ബ്രസീല്‍ 1 (2)-ക്രൊയേഷ്യ 1 (4)
ദോഹ - ഈ ലോകകപ്പ് നേടുമെന്നു കരുതപ്പെട്ട ബ്രസീല്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിന്റെ നാടകത്തിനൊടുവില്‍ നാട്ടിലേക്കു മടങ്ങും. കരളുറപ്പിന്റെ മറ്റൊരു വീരഗാഥ രചിച്ച് ക്രൊയേഷ്യ തുടര്‍ച്ചയായ രണ്ടാമത്തെ ലോകകപ്പിലും സെമി ഫൈനലിലെത്തി. ഷൂട്ടൗട്ടില്‍ ഗോളി ഡൊമിനിക് ലിവാകോവിച് ഒരിക്കല്‍കൂടി അവരുടെ രക്ഷക്കെത്തി. 2002 നു ശേഷം കിരീടത്തിനായുള്ള ബ്രസീലിന്റെ കാത്തിരിപ്പ് നാലു വര്‍ഷം കൂടി നീളും. നിശ്ചിത സമയത്ത് ഗോള്‍ പിറക്കാതിരുന്ന കളി എക്‌സ്ട്രാ ടൈമിലാണ് തീപ്പിടിച്ചത്. എക്‌സ്ട്രാ ടൈം ആദ്യ പകുതിയുടെ അവസാന സെക്കന്റുകളില്‍ നെയ്മാറിന്റെ സെന്‍സേഷനല്‍ ഗോളടിച്ച ബ്രസീല്‍ സെമിയിലേക്ക് കാലുനീട്ടിയതായിരുന്നു. എന്നാല്‍ 116ാം മിനിറ്റില്‍ മത്സരത്തിലെ ഗോളിലേക്കുള്ള തങ്ങളുടെ ആദ്യ ഷോട്ടില്‍ ക്രൊയേഷ്യ ഗോള്‍ മടക്കി. ബ്രൂണൊ പെറ്റ്‌കോവിച് ബോക്‌സിന് മുന്നില്‍ നിന്ന് പറത്തിയ ഷോട്ട് മാര്‍ക്വിഞ്ഞോസിന്റെ കാലില്‍ തട്ടിത്തിരിഞ്ഞ് ഗോളി അലിസനെ കീഴടക്കി. അവസാന സെക്കന്റുകളില്‍ നെയ്മാറിന്റെ ഫ്രീകിക്കില്‍ കസിമീരോയുടെ ഷോട്ട് ഗോളി ലിവാകോവിച് തടുത്തതോടെ കളി ഷൂട്ടൗട്ടിലേക്ക് നീണ്ടു.
ഷൂട്ടൗട്ടില്‍ ക്രൊയേഷ്യയാണ് ആദ്യ കിക്കെടുത്തത്. നിക്കോള വ്‌ലാസിച് ഗോളാക്കി. റോഡ്രിഗൊ എടുത്ത ബ്രസീലിന്റെ ഷോട്ട് ഗോളി ലിവാകോവിച് ഡൈവ് ചെയ്തു തടുത്തു. ക്രൊയേഷ്യയുടെ അടുത്ത മൂന്നു കിക്കും ഗോളായി. ലോവ്‌റൊ മെയറും ലൂക്ക് മോദ്‌റിച്ചും മിസലോവ് ഓര്‍സിച്ചും ലക്ഷ്യം കണ്ടു. ബ്രസീലിന്റെ കസീമിരോ, പെഡ്രൊ എന്നിവര്‍ക്കും പിഴച്ചില്ല. എന്നാല്‍ മാര്‍ക്വിഞ്ഞോസിന്റെ നാലാമത്തെ കിക്ക് പോസ്റ്റിനിടിച്ചു മടങ്ങി.
ക്രൊയേഷ്യയുടെ അതിധീരമായ ചെറുത്തുനില്‍പ്് നെയ്മാറിന്റെ സൂപ്പര്‍ സ്‌പെഷ്യല്‍ ഗോളില്‍ മറികടന്നുവെന്നാണ് ബ്രസീല്‍ കരുതിയത്. നിശ്ചിത സമയത്ത് ഗോള്‍ പിറക്കാതിരുന്ന കളി എക്‌സ്ട്രാ ടൈമിലാണ് തീപ്പിടിച്ചത്. ബ്രൂണൊ പെറ്റ്‌കോവിച്ചിന്റെ ഷോട്ട് ബ്രസീല്‍ ഡിഫന്റര്‍ മാര്‍ക്വിഞ്ഞോസിന്റെ കാലില്‍ തട്ടിത്തിരിഞ്ഞ് ഗോളായതോടെ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ ഷൂട്ടൗട്ടിലേക്ക് നീണ്ടു. 117ാമത്തെ മിനിറ്റില്‍ ക്രൊയേഷ്യയുടെ ആദ്യ ഗോളിലേക്കുള്ള ഷോട്ടാണ് ഗോളായത്. നെയ്മാറിന്റെ ഗോളിലാണ് ബ്രസീല്‍ മുന്നിലെത്തിയത്. എക്‌സ്ട്രാ ടൈമിന്റെ അവസാന സെക്കന്റുകളില്‍ ബ്രസീലിന് സുവര്‍ണാവസരം കിട്ടിയെങ്കിലും ക്രൊയേഷ്യന്‍ ഗോളി ഡൊമിനിക് ലിവാകോവിച് തടുത്തു.
നിശ്ചിത സമയത്ത് ഗോള്‍ പിറക്കാത്ത മത്സരത്തില്‍ എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതിയോടെ അവസാന സെക്കന്റുകളിലാണ് നെയ്മാര്‍ ഗോളടിച്ചത്. ഒറ്റക്ക് ബോക്‌സില്‍ കയറി ഗോളിയെ വെട്ടിച്ചാണ് മനോഹരമായി സ്‌കോര്‍ ചെയ്തത്. നെയ്മാറിന്റെ എഴുപത്തേഴാം ഇന്റര്‍നാഷനല്‍ ഗോളാണ് ഇത്. ഇതോടെ പെലെയുടെ ബ്രസീലിയന്‍ റെക്കോര്‍ഡിനൊപ്പമെത്തി. വിരസമായ 45 മിനിറ്റില്‍ അധികം അവസരങ്ങളൊന്നും പിറന്നില്ല. രണ്ടാം പകുതിയില്‍ ബ്രസീല്‍ അവസരങ്ങള്‍ സൃഷ്ടിച്ചപ്പോഴാവട്ടെ ക്രൊയേഷ്യന്‍ ഗോളി ഡൊമിനിക് ലിവാകോവിച്ചിന്റെ മികവിനു മുന്നില്‍ അവര്‍ക്കു മറുപടിയുണ്ടായില്ല. ആദ്യ പകുതിയില്‍ മികച്ച അവസരം തുറന്നെടുത്തത് ക്രൊയേഷ്യയായിരുന്നു. എന്നാല്‍ ഇവാന്‍ പെരിസിച്ചിന് അത് മുതലാക്കാനായില്ല. ക്രൊയേഷ്യ പ്രി ക്വാര്‍ട്ടറില്‍ ജപ്പാനെ മറികടന്നത് ഷൂട്ടൗട്ടിലാണ്.
പ്രതീക്ഷിച്ചതില്‍നിന്ന് വിരുദ്ധമായി ക്രൊയേഷ്യന്‍ ആക്രമണങ്ങളോടെയാണ് കളിയാരംഭിച്ചത്. ലൂക്ക മോദ്‌റിച്ചും മാഴെസെലൊ ബ്രോസവിച്ചും ആന്ദ്രെ ക്രാമരിച്ചുമടങ്ങുന്ന അവരുടെ മധ്യനിര കളം ഭരിച്ചു. രണ്ടു തവണ അവര്‍ ഗോളിനടുത്തെത്തി. ബ്രസീലിന്റെ വണ്‍ ടച്ച് പാസിംഗ് ഗെയിമിനെ തടസ്സപ്പെടുത്താന്‍ ക്രൊയേഷ്യക്കു സാധിച്ചു.
ക്രമേണ ബ്രസീല്‍ കരുത്താര്‍ജിച്ചു. വലതു വിംഗില്‍ വിനിസിയൂസ് ജൂനിയര്‍ എതിര്‍ ബോക്‌സില്‍ ആശങ്ക പടര്‍ത്തി. എങ്കിലും ഫോമിലേക്കുയരാന്‍ ബ്രസീലിനായില്ല. പലപ്പോഴും കളി പരുക്കനായി. നിരന്തര ഫ്രീകിക്കുകള്‍ കളിയുടെ ഒഴുക്ക് തടസ്സപ്പെടുത്തി.
രണ്ടാം പകുതിയില്‍ ബ്രസീല്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും കളിക്ക് ചൂടുപിടിച്ചില്ല. നെയ്മാറും വിനിസിയൂസും ലുക്കാസ പക്വെറ്റയും സൃഷ്ടിച്ച അവസരങ്ങള്‍ ക്രൊയേഷ്യയുടെ ജോസിപ് യുറാനോവിച്ചും ജോസ്‌കൊ ഗ്വാര്‍ദിയോളും തടഞ്ഞു. ഗോള്‍വലക്കു മുന്നില്‍ ഡൊമിനിക് ലിവാകോവിച് വന്‍മതിലായി നിന്നു. പക്വെറ്റയുടെയും നെയ്മാറിന്റെയും ഗോളെന്നുറച്ച ഷോട്ടുകള്‍ ലിവാകോവിച് തടുത്തു. റഫിഞ്ഞയെയും വിനിസിയൂസിനെയും പിന്‍വലിച്ച് ആന്റണിയെയും റോഡ്രിഗോയെയും ബ്രസീല്‍ കളത്തിലിറക്കിയെങ്കിലും ക്രൊയേഷ്യന്‍ പ്രതിരോധം ഉറച്ചുനിന്നു. നിശ്ചിത സമയം തീരാറായതോടെ റിച്ചാര്‍ലിസനെ പിന്‍വലിച്ച് പെഡ്രോയെ ഇറക്കി.
എക്‌സ്ട്രാ ടൈമില്‍ കളി ആവേശകരമായി. ബ്രസീല്‍ താരം പക്വെറ്റക്കും മറുവശത്ത് ബ്രോസവിച്ചിനും മികച്ച അവസരങ്ങള്‍ ലഭിച്ചു.
2002 ല്‍ ചാമ്പ്യന്മാരായ ശേഷം ബ്രസീല്‍ തുടര്‍ന്നുള്ള എല്ലാ ലോകകപ്പിലും പുറത്തായത് യൂറോപ്യന്‍ ടീമുകളോടാണ് തോറ്റത്. റഷ്യയില്‍ ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിനു മുന്നില്‍ മുട്ടുമടക്കി.