Sorry, you need to enable JavaScript to visit this website.

നസീരി ഗോളില്‍  മൊറോക്കൊ മുന്നില്‍

ദോഹ - ലോകകപ്പ് ഫുട്‌ബോളിന്റെ സെമി ഫൈനല്‍ കളിക്കുന്ന ആദ്യ ആഫ്രിക്കന്‍, അറബ് ടീമാവാമെന്ന മൊറോക്കോയുടെ സ്വപ്‌നത്തിന് ജീവന്‍. പോര്‍ചുഗലിനെതിരെ യൂസുഫ് അന്നസീരിയുടെ തകര്‍പ്പന്‍ ഹെഡറില്‍ മൊറോക്കോ മുന്നിലെത്തി. പതിഞ്ഞ താളത്തില്‍ മുന്നേറിയ കളിക്ക് ഇടവേളക്ക് അല്‍പം മുമ്പാണ് ജീവന്‍ വെച്ചത്. മൊറോക്കൊ ഗോളടിച്ചതിന് തൊട്ടുപിന്നാലെ പോര്‍ചുഗല്‍ ഗോള്‍ മടക്കേണ്ടതായിരുന്നു. ജോ ഫെലിക്‌സിന്റെ ഷോട്ട് ക്രോസ്ബാറിനിടിച്ച് തെറിച്ചു. മറുവശത്ത് ഹജ്ജതുല്ലയും മികച്ച അവസരം പാഴാക്കി. 
അറബ്, ആഫ്രിക്കന്‍ ലോകത്തിന്റെ മുഴുവന്‍ പിന്തുണയോടെയാണ് മൊറോക്കൊ പൊരുതുന്നത്. അറബ് ലോകത്ത് നടക്കുന്ന ആദ്യ ലോകകപ്പില്‍ അറബ് ലോകത്തിന്റെ ആദ്യ ക്വാര്‍ട്ടര്‍ പ്രതിനിധികളാണ് മൊറോക്കൊ. അറബ് ലോകത്തിന്റെ മാത്രമല്ല ആഫ്രിക്കയുടെയും പിന്തുണയുണ്ട് മൊറോക്കോക്ക്. ആഫ്രിക്കയില്‍ നിന്ന് കാമറൂണും (1990) സെനഗാലും (2002) ഘാനയും (2010) മാത്രമേ ഇതിനു മുമ്പ് ക്വാര്‍ട്ടര്‍ കളിച്ചിട്ടുള്ളൂ. മൂന്നു ടീമും തോറ്റു. അതിനാല്‍ മൊറോക്കോയെ കാത്തിരിക്കുന്നത് അപൂര്‍വ അവസരമാണ്. യൂറോപ്പിനും ലാറ്റിനമേരിക്കക്കും പുറത്തു നിന്ന് ലോകകപ്പ് ക്വാര്‍ട്ടറിലെത്തിയ ഏക ടീം കൂടിയാണ് അവര്‍. സ്‌പെയിനിനെതിരായ അവരുടെ ഷൂട്ടൗട്ട് ജയം ലോകമെങ്ങുമുള്ള മൊറോക്കൊ വംശജര്‍ക്ക് ആവേശം പകര്‍ന്നു. 
മൊറോക്കൊ കോച്ച് വലീദ് റഖ്‌റഖി ഫ്രാന്‍സിലാണ് ജനിച്ചത്, ഇരുപത്താറംഗ ടീമില്‍ 12 പേര്‍ മാത്രമാണ് മൊറോക്കോയില്‍ ജന്മം കൊണ്ടത്. മറ്റൊരു ടീമിലും ഇത്ര 'വിദേശി'കളില്ല. ഒരു ഗോള്‍ മാത്രമാണ് ടൂര്‍ണമെന്റില്‍ മൊറോക്കൊ വഴങ്ങിയത്,  അതൊരു സെല്‍ഫ് ഗോളായിരുന്നു. പിന്‍നിരയില്‍ അശ്‌റഫ് ഹകീമിയും മധ്യനിരയില്‍ സുഫ്‌യാന്‍ അംറാബത്തും വിംഗുകളില്‍ ഹകീം സിയേഷ്, സുഫിയാന്‍ ബൂഫല്‍ എന്നിവരും മുന്‍നിരയില്‍ യൂസുഫ് അന്നസീരിയുമാണ് മൊറോക്കോയുടെ കരുത്ത്. നസീരിയുടെ ഓട്ടം ഡിഫന്റര്‍മാരെ തളര്‍ത്തും. എന്നാല്‍ അംറാബത്തിന് പുറംവേദനയുണ്ട്. സ്‌പെയിനിനെതിരെ കളിച്ചത് വേദനാസംഹാരി കുത്തിവെച്ചാണ്. 

Latest News