Sorry, you need to enable JavaScript to visit this website.

പ്രസവവേദനയാൽ പുളഞ്ഞ യുവതിയെ തുണിമഞ്ചലിൽ ആശുപത്രിയിൽ എത്തിച്ചു; പിന്നാലെ പ്രസവം

പാലക്കാട് - തുണിമഞ്ചലിൽ ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ ഗർഭിണി പ്രസവിച്ചു. അട്ടപ്പാടി കടുകമണ്ണ ഊരിലെ സമുതി മുരുകനാണ് പ്രസവിച്ചത്. റോഡ് സൗകര്യമില്ലാത്തതിനാൽ പ്രസവ വേദനകൊണ്ട് പുളഞ്ഞ സുമതിയെ അർധരാത്രി മൂന്നരകിലോമീറ്റർ തുണിയിൽ കെട്ടി ചുമന്നാണ് ബന്ധുക്കളും പ്രദേശവാസികളും കാട്ടുവഴിയിലൂടെ ആരോഗ്യപ്രവർത്തകരുടെ സഹായത്തോടെ ആംബുലൻസ് വഴി ആശുപത്രിയിൽ എത്തിച്ചത്.
 പുതൂർ പഞ്ചായത്തിലെ പ്രാക്തന ഗോത്രവർഗ്ഗക്കാരായ കുറുമ്പർ താമസിക്കുന്ന ഊരാണ് കടുക് മണ്ണ. ഇവിടെ താമസിക്കുന്നവർക്ക് പുറംലോകത്ത് എത്താൻ ഭവാനിപ്പുഴയുടെ കുറുകെയുള്ള ഒരു തൂക്കുപാലത്തിലൂടെയും ശേഷം മൂന്നര കിലോമീറ്റർ കാട്ടിലൂടെയും സഞ്ചരിക്കണം. 
 രാത്രി ആനയിറങ്ങുന്ന സ്ഥലം കൂടിയാണിത്. രാത്രി 12 മണിയോടെ പ്രസവ വേദന ആരംഭിച്ച ഉടനെ ആംബുലൻസിനായി യുവതിയുടെ ബന്ധുക്കൾ പലരെയും ബന്ധപ്പെട്ടു. എന്നാൽ ആനയിറങ്ങുന്നതിനാലും റോഡ് മോശമായതിനാലും ആംബുലൻസോ സ്വകാര്യ വാഹനങ്ങളോ എത്തിയില്ല. ശേഷം പുലർച്ചെ 2.30നാണ് കോട്ടത്തറയിൽ നിന്നും ആംബുലൻസ് എത്തിയത്. റോഡ് മോശമായതിനാൽ ആനവായ് എന്ന സ്ഥലം വരെയാണ് ആംബുലൻസിന് എത്താനായുള്ളൂ. അതിനാൽ ആനവായ വരെയുളള ദൂരം യുവതിയെ ബന്ധുക്കളും മറ്റും ചേർന്ന് തുണിയിൽ കെട്ടി ചുമന്ന് കൊണ്ടുപോകുകയായിരുന്നു. 
 മഴ മൂലം തെന്നിക്കിടന്ന കുത്തിറക്കമിറങ്ങി, കാട്ടാന ശല്യം വകവക്കാതെയാണ് നാട്ടുകാർ ദുർഘടമായ വഴികളിലൂടെ പുലർച്ചെ അഞ്ചോടെ യുവതിയെ ആനവായ് എത്തിച്ചത്. തുടർന്ന് അവിടെനിന്നും ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പിന്നാലെ യുവതി പ്രസവിക്കുകയും ചെയ്തു. 

Latest News