88 ന് ഓളൗട്ട്, ബാംഗ്ലൂരിന് എട്ടോവറിൽ 10 വിക്കറ്റ് ജയം
ഹൈദരാബാദിന് രണ്ടാം സ്ഥാനമുറച്ചു
ഇൻഡോർ - ആയുസ്സ് നിലനിർത്താൻ വിജയം അനിവാര്യമായ ഐ.പി.എൽ മത്സരത്തിൽ പഞ്ചാബ് കിംഗ്‌സ് ഇലവനെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് ചതച്ചരച്ചു. പഞ്ചാബിനെ 15.1 ഓവറിൽ ചുരുട്ടിക്കെട്ടിയ ബാംഗ്ലൂർ 8.1 ഓവറിൽ 10 വിക്കറ്റിന്റെ വിജയം ആഘോഷിച്ചു. ഈ സീസണിലെ രണ്ടാമത്തെ ചെറിയ സ്‌കോറാണ് 88.
കെ.എൽ രാഹുലും (15 പന്തിൽ 21) ക്രിസ് ഗയ്‌ലും (14 പന്തിൽ 18) ഓപണിംഗ് വിക്കറ്റിൽ 27 പന്തിൽ 36 റൺസടിച്ച ശേഷമാണ് പഞ്ചാബ് നാടകീയമായി തകർന്നത്. പിന്നീട് ആരൺ ഫിഞ്ചൊഴികെ (23 പന്തിൽ 26) ആരും മൂന്നിലേറെ സ്‌കോർ ചെയ്തില്ല. ടീം കുത്തനെ തകർന്നിട്ടും ക്യാപ്റ്റൻ ആർ. അശ്വിൻ ഉൾപ്പെടെ മൂന്നു പേർ റണ്ണൗട്ടായത് പഞ്ചാബിന്റെ നിരുത്തരവാദ ബാറ്റിംഗിന്റെ ഉത്തമ ഉദാഹരണമായി. ഉമേഷ് യാദവ് മൂന്നു വിക്കറ്റെടുത്തു (4-0-23-3). മുഹമ്മദ് സിറാജ് (3-0-17-1), സ്പിന്നർ യുസ്‌വേന്ദ്ര ചഹൽ (2-0-6-1), മുഈൻഅലി (2.1-0-13-1), കോളിൻ ഡി ഗ്രാൻഡോം (2-0-8-1) എന്നിവരെല്ലാം ഉജ്വലമായി പന്തെറിഞ്ഞു. ആദ്യ ഓവറിൽ തന്നെ ഗയ്‌ലിനെ പാർഥിവ് പട്ടേൽ കൈവിട്ടിരുന്നു.
പിന്നീട് പഞ്ചാബിന്റെ ബൗളിംഗും അമ്പേ നിരാശപ്പെടുത്തി. തുടക്കം മുതൽ ആഞ്ഞടിച്ച വിരാട് കോഹ്‌ലിയും (28 പന്തിൽ 48 നോട്ടൗട്ട്) പാർഥിവ് പട്ടേലും (22 പന്തിൽ 40) കൈത്തരിപ്പ് തീർക്കും മുമ്പെ ബാംഗ്ലൂർ ലക്ഷ്യം കണ്ടു. അങ്കീത് രാജ്പുത് ഏഴ് പന്തിൽ 21 റൺസും മോഹിത് ശർമ ഒരോവറിൽ 15 റൺസും വഴങ്ങി.
പഞ്ചാബ് ജയിച്ചിരുന്നുവെങ്കിൽ ബാംഗ്ലൂർ പുറത്തായേനേ. അവശേഷിച്ച കളികൾ ജയിക്കുകയും മറ്റ് ഫലങ്ങൾ അനുകൂലമാവുകയുമാണെങ്കിൽ റൺറെയ്റ്റിനെ ആശ്രയിക്കാതെ പോലും ബാംഗ്ലൂരിന് പ്ലേഓഫ് കാണാനാവും. പഞ്ചാബിന് പ്ലേഓഫ് ഉറപ്പാവണമെങ്കിൽ അവശേഷിച്ച രണ്ടു മത്സരങ്ങളും ജയിക്കണം. പഞ്ചാബ് തോറ്റതോടെ സൺറൈസേഴ്‌സ് ഹൈദരാബാദിന് രണ്ടാം സ്ഥാനമെങ്കിലുമുറച്ചു.