Sorry, you need to enable JavaScript to visit this website.

VIDEO ഓടാന്‍ വേണ്ടി വിമാനം കയറിയ പ്രവാസി

ജിദ്ദ- കായിക മന്ത്രാലയത്തിന്റെ പിന്തുണയോടെ സൗദി സ്‌പോര്‍ട്‌സ് ഫോര്‍ ഓള്‍ ഫെഡറേഷന്‍ സംഘടിപ്പിച്ച ഹാഫ് മാരത്തണില്‍ ഖമീസ് മുഷൈത്തില്‍നിന്നെത്തിയ പ്രവാസി റസാഖ് കിണാശ്ശേരിയും പങ്കെടുത്തു. ഓട്ടത്തില്‍ പങ്കെടുക്കാന്‍ മാത്രം ഖമീസില്‍നിന്ന് വിമാനം കയറി എത്തിയെന്നതാണ് കലാ സാംസ്‌കാരിക രംഗങ്ങളിലും വ്യക്തി മുദ്ര പതിപ്പിച്ച ഈ കിണാശ്ശേരിക്കാരന്റെ പ്രത്യേകത.
കളരിയില്‍നിന്നും കരാട്ടേയില്‍നിന്നും ഇപ്പോള്‍ ഓട്ടത്തിലെത്തിയിരിക്കുന്ന ഇദ്ദേഹത്തിന് എവിടെ മാരത്തണ്‍ നടന്നാലും അതില്‍ പങ്കെടുക്കാന്‍ മോഹമുദിക്കും.
സൗദി അത്‌ലറ്റിക് ഫെഡറേഷന്‍, ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാം എന്നിവയുടെ സഹകരണത്തോടെ സൗദി സ്‌പോര്‍ട്‌സ് ഫോര്‍ ഓള്‍ ഫെഡറേഷന്‍ (എസ്.എഫ്.എ) ശനിയാഴ്ച രാവിലെ സംഘടിപ്പിച്ച 21 കി.മീ ഹാഫ് മാരത്തണിലും എല്ലാ പ്രായക്കാര്‍ക്കുമായുള്ള നാല് കിമീ ഫാമിലി ഫണ്‍ റണിലും പങ്കെടുത്ത ശേഷം രണ്ട് പങ്കാളത്ത മെഡലുകളും തൂക്കി മടങ്ങിയപ്പോള്‍ റസാഖ് കിണാശ്ശേരിക്ക് നിറഞ്ഞ സംതൃപ്തി.
ഖമീസിലെ ജോലിത്തിരക്കിനിടയില്‍ ഓടാന്‍ വേണ്ടി മാത്രമാണോ ജിദ്ദയിലെത്തിയതെന്ന ചോദ്യത്തിന് അതെ എന്നു മറുപടി. ഒരു ദിവസം മുമ്പെ എത്തി ഉംറ നിര്‍വഹിച്ചതായും അദ്ദേഹം പറഞ്ഞു. കൂടെയുള്ള ജോലിക്കാരെ ഏല്‍പിച്ചിട്ടാണ് ഖമീസില്‍നിന്ന് വന്നതെങ്കിലും അവിടെയുള്ള ഫാബ്രിക്കേഷന്‍ ജോലികളെ കുറിച്ചുള്ള ടെന്‍ഷന്‍ ഇല്ലാതില്ല. പക്ഷേ, എല്ലാ ടെന്‍ഷനും മറികടക്കാന്‍ കായിക രംഗമാണ് നല്ല മരുന്നെന്നും എല്ലാ പ്രവാസികളോടും നടത്തത്തിലും വ്യായാമത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറയുന്നു.
പ്രായം കൂടി കണക്കിലെടുത്ത് മാര്‍ഷ്യല്‍ ആര്‍ട്‌സില്‍നിന്ന് ഓട്ടത്തിലേക്ക് മാറിയിരിക്കുന്ന റസാഖ് എല്ലാ ദിവസവും കൃത്യമായി വ്യായാമം ചെയ്യുന്നു. ട്രെയിനര്‍ രാഗേഷ് കുന്നത്ത്  നാട്ടിലാണെങ്കിലും വാട്‌സാപ്പ് വഴി ലഭിക്കുന്ന നിര്‍ദേശങ്ങള്‍ എല്ലാ ദിവസവും കൃത്യമായി ചെയ്യുന്നു. സൗദി ദേശീയ ദിനത്തില്‍ ഒ.ഐ.സി.സി സംഘടിപ്പിച്ച ഖമീസ്-അബഹ (30 കി.മീ) മാരത്തണിലും പരസ്പര ബന്ധം വളര്‍ത്തുന്നതിന്റെ ഭാഗമായി നടന്ന കാറ്റ് വാക്കിലും പങ്കെടുത്തു.
സംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും സജീവമായ റസാഖ് കിണാശ്ശേരി ഗാനരചനയിലൂടെയും ഷോര്‍ട്ടി ഫിലിം നിര്‍മാണത്തിലൂടെയും ശ്രദ്ധേയനാണ്.  കോവിഡ് കാലത്ത് ഒരു വര്‍ഷം നാട്ടിലായിരുന്നപ്പോള്‍ കോഴിക്കോട് ബീച്ചില്‍ ശുചീകരണത്തിനു മുന്നിട്ടിറങ്ങിയും റസാഖ് ശ്രദ്ധ നേടിയിരുന്നു.

 

Latest News