കൊച്ചി- തനിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ തുടര്‍ച്ചയായി കള്ളക്കേസ് എടുക്കുന്നുവെന്ന് ക്രൈം നന്ദകുമാര്‍. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരേ ആരോപണമുന്നയിച്ച് രംഗത്തുവന്നതാണ് പ്രതികാര നടപടിക്കു കാരണമായതെന്നും നന്ദകുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ ആറിനാണ് തന്നെ നാലാമത്തെ തവണ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തതെങ്കിലും സ്റ്റേഷന്‍ ജാമ്യം ലഭിച്ചു. തന്റെ ഓഫീസില്‍ നിന്ന് കമ്പ്യൂട്ടറുകള്‍ അടക്കം പോലീസ് പിടിച്ചെടുത്തുകൊണ്ടുപോയിരിക്കുകയാണെന്നും നന്ദകുമാര്‍ പരാതിപ്പെട്ടു. കെ റെയിലിന് എതിരേ മുഖ്യമന്ത്രിയുടെ നാട്ടുകാരന്‍ ഇട്ട ഫെയ്സ് ബുക്ക് താന്‍ വാര്‍ത്തയാക്കുകയായിരുന്നു. ഇതിന്റെ പേരിലാണ് മതസ്പര്‍ദ്ധയുണ്ടാക്കുന്നതിനുള്ള ജാമ്യം കിട്ടാത്ത വകുപ്പ് പ്രയോഗിച്ച് കേസ് എടുത്തതെന്നും നന്ദകുമാര്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരേ നിയമപോരാട്ടം തുടരുമെന്നും നന്ദകുമാര്‍ പറഞ്ഞു.