റിയാദ്- നിരവധി ഓൺലൈൻ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് ഉപയോക്താക്കളെ സഹായിക്കുന്ന പരിഷ്‌കരിച്ച ആപ്ലിക്കേഷൻ ജവാസാത്ത് ഡയറക്ടറേറ്റ് പുറത്തിറക്കി. ഹജ് നിർവഹിക്കുന്നതിനുള്ള അവകാശം അന്വേഷിച്ചറിയൽ, ജവാസാത്തിൽ അപേക്ഷ നൽകിയ നടപടിക്രമങ്ങളുടെ പുരോഗതി അന്വേഷിച്ചറിയൽ, ജവാസാത്ത് ഓഫീസിനെ നേരിട്ട് സമീപിക്കുന്നതിനുള്ള അപ്പോയിന്റ്‌മെന്റ് സേവനം, പുതിയ വിസയിൽ എത്തിയ തൊഴിലാളികളെയും വിസിറ്റ് വിസയിൽ എത്തിയവരെയും കുറിച്ച അന്വേഷണങ്ങൾ, വിദേശികളുടെ ആരോഗ്യ ഇൻഷുറൻസ് കാലാവധി അന്വേഷണം, വിരലടയാളം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തൽ, ഇഖാമ കാലാവധി അന്വേഷിച്ചറിയൽ, റീ-എൻട്രി വിസ ഇനവും കാലാവധിയും അറിയൽ എന്നിവ അടക്കമുള്ള സേവനങ്ങൾ ആപ്പ് വഴി ലഭിക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പോർട്ടലിൽ പ്രവേശിച്ച് സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും ഏറ്റവും സമീപത്തുള്ള ജവാസാത്ത് ഡയറക്ടറേറ്റ് ഓഫീസുകൾ നിർണയിക്കുന്നതിനും ആപ്ലിക്കേഷൻ ഉപയോക്താക്കളെ സഹായിക്കും.