മലപ്പുറം-ഖത്തര്‍ ലോകകപ്പില്‍ കിരീടപ്രതീക്ഷകളുമായി എത്തിയ ബ്രസീല്‍ ക്വാര്‍ട്ടറില്‍ പുറത്തായതോടെ ആരാധകര്‍ക്കു
നിരാശ. ഷൂട്ടൗട്ടില്‍ ക്രൊയേഷ്യയോടു തോല്‍ക്കുകയായിരുന്നു ബ്രസീല്‍. ഒരുപാട് പ്രതീക്ഷകളായിരുന്നു ഇക്കുറിയും ബ്രസീല്‍ ആരാധകര്‍ക്ക്. ഇത്തവണ ബ്രസീല്‍ ജേതാക്കളാകുമെന്നു ആരാധകര്‍ ഉറച്ചുവിശ്വസിച്ചു. അതിനുതക്ക പ്രതിഭകളായിരുന്നു ടീമില്‍ അണിനിരന്നത്. പരിക്കുമാറി നെയ്മര്‍ തിരിച്ചെത്തിയതോടെ കാര്യങ്ങള്‍ ശുഭകരമാകുമെന്നു ആരാധകര്‍ കരുതി. എന്നാല്‍ ക്രൊയേഷ്യയോടു ഒരു ഗോളിനു മുന്നിട്ടു നിന്നു പിന്നീട് സമനില വഴങ്ങി, തുടര്‍ന്നു ഷൂട്ടൗട്ടില്‍ തോല്‍ക്കാനായിരുന്നു മഞ്ഞപ്പടയുടെ വിധി. നാടൊട്ടുക്കു ഫാന്‍സുള്ള ടീമാണ് ബ്രസീല്‍. അതുപോലെ അര്‍ജന്റീനയും. ലാറ്റിനമേരിക്കയിലെ ഈ രണ്ടു രാജ്യങ്ങള്‍ക്കാണ് കൂടുതലും ആരാധകരുള്ളത്. എന്നാല്‍ അര്‍ജന്റീന നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ചു സെമിയിലെത്തിയപ്പോള്‍, ബ്രസീല്‍ ക്രൊയേഷ്യയോടു തോറ്റു പുറത്താവുകയായിരുന്നു. ഇതാണ് ജില്ലയിലെ ആരാധകരെ ഏറെ വിഷമിപ്പിക്കുന്നത്.
ഖത്തറില്‍ കളി ആരംഭിക്കുന്നതിനു മുമ്പേ ബ്രസീലിനോടുള്ള ആരാധന മൂത്ത് ജില്ലയിലെ ആരാധകര്‍ തെരുവുമുഴുവന്‍
ഫഌക്‌സ് ബോര്‍ഡുകളും കട്ടൗട്ടുകളും സ്ഥാപിച്ചു. എവിടെ നോക്കിയാലും മെസിയും നെയ്മറും അടക്കമുള്ള ഫഌക്‌സ് ബോര്‍ഡുകളായിരുന്നു കാണപ്പെട്ടിരുന്നത്. കൂടാതെ കൊടിത്തോരണങ്ങളും. രാത്രിയില്‍ ഉറക്കമൊഴിച്ചു കളി കാണുക
മാത്രമല്ല, ബ്രസീലിനായി ആരാധകര്‍ അലറിവിളിച്ചു പ്രോത്സാഹിപ്പിച്ചു. ഗ്രൂപ്പ് മത്സരത്തില്‍ കാമറൂണിനെതിരേ പരാജയപ്പെട്ടപ്പോഴും ആരാധകര്‍ അതൊന്നും മുഖവിലക്കെടുത്തില്ല. ബ്രസീല്‍ കരുത്തരാണ് കപ്പു നേടുമെന്നു അവര്‍ വിശ്വസിച്ചു. ഗ്രൂപ്പ് ഘട്ടവും പ്രീക്വാര്‍ട്ടറും കടന്ന പോയ ബ്രസീലിനു പക്ഷേ, ക്വാര്‍ട്ടറില്‍ കാലിടറി. എത്രമാത്രം ഒരുക്കങ്ങളാണ് ആരാധകര്‍ ഇക്കുറി നടത്തിയത്. സംഘം ചേര്‍ന്നു പണം സ്വരൂപിച്ച് ഫഌസ്‌ക്‌സ് ബോര്‍ഡുകള്‍ ഉയര്‍ത്താന്‍ മത്സരിക്കുകയായിരുന്നു. ഏറ്റവും വലിപ്പമുള്ള ബോര്‍ഡുകള്‍ തന്നെ സ്ഥാപിക്കണമെന്നു ഓരോ പ്രദേശത്തെയും ബ്രസീല്‍ ഫാന്‍സുകാര്‍ മത്സരിച്ചു. ഇതിനിടെ ബ്രസീലിനായി പന്തയം വച്ചവര്‍ക്കും പണിയായി. ബ്രസീല്‍ തോറ്റതോടെ അവര്‍ക്കുവാക്കു പാലിച്ചേ മതിയാകൂ. ഫുട്‌ബോള്‍ ആവേശം മലപ്പുറം ജില്ലയില്‍ ഇപ്പോള്‍ പഴയപോലെയല്ല, സ്ത്രീകളടക്കം ബ്രസീലിന്റെയും അര്‍ജന്റീനയുടെയും ആരാധകരായി മാറി കഴിഞ്ഞു. രാത്രി ടിവിയില്‍ കളികാണാന്‍ പലയിടത്തും സ്ത്രീകളുടെ പങ്കാളിത്തം കാണപ്പെട്ടിരുന്നു. ഏതായാലും നെയ്മറും സംഘവും പോയികഴിഞ്ഞു..