കൊച്ചി- പരസ്പര ധാരണയില്‍ വിവാഹമോചനത്തിന് അപേക്ഷിക്കുന്ന ദമ്പതികള്‍ക്ക് ഒരു വര്‍ഷം കാത്തിരിക്കേണ്ടി വരുന്നത് അംഗീകരിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. ദമ്പതികള്‍ക്ക് വിവാഹമോചനത്തിന് അപേക്ഷിക്കാന്‍ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിടണം എന്ന വ്യവസ്ഥയെ ആണ് ഹൈക്കോടതി വിമര്‍ശിച്ചത്.
പരസ്പര സമ്മതത്തോടെയുള്ള വിവാഹ മോചനത്തിനായി വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കാത്തിരിക്കണമെന്ന നിബന്ധന മൗലികാവകാശങ്ങളുടെ ലംഘനവും, ഭരണഘടന വിരുദ്ധവുമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഈ വ്യവസ്ഥ ചൂണ്ടിക്കാട്ടി തങ്ങളുടെ വിവാഹമോചന അപേക്ഷ നിരസിച്ച കുടുംബ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത ദമ്പതികളുടെ ഹര്‍ജി പരിഗണിക്കുമ്പോള്‍ ആണ് ഹൈക്കോടതിയില്‍ നിന്നും ഈ വിമര്‍ശനം ഉണ്ടായത്. അപേക്ഷ അടിയന്തരമായി പരിഗണിക്കാനും രണ്ടാഴ്ചയ്ക്കകം വിവാഹമോചന ഹര്‍ജി തീര്‍പ്പാക്കാനും ബന്ധപ്പെട്ട കുടുംബ കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. തിരുവനന്തപുരം സ്വദേശി ആയ യുവാവും, എറണാകുളം സ്വദേശിനിയായ യുവതിയുമാണ് കുടുംബക്കോടതിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്.