ദോഹ -ലോകകപ്പിലെ ബ്രസീല്‍-ക്രൊയേഷ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ആദ്യ പകുതിയില്‍ ഗോള്‍ പിറന്നില്ല. വിരസമായ 45 മിനിറ്റില്‍ അധികം അവസരങ്ങളൊന്നും പിറന്നില്ല. മികച്ച അവസരം തുറന്നെടുത്തത് ക്രൊയേഷ്യയായിരുന്നു. എന്നാല്‍ ഇവാന്‍ പെരിസിച്ചിന് അത് മുതലാക്കാനായില്ല.
പ്രതീക്ഷിച്ചതില്‍നിന്ന് വിരുദ്ധമായി ക്രൊയേഷ്യന്‍ ആക്രമണങ്ങളോടെയാണ് കളിയാരംഭിച്ചത്. ലൂക്ക മോദ്‌റിച്ചും മാഴെസെലൊ ബ്രോസവിച്ചും ആന്ദ്രെ ക്രാമരിച്ചുമടങ്ങുന്ന അവരുടെ മധ്യനിര കളം ഭരിച്ചു. രണ്ടു തവണ അവര്‍ ഗോളിനടുത്തെത്തി. ബ്രസീലിന്റെ വണ്‍ ടച്ച് പാസിംഗ് ഗെയിമിനെ തടസ്സപ്പെടുത്താന്‍ ക്രൊയേഷ്യക്കു സാധിച്ചു.
ക്രമേണ ബ്രസീല്‍ കരുത്താര്‍ജിച്ചു. വലതു വിംഗില്‍ വിനിസിയൂസ് ജൂനിയര്‍ എതിര്‍ ബോക്‌സില്‍ ആശങ്ക പടര്‍ത്തി. എങ്കിലും ഫോമിലേക്കുയരാന്‍ ബ്രസീലിനായില്ല. പലപ്പോഴും കളി പരുക്കനായി. നിരന്തര ഫ്രീകിക്കുകള്‍ കളിയുടെ ഒഴുക്ക് തടസ്സപ്പെടുത്തി.