മൊറോക്കൊ-പോര്‍ചുഗല്‍
ശനിയാഴ്ച വൈകു: 6.00
ദോഹ -അറബ് ലോകത്തിന്റെ മുഴുവന്‍ പിന്തുണയോടെ മൊറോക്കൊ ഇന്ന് ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പോര്‍ചുഗലിന്റെ പറങ്കിവീര്യത്തെ നേരിടുന്നു. അറബ് ലോകത്ത് നടക്കുന്ന ആദ്യ ലോകകപ്പില്‍ അറബ് ലോകത്തിന്റെ ആദ്യ ക്വാര്‍ട്ടര്‍ പ്രതിനിധികളാണ് മൊറോക്കൊ. അറബ് ലോകത്തിന്റെ മാത്രമല്ല ആഫ്രിക്കയുടെയും പിന്തുണയുണ്ടാവും മൊറോക്കോക്ക്. ആഫ്രിക്കയില്‍ നിന്ന് കാമറൂണും (1990) സെനഗാലും (2002) ഘാനയും (2010) മാത്രമേ ഇതിനു മുമ്പ് ക്വാര്‍ട്ടര്‍ കളിച്ചിട്ടുള്ളൂ. മൂന്നു ടീമും തോറ്റു. അതിനാല്‍ മൊറോക്കോയെ കാത്തിരിക്കുന്നത് അപൂര്‍വ അവസരമാണ്. യൂറോപ്പിനും ലാറ്റിനമേരിക്കക്കും പുറത്തു നിന്ന് ലോകകപ്പ് ക്വാര്‍ട്ടറിലെത്തിയ ഏക ടീം കൂടിയാണ് അവര്‍. സ്‌പെയിനിനെതിരായ അവരുടെ ഷൂട്ടൗട്ട് ജയം ലോകമെങ്ങുമുള്ള മൊറോക്കൊ വംശജര്‍ക്ക് ആവേശം പകര്‍ന്നു.
മൊറോക്കൊ കോച്ച് വലീദ് റഖ്‌റഖി ഫ്രാന്‍സിലാണ് ജനിച്ചത്, ഇരുപത്താറംഗ ടീമില്‍ 12 പേര്‍ മാത്രമാണ് മൊറോക്കോയില്‍ ജന്മം കൊണ്ടത്. മറ്റൊരു ടീമിലും ഇത്ര 'വിദേശി'കളില്ല. ഒരു ഗോള്‍ മാത്രമാണ് ടൂര്‍ണമെന്റില്‍ മൊറോക്കൊ വഴങ്ങിയത്, അതൊരു സെല്‍ഫ് ഗോളായിരുന്നു. പിന്‍നിരയില്‍ അശ്‌റഫ് ഹകീമിയും മധ്യനിരയില്‍ സുഫ്‌യാന്‍ അംറാബത്തും വിംഗുകളില്‍ ഹകീം സിയേഷ്, സുഫിയാന്‍ ബൂഫല്‍ എന്നിവരും മുന്‍നിരയില്‍ യൂസുഫ് അന്നസീരിയുമാണ് മൊറോക്കോയുടെ കരുത്ത്. നസീരിയുടെ ഓട്ടം ഡിഫന്റര്‍മാരെ തളര്‍ത്തും. എന്നാല്‍ അംറാബത്തിന് പുറംവേദനയുണ്ട്. സ്‌പെയിനിനെതിരെ കളിച്ചത് വേദനാസംഹാരി കുത്തിവെച്ചാണ്. ക്യാപ്റ്റന്‍ റുമയ്ന്‍ സായിസിനും സെന്റര്‍ബാക്ക് നാഇഫ് അഖരിദിനും കളിക്കാനാവുമോയെന്ന് സംശയമാണ്.
പോര്‍ചുഗലിന് ആ പ്രശ്‌നമൊന്നുമില്ല. പ്രതിഭാസമ്പന്നമാണ് അവരുടെ നിര. ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ, ജോ കാന്‍സേലൊ, റൂബന്‍ നവാസ് തുടങ്ങിയ കളിക്കാരെയാണ് പ്രി ക്വാര്‍ട്ടറില്‍ ബെഞ്ചിലിരുത്തിയത്. പോര്‍ചുഗല്‍ മൂന്നാം തവണയാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇറങ്ങുക. 2006 ലാണ് അവസാനം ക്വാര്‍ട്ടറിലെത്തിയത്. അന്ന് അവര്‍ ഇംഗ്ലണ്ടിനെ തോല്‍പിച്ച് സെമി ഫൈനലിലെത്തി.