍ദൗസ് ചുഴലിക്കാറ്റിന്റെ ഭാഗമായുണ്ടായ ശക്തമായ കാറ്റിലും മഴയിലും അഞ്ചു പേരാണ് തമിഴ്‌നാട്ടില്‍ മരിച്ചത്.