ദോഹ - ഈ ലോകകപ്പ് നേടുമെന്നു കരുതപ്പെട്ട ബ്രസീല്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിന്റെ നാടകത്തിനൊടുവില്‍ നാട്ടിലേക്കു മടങ്ങും. കരളുറപ്പിന്റെ മറ്റൊരു വീരഗാഥ രചിച്ച് ക്രൊയേഷ്യ തുടര്‍ച്ചയായ രണ്ടാമത്തെ ലോകകപ്പിലും സെമി ഫൈനലിലെത്തി. ഷൂട്ടൗട്ടില്‍ ഗോളി ഡൊമിനിക് ലിവാകോവിച് ഒരിക്കല്‍കൂടി അവരുടെ രക്ഷക്കെത്തി. 2002 നു ശേഷം കിരീടത്തിനായുള്ള ബ്രസീലിന്റെ കാത്തിരിപ്പ് നാലു വര്‍ഷം കൂടി നീളും. നിശ്ചിത സമയത്ത് ഗോള്‍ പിറക്കാതിരുന്ന കളി എക്‌സ്ട്രാ ടൈമിലാണ് തീപ്പിടിച്ചത്. എക്‌സ്ട്രാ ടൈം ആദ്യ പകുതിയുടെ അവസാന സെക്കന്റുകളില്‍ നെയ്മാറിന്റെ സെന്‍സേഷനല്‍ ഗോളടിച്ച ബ്രസീല്‍ സെമിയിലേക്ക് കാലുനീട്ടിയതായിരുന്നു. എന്നാല്‍ 116ാം മിനിറ്റില്‍ മത്സരത്തിലെ ഗോളിലേക്കുള്ള തങ്ങളുടെ ആദ്യ ഷോട്ടില്‍ ക്രൊയേഷ്യ ഗോള്‍ മടക്കി. ബ്രൂണൊ പെറ്റ്‌കോവിച് ബോക്‌സിന് മുന്നില്‍ നിന്ന് പറത്തിയ ഷോട്ട് മാര്‍ക്വിഞ്ഞോസിന്റെ കാലില്‍ തട്ടിത്തിരിഞ്ഞ് ഗോളി അലിസനെ കീഴടക്കി. അവസാന സെക്കന്റുകളില്‍ നെയ്മാറിന്റെ ഫ്രീകിക്കില്‍ കസിമീരോയുടെ ഷോട്ട് ഗോളി ലിവാകോവിച് തടുത്തതോടെ കളി ഷൂട്ടൗട്ടിലേക്ക് നീണ്ടു.
ഷൂട്ടൗട്ടില്‍ റോഡ്രിഗൊ എടുത്ത ആദ്യ ഷോട്ട് ഗോളി ലിവാകോവിച് ഡൈവ് ചെയ്തു തടുത്തു. ക്രൊയേഷ്യയുടെ നാലു കിക്കും ഗോളായി. ബ്രസീലിന്റെ മാര്‍ക്വിഞ്ഞോസിന്റെ നാലാമത്തെ കിക്ക് പോസ്റ്റിനിടിച്ചു മടങ്ങി.