Sorry, you need to enable JavaScript to visit this website.

വാഹന വിപണിയിൽ കടുത്ത മാന്ദ്യം: ഇറക്കുമതിയിൽ വൻ ഇടിവ്‌

റിയാദ് - സൗദിയിൽ വാഹന വിപണി രൂക്ഷമായ മാന്ദ്യത്തിന്റെ പിടിയിൽ. രണ്ടു വർഷത്തിനിടെ വാഹന ഇറക്കുമതിയിൽ രേഖപ്പെടുത്തിയത് 52 ശതമാനം കുറവ്. 2015 ൽ 8470 കോടി റിയാൽ വിലയുള്ള 12,72,788 വാഹനങ്ങൾ ഇറക്കുമതി ചെയ്തപ്പോൾ 2016 ൽ 6060 കോടി റിയാൽ വിലയുള്ള 8,97,707 വാഹനങ്ങളും കഴിഞ്ഞ കൊല്ലം 4300 കോടി റിയാൽ വിലയുള്ള 6,05,779 വാഹനങ്ങളും മാത്രമാണ് സൗദിയിലേക്ക് ഇറക്കുമതി ചെയ്തത്. 
കഴിഞ്ഞ വർഷം 13.3 കോടി റിയാൽ വിലയുള്ള 1480 ട്രാക്ടറുകളും 3568 കോടി റിയാൽ വിലയുള്ള 4,68,710 കാറുകളും 9.7 കോടി റിയാൽ വിലയുള്ള 55,374 ബൈക്കുകളും 484 കോടി റിയാൽ വിലയുള്ള 68,350 ലോറികളും 163 കോടി റിയാൽ വിലയുള്ള 10,381 ബസുകളും 62 കോടി റിയാൽ വിലവരുന്ന 1484 സ്‌പെഷ്യൽ കാറുകളും ഇറക്കുമതി ചെയ്തു. കഴിഞ്ഞ വർഷം മാത്രം വാഹന ഇറക്കുമതിയിൽ 33 ശതമാനം കുറവ് രേഖപ്പെടുത്തിയതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകൾ വ്യക്തമാക്കുന്നു. 2015 നെ അപേക്ഷിച്ച് രണ്ടു വർഷത്തിനിടെ വാഹന ഇറക്കുമതിയിൽ 6,67,000 ഓളം വാഹനങ്ങളുടെ കുറവ് രേഖപ്പെടുത്തി. 2016 നെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം ഇറക്കുമതിയിൽ 2,91,900 ഓളം വാഹനങ്ങളുടെ കുറവുണ്ടായി. രണ്ടു കൊല്ലത്തിനിടെ ഇറക്കുമതി ചെയ്ത വാഹനങ്ങളുടെ വിലയിൽ 4170 കോടി റിയാലിന്റെ കുറവ് രേഖപ്പെടുത്തി. 2015 ൽ 8470 കോടി റിയാൽ വിലയുള്ള വാഹനങ്ങൾ ഇറക്കുമതി ചെയ്തപ്പോൾ കഴിഞ്ഞ കൊല്ലം ഇത് 4300 കോടി റിയാലായി കുറഞ്ഞു. 
വാഹന വിപണിയിലെ മാന്ദ്യം തുടരുന്നതായാണ് ഈ വർഷം ആദ്യ പാദത്തിലെ കണക്കുകളും വ്യക്തമാക്കുന്നത്. ഈ വർഷം ആദ്യ പാദത്തിൽ 1130 കോടി റിയാൽ വിലയുള്ള 1,43,700 വാഹനങ്ങൾ മാത്രമാണ് ഇറക്കുമതി ചെയ്തതെന്ന് സൗദി കസ്റ്റംസ് അതോറിറ്റി കണക്കുകൾ വ്യക്തമാക്കുന്നു. ഇതേ തോതിൽ അവശേഷിക്കുന്ന മൂന്നു പാദത്തിലും ഇറക്കുമതി തുടരുകയാണെങ്കിൽ ഈ വർഷം വാഹന ഇറക്കുമതിയിൽ 5.1 ശതമാനം കുറവുണ്ടാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 


 

Latest News