റിയാദ് - മേഖലയില്‍ നിന്ന് സായുധ മിലീഷ്യകള്‍ പുറത്തുപോകാതെ സുരക്ഷയും അഭിവൃദ്ധിയും കൈവരിക്കാന്‍ സാധിക്കില്ലെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. ഗള്‍ഫ്-ചൈന ഉച്ചകോടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കിരീടാവകാശി. മേഖലയില്‍ സുരക്ഷയും സ്ഥിരതയും വര്‍ധിപ്പിക്കാന്‍ മുഴുവന്‍ ശ്രമങ്ങളും നടത്തുന്നത് ഗള്‍ഫ് രാജ്യങ്ങള്‍ തുടരും. മേഖലാ, ആഗോള സംഘര്‍ഷങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും രാഷ്ട്രീയ പരിഹാരങ്ങള്‍ കാണുന്നതിനെ ഗള്‍ഫ് രാജ്യങ്ങള്‍ പിന്തുണക്കുന്നു. ഗള്‍ഫ് രാജ്യങ്ങളും ചൈനയും തമ്മിലുള്ള സഹകരണത്തിന്റെ പുതിയ യുഗത്തിനാണ് ഈ ഉച്ചകോടി തുടക്കം കുറക്കുന്നത്. ആഗോള വെല്ലുവിളികള്‍ നേരിടാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ ചൈനക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും. ലോകത്തിന്റെയും ചൈനയുടെയും ഊര്‍ജ ആവശ്യം നിറവേറ്റുന്നതില്‍ വിശ്വസിക്കാവുന്ന ഉറവിടം എന്നോണമുള്ള പങ്ക് വഹിക്കുന്നത് ഗള്‍ഫ് രാജ്യങ്ങള്‍ തുടരും.
ഗള്‍ഫ്-ചൈന ഫ്രീ ട്രേഡ് സോണ്‍ സ്ഥാപിക്കുന്ന കാര്യം വിശകലനം ചെയ്തിട്ടുണ്ട്. ഭക്ഷ്യസുരക്ഷ, സപ്ലൈ ചെയിന്‍ മേഖലകളില്‍ ചൈനയുമായുള്ള സഹകരണം ശക്തമാക്കും. വെല്ലുവിളികളുടെയും അസാധാരണ സാഹചര്യങ്ങളുടെയും പശ്ചാത്തലത്തിലാണ് ഗള്‍ഫ്-ചൈന ഉച്ചകോടി നടക്കുന്നത്. ഗള്‍ഫ്-ചൈന സഹകരണം ശക്തമാക്കാനുള്ള എല്ലാവരുടെയും പൊതുതാല്‍പര്യമാണ് ഉച്ചകോടി പ്രതിഫലിപ്പിക്കുന്നതെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.
ലോകത്ത് ഊര്‍ജത്തിന് വിശ്വസിക്കാവുന്ന ഉറവിടമായി ഗള്‍ഫ് രാജ്യങ്ങള്‍ തുടരുമെന്ന് 43-ാമത് ഗള്‍ഫ് ഉച്ചകോടി ഉദ്ഘാടനം ചെയ്ത് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലെ ശക്തമായ സഹകരണം ഉദ്ദിഷ്ട ലക്ഷ്യങ്ങള്‍ വേഗത്തില്‍ കൈവരിക്കാന്‍ സഹായിക്കും. ഗള്‍ഫ് സഹകരണം ശക്തമാക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് മുന്നോട്ടുവെച്ച കാഴ്ചപ്പാട് മേഖലാ, ആഗോള തലങ്ങളില്‍ ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ തന്ത്രപരമായ പങ്ക് ശക്തമാക്കാനും സാമ്പത്തിക, സുരക്ഷാ, സാമൂഹിക, സൈനിക മേഖലകളില്‍ ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ കൂട്ടായ പ്രയാണം വേഗത്തിലാക്കാനും സഹായിച്ചു.