കോഴിക്കോട്- ഖത്തറില്‍ ലോകകപ്പ് ആരംഭിച്ചപ്പോള്‍ ആവേശം അലയടിച്ചത് ഇങ്ങ് കേരളത്തിലായിരുന്നു. പ്രിയതാരങ്ങളുടെ കൂറ്റന്‍ കട്ടൗട്ടുകളും ഫാന്‍ ഫൈറ്റുമെല്ലാം ലോകകപ്പിനേക്കാള്‍ വലിയ പോരാട്ടം ഗ്രൂപ്പ് ഘട്ടം മുതല്‍ കണ്ടു. ഇതില്‍ ഏറെ ശ്രദ്ധേയമായത് കോഴിക്കോട് ജില്ലയിലെ പുള്ളാവൂര്‍ പുഴയില്‍ ഉയര്‍ന്ന കട്ടൗട്ടുകളായിരുന്നു. ആദ്യം മെസിയുടെ കട്ടൗട്ടായിരുന്നു പുഴയില്‍ ഉയര്‍ന്നത്. പിന്നാലെ വിട്ടുകൊടുക്കാതെ നെയ്മറും ക്രിസ്റ്റ്യാനോയുമെല്ലാം പുഴയില്‍ നെഞ്ചുവിരിച്ച് നിന്നു. കട്ടൗട്ടുകള്‍ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്നുവെന്നും നീക്കം ചെയ്യണമെന്നുമൊക്കെയായി പുള്ളാവൂരില്‍ മെസിയും നെയ്മറും ക്രിസ്റ്റ്യാനോയും മലയാളികളുടെ ഫുട്ബോള്‍ ചര്‍ച്ചകളില്‍ ഇടംപിടിച്ചു.മത്സരങ്ങള്‍ സെമിയിലേക്ക് കടക്കുമ്പോള്‍ ആരാധകരുടെ പ്രതീക്ഷകള്‍ക്കും പ്രവചനങ്ങള്‍ക്കും വിരുദ്ധമായ ഞെട്ടിക്കുന്ന സംഭവങ്ങളാണ് ലോകകപ്പില്‍ അരങ്ങേറുന്നത്. ആദ്യ മത്സരത്തില്‍ സൗദിയോട് പരാജയപ്പെട്ട് അര്‍ജന്റീന നിരാശപ്പെടുത്തിയെങ്കിലും സെമി ചിത്രങ്ങള്‍ തെളിഞ്ഞു വരുമ്പോള്‍ ആദ്യം ഇടം നേടിയത് അര്‍ജന്റീനയാണ്.
ആദ്യ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ക്രൊയേഷ്യയോട് ജീവന്മരണ പോരാട്ടം നടത്തിയെങ്കിലും നെയ്മറിന്റേയും റിച്ചാര്ലിസന്റേയും ബ്രസീല്‍ ലോകകപ്പിനോട് കണ്ണീരോടെ വിടപറഞ്ഞു. പരാജിതനായി കരഞ്ഞു കൊണ്ടുള്ള നെയ്മറിന്റെ മടക്കം ബ്രസീല്‍ ആരാധകരുടെ മനസ്സില്‍ അടുത്ത നാല് വര്‍ഷവും വിങ്ങുന്ന ചിത്രമായിരിക്കും.