മദീന- സൗദി അറേബ്യയിലെ മദീനക്കു സമീപമുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. ചെര്‍പ്പുളശ്ശേരി സ്വദേശി ഷന്‍ഫീദാണ് (23) മരിച്ചത്. മദീനയില്‍നിന്ന് 100 കി.മീ അകലെ ജിദ്ദ റോഡില്‍ ഉതൈമിലാണ് അപകടം. ജിദ്ദയില്‍നിന്ന് റൊട്ടിയുമായി മദീനയിലേക്ക് പോയ ഷന്‍ഫീദ് പഞ്ചറായ ടയര്‍ മാറ്റുന്നതിനിടെ എതിരെ വന്ന വാഹനമിടിച്ചാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.
ചെര്‍പ്പുളശ്ശേരി കാക്കാതോട് പാലം പാറയില്‍ ഷംസുദ്ദീന്‍-ഖദീജ ദമ്പതികളുടെ മകനായ ഷന്‍ഫീദ് അവിവാഹിതനാണ്. ഒരു വർഷം മുമ്പാണ് സൗദിയിലെത്തിയത്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം സൗദിയില്‍തന്നെ മറവു ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.