കണ്ണൂര്‍-ശശി തരൂരിനെ പിന്തുണച്ച് കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസിന്റ പ്രമേയം. അനാവശ്യ ഭ്രഷ്ട് ആത്മഹത്യാപരവും താന്‍ പോരിമയുമാണെന്നും ഭ്രഷ്ട് കൊണ്ട് നേതാവിന്റെ ജനപിന്തുണ ഇല്ലാതാകില്ലെന്നും പ്രമേയം. കാലത്തിന്റെ ചുവരെഴുത്ത് വായിക്കാന്‍ നേതാക്കള്‍ തയ്യാറാകണം. പൊതുശത്രുവിനെതിരെയുള്ള പോരാട്ടത്തിന് ഉപകാരപ്പെടുന്നവര്‍ മാറ്റിനിര്‍ത്തപ്പെടുന്നു. തരൂരിനെ സ്വീകരിച്ച കണ്ണൂരിലെ നേതൃത്വം അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് പ്രമേയത്തില്‍ പറയുന്നു.
നേതാക്കളുടെ 'അമ്മാവന്‍ സിന്‍ഡ്രോം' മാറണമെന്നും പ്രമേയത്തിലുണ്ട്. മാടായിപ്പാറയില്‍ നടക്കുന്ന ജില്ലാ നേതൃ ക്യാംപിലാണ് തരൂരിന് പിന്തുണ നല്‍കിയും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ചും യൂത്ത് കോണ്‍ഗ്രസ് പ്രമേയം അവതരിപ്പിച്ചത്. വിലക്കുകൊണ്ട് ജനപിന്തുണ ഇല്ലാതാക്കാനാവില്ലെന്ന് നേതാക്കള്‍ മനസിലാക്കണം. സ്വന്തം ബൂത്തില്‍ പോലും ഇടപെടല്‍ നടത്താതെ അഖിലേന്ത്യാ തലത്തില്‍ പൂമ്പാറ്റയായി മാറുന്ന നേതാക്കളെ കൊണ്ട് പാര്‍ട്ടിക്ക് എന്താണ് ഗുണമെന്ന് പ്രമേയത്തില്‍ ചോദിക്കുന്നു.സമര മുഖങ്ങളിലെ ആവേശം ക്യാമറ ആംഗിളുകള്‍ക്ക് അനുസരിച്ചാവുന്നത് ലജ്ജാകരമാണ്. ചാനല്‍ ക്യാമറകള്‍ക്ക് മുന്നിലെ നേതാക്കളുടെ വണ്‍ മാന്‍ ഷോ അവസാനിപ്പിക്കണം. യുവ നേതാക്കള്‍ വളര്‍ന്നു വരരുതെന്ന് കരുതുന്ന മാടമ്പി സ്വഭാവമുള്ള ചില നേതാക്കള്‍ പാര്‍ട്ടിയിലുണ്ടന്നും സംഘടനാ പ്രമേയത്തില്‍ വ്യക്തമാക്കുന്നു.