നാൽപതു കൊല്ലത്തോളം പഴയതാണ് മുതിർന്ന പ്രക്ഷേപണോദ്യോഗസ്ഥനായിരുന്ന പ്രദീപ് മെഹ്രോത്രയുമായുള്ള പരിചയം. ചരിത്രത്തിലും തത്ത്വശാസ്ത്രത്തിലും കൗതുകമുള്ള പ്രദീപ് കഴിഞ്ഞയാഴ്ച ഇമെയിൽ വഴി എന്റെ ഒരു വിഗ്രഹം കൂടി പൊട്ടിച്ചു. അതോടൊപ്പം ചോരണത്തിന്റെ സാധ്യതയെയും ചാരുതയെയും പറ്റി ആലോചിക്കാൻ എനിക്ക് അവസരമുണ്ടാക്കുകയും ചെയ്തു.
ലക്ഷോപലക്ഷം ദർശനകുതുകികളോടൊപ്പം പ്രദീപും ഞാനും മനസ്സിൽ പ്രതിഷ്ഠിച്ചിട്ടുള്ളതാണ് സർവേപള്ളി രാധാകൃഷ്ണന്റെ വിഗ്രഹം. ഇന്ത്യൻ തത്ത്വചിന്തയിലേക്ക് ആരെയും കൈപിടിച്ചു കയറ്റാൻ പോന്നതാണ് രണ്ടു വാള്യത്തിലുള്ള അദ്ദേഹത്തിന്റെ ഇന്ത്യൻ ഫിലോസഫി. രാഷ്ട്രപതി ആയിരിക്കുമ്പോൾ ചെയ്ത പ്രസംഗത്തിലോരൊന്നിലും അദ്ദേഹം തത്ത്വചിന്തയുടെ ആഴം പ്രതിഫലിപ്പിച്ചിരുന്നതോർക്കുന്നു. സോവിയറ്റ് യൂണിയൻ സ്റ്റാലിന്റെ സർവാധിപത്യത്തിൽ കഴിയുമ്പോൾ അവിടെ ഇന്ത്യയുടെ നയതന്ത്രബന്ധം ഉറപ്പിക്കാൻ നിയോഗിക്കപ്പെട്ടത് രാധാകൃഷ്ണൻ ആയിരുന്നു. അദ്ദേഹത്തിന്റെ മകൻ സർവേപള്ളി ഗോപാൽ എഴുതിയ അച്ഛന്റെ ജീവചരിത്രം അസുഖകരമായ വേറെ ചില ചിന്തകളിലേക്കും വഴിമരുന്നിട്ടു. അതു വേറെ കാര്യം. രാധാകൃഷ്ണൻ അസ്വസ്ഥമായ അവസാനവർഷങ്ങൾ ചെലവാക്കിയ ചെന്നൈയിലെ രാധാകൃഷ്ണശാലൈയിലെ വലിയ ബംഗ്ലാവിൽ വെച്ച് ഗോപാലുമായി അതൊക്കെ സംസാരിച്ചത് ഇന്നും ഓർക്കുന്നു.
പ്രദീപ് മെഹ്രോത്ര രാധാകൃഷ്ണൻ എന്ന വിഗ്രഹം ഉടക്കാൻ ഇടയാക്കിയ സാഹചര്യം മറ്റൊന്നായിരുന്നു. അൽപം പഴയതാണ് കഥ. എൺപത്താറുകൊല്ലം മുമ്പ് നടന്ന ഒരു സാഹിത്യചോരണമാണ് കാര്യം. ധർമ്മനീതിയെയും ജീവിതത്തെയും പറ്റി മറ്റാരെക്കാളും കൂടുതൽ ആഴത്തിൽ ആലോചിച്ചിരുന്ന രാധാകൃഷ്ണൻ തന്നെ സാഹിത്യചോരണത്തിന്റെ ആരോപണത്തിനു വിധേയനായി 1922 ൽ. യദുനാഥ് സിൻഹ എന്ന വിദ്യാർഥി ഭാരതീയ മനശ്ശാസ്ത്രത്തെപ്പറ്റി എഴുതിയ ഒരു പ്രബന്ധത്തിലെ ഖണ്ഡികകൾ അപ്പടി രാധാകൃഷ്ണന്റെ പ്രകീർത്തിക്കപ്പെട്ട ഇന്ത്യൻ ഫിലോസഫി എന്ന പുസ്തകത്തിൽ പകർത്തിവെച്ചിരിക്കുന്നു എന്നായിരുന്നു ആരോപണം.
ആ ഖണ്ഡികകളെല്ലാം സിൻഹ ഏതാനും കൊല്ലം മുമ്പെഴുതിയതാണെന്നതിന് തെളിവുണ്ടായിരുന്നു. ഒരു വിദ്യാർഥി സഹായനിധിക്കുവേണ്ടി സിൻഹ എഴുതിയ പ്രബന്ധത്തിന്റെ പരിശോധകനായിരുന്നു രാധാകൃഷ്ണൻ. പരിശോധകൻ തന്നെ അതൊക്കെ തന്റേതാക്കി അച്ചടിപ്പിച്ച് ഏതാനും കൊല്ലം കഴിഞ്ഞിട്ടേ വിദ്യാർഥി വിവരം അറിഞ്ഞുള്ളു. അറിഞ്ഞപാടേ അതിനെപ്പറ്റി മോഡേൺ റിവ്യു എന്ന രാമാനന്ദ ചാറ്റർജിയുടെ സ്വാധീനശക്തി ഏറിയ മാസികയിൽ എഴുതി. താമസിയാതെ പരിശോധകനായ രാധാകൃഷ്ണനെതിരെ സാഹിത്യചോരണത്തിനു കേസു കൊടുക്കുകയും ചെയ്തു. പ്ലാറ്റോവിന്റെ തത്വചിന്തകരാജൻ (ഫിലോസഫർകിംഗ്) എന്ന പദവിയയോളം എത്താമായിരുന്ന രാധാകൃഷ്ണൻ രോഷത്തോടെയും ആത്മവിശ്വാസത്തോടെയും തിരിച്ചടിച്ചു. അപ്പോഴേക്കും മീററ്റ് കോളേജിലെ അധ്യാപകനായിരുന്ന ജദുനാഥ് സിൻഹക്കും രാമാനന്ദ ചാറ്റർജിക്കുമെതിരെ മാനനഷ്ടക്കേസായി. ചാറ്റർജി തന്റെ ഭാഗം പത്രത്തിൽ വിസ്തരിച്ചെഴുതി. സിൻഹ തത്ത്വചിന്തകന്റെ ചോരണം തെളിയിക്കാൻ തയ്യാറായി.
പിന്നെ എന്തുണ്ടായിയെന്ന് കൃത്യമായി അറിയില്ല. കേസ് കോടതിക്കു പുറത്ത് ഒത്തുതീർപ്പായി. രാധാകൃഷ്ണനെ കൊൽക്കത്തയിലേക്ക് ക്ഷണിച്ചുകൊണ്ടുപോയ പാണ്ഡിത്യവും സ്വാധീനവും ഒരുപോലെ ഉണ്ടായിരുന്ന അശുതോഷ് മുഖർജിയുടെ മകന്റെയും മറ്റും പ്രയത്‌നഫലമായി ഇന്ത്യയുടെ തത്ത്വചിന്തക രാജാവിന്റെ കീർത്തിയെ കളങ്കപ്പെടുത്തുന്ന കേസ് ഒഴിവായി. പിന്നെ എല്ലാവരും അതങ്ങു മറന്നു. രാധാകൃഷ്ണൻ വൈസ് ചാൻസലറും അംബാസഡറും ഉപരാഷ്ട്രപതിയും രാഷ്ട്രപതിയും ആയി. അങ്ങനെ കയറിപ്പോയ ഒരാൾക്കെതിരെ വിശ്വാസം വരുത്തുന്ന ചോരണാരോപണങ്ങൾ, എട്ടു പതിറ്റാണ്ടിനു ശേഷമാണെങ്കിലും, ഉയരുമ്പോൾ പഴയ ആരാധന അലോസരപ്പെടുത്തുന്ന ഒരോർമ്മയായി മാറുന്നു. പിന്നെ നീണ്ട ഒരു സംഭാഷണത്തിനിടയിൽ പ്രദീപ് പറഞ്ഞു, ഉടയാത്തതായി ഒരു വിഗ്രഹവും ഉണ്ടാവില്ല.
സാഹിത്യചോരണത്തിന്റെ സാധ്യതയും ചാരുതയും മനസ്സിലാക്കാൻ അത്രയൊന്നും പിന്നോട്ടു പോകേണ്ട. ടൈം മാഗസിന്റെയും മറ്റും പംക്തികാരനും ചിന്തകനും കഴിഞ്ഞ കാലത്തെ ഇന്ത്യൻ രാഷ്ട്രീയത്തിലെ ചിന്തകനും നേതാവുമായിരുന്ന റഫീഖ് സക്കറിയയുടെ മകനും ആയ ഫരീദ് സക്കറിയക്കെതിരെ അങ്ങനെ ഒരാരോപണം ഉയർന്ന കാര്യം മനസ്സിലാക്കിയത് ഒരു പാക്കിസ്ഥാൻ പ്രസിദ്ധീകരണത്തിൽ നിന്നായിരുന്നു. എഴുതാൻ മിടുക്ക് കുറഞ്ഞിട്ടല്ല. എങ്ങനെയോ പറ്റിപ്പോയി. അതു മനസ്സിലായപ്പോഴേക്കും ഫരീദ് ഒരു വിശദീകരണം നൽകി ആ അധ്യായം അടച്ചു.
നമ്മുടെ പുനത്തിൽ കുഞ്ഞബ്ദുല്ലയും അങ്ങനെ ഒരു വിവാദം സമർഥമായി ഒഴിവാക്കിയ കഥ കേട്ടിട്ടുണ്ട്. കന്യാവനങ്ങളിലെ പല വിവരണങ്ങളും ടാഗോറിന്റെ ബംഗാളിയിൽ എഴുതപ്പെട്ടതായിരുന്നുവെന്ന് ഒ. കെ ജോണി സ്ഥാപിക്കുകയുണ്ടായി. ഫ്രാൻസ് കാഫ്കയുടെ ഒരു കഥയുമായി സാമ്യമുള്ള കഥ മലയാളത്തിലുണ്ടെന്ന് ഒരിക്കൽ കേട്ടിരുന്നു. ആറ്റൂർ കൃഷ്ണ പിഷാരടിയുടെ സുന്ദരമായ ശാകുന്തള തർജ്ജമ കുഞ്ഞിക്കുട്ടൻ തമ്പുരാനിൽനിന്നു മോഷ്ടിച്ചതാണെന്നു വരുത്താൻ കുട്ടിക്കൃഷ്ണ മാരാർ ഏറെ പണിപ്പെട്ടിരുന്നു. വള്ളത്തോളിന്റേതിനെക്കാൾ മികച്ചതാണ് ആറ്റൂരിന്റെ പരിഭാഷ എന്നു സമ്മതിച്ചുകൊടുക്കാൻ തയ്യാറല്ലാതിരുന്ന മാരാർ ഇടക്കിടെ ആറ്റൂരിനെതിരെ ഏറു പടക്കം വിട്ടുകൊണ്ടിരുന്നു. അലക്‌സാണ്ടർ പോപ്പ് എന്ന ആംഗലകവി കൊള്ളാവുന്ന ചോരനായിരുന്നുവത്രേ.
പല പത്രങ്ങളിലും എഡിറ്റർ ആയിരുന്ന വി. എൻ നാരായണൻ ഹിന്ദുസ്ഥാൻ ടൈംസിന്റെ മേധാവിയായിരിക്കുമ്പോൾ ആരോപണം വന്നു. അദ്ദേഹത്തിന്റെ പ്രതിവാരപംക്തിയിൽ ഒരിക്കൽ അച്ചടിച്ചുവന്നത് ഒരു ഇംഗ്ലിഷ് ലേഖകൻ നേരത്തേ വേറൊരു പത്രത്തിൽ എഴുതിയ കുറിപ്പായിരുന്നു. സംഗതി വെളിച്ചത്തായപ്പോൾ എഡിറ്റർ എന്തൊക്കെയോ പറഞ്ഞ് രക്ഷപ്പെടാൻ നോക്കി. രക്ഷയുണ്ടായിരുന്നില്ല. ഒടുവിൽ അദ്ദേഹം സ്ഥാനം ഒഴിഞ്ഞുപോയി. പിന്നെ ഒരു വിദ്യാഭ്യാസസ്ഥാപനത്തിന്റെ മേധാവിയായി. ഫ്രണ്ട് പേജ് എന്ന പത്രത്തിൽ കുതന്ത്രങ്ങൾ പയറ്റി പിരിഞ്ഞ ഒരു പത്രപവർത്തകൻ ഒടുവിൽ പത്രധർമ്മം പഠിപ്പിക്കുന്ന പദവിയിലേക്ക് ഉയരുന്ന കഥ ഓർമ്മയില്ലേ?
കൊള്ളാവുന്നതായി എന്തു കണ്ടാലും കക്കാം എന്നൊരു നീതിസാരം നിലവിൽ വരട്ടെ. കക്കുന്നത് നാലാൾ അറിയാതെയാവണമെന്നു മാത്രം. അറിഞ്ഞാൽ ചിലപ്പോൾ വിഗ്രഹങ്ങൾ ഉടയും, ചിലപ്പോൾ ചീത്തപ്പേര് പടരും. പ്രദീപ് മെഹ്രോത്രയുമായി രാധാകൃഷ്ണന്റെ ലീലകളെപ്പറ്റി സംസാരിക്കുമ്പോൾ മസ്തിഷ്‌ക രോഗവിദഗ്ധനായ കെ. രാജശേഖരൻ നായർ പങ്കു വെച്ച ചില അനുഭവങ്ങൾ ശ്രദ്ധയിൽ പെട്ടു. അദ്ദേഹത്തിന്റെ പല ലേഖനങ്ങളും കഥകളും പല വട്ടം മോഷ്ടിക്കപ്പെട്ടിട്ടുണ്ടത്രേ. കണ്ടു കെട്ടി കേസെടുക്കുമ്പോഴേക്കും കാലം കടന്നു പോയിരിക്കും. പിന്നെ, അതുപോലത്തെ ചോരണത്തെ മോഷ്ടിക്കപ്പെടുന്ന കൃതിയുടെ മേന്മക്കൊരു സാക്ഷ്യപത്രമായും കൂട്ടാം. അങ്ങനെ എന്തെങ്കിലും മോഷ്ടിക്കാനുള്ള ഈ വാസനയെ മസ്തിഷ്‌കരോഗ ശാസ്ത്രവുമായി ബന്ധപ്പെടുത്തി നിരീക്ഷിക്കാനാവുമോ?
ആ രോഗം സ്ഥലകാലസീമകളെ ഭേദിച്ചുകൊണ്ട് പടരുന്നതാണ്. ഞാൻ ബംഗളൂരിൽ ജോലി ചെയ്യുന്ന കാലത്ത് ഒരു പത്രത്തിൽ പതിവുകാരിയായ ഒരു സ്ത്രീയുടെ കത്ത് കാണാനിടയായി. എന്തിനെക്കുറിച്ചും, ആനയെക്കുറിച്ചും ആണവഭീഷണിയെക്കുറിച്ചും, തലങ്ങും വിലങ്ങും ചിന്തയും വികാരവും പങ്കുവെച്ചിരുന്നു ആ പണ്ഡിത. ഒരു ദിവസം എന്റെ സഹായി വാസു അവരുടെ ഒരു കത്ത് അടയാളപ്പെടുത്തിയ പത്രം എനിക്കു തന്നു. അശ്ശേഷം താൽപര്യമില്ലാതെ ഞാൻ അതിലൂടെ കണ്ണോടിച്ചു, തിരിച്ചു കൊടുത്തു. മര്യാദയുടെ പേരിൽ ഇത്ര കൂടി പറഞ്ഞു: 'കൊള്ളാം, നന്ദി, വാസു.'
വാസു വിടാനുള്ള ഭാവമായിരുന്നില്ല. 'സാർ വായിച്ചില്ലേ?'
'വായിച്ചു.'
- എന്നിട്ടൊന്നും തോന്നിയില്ലേ?
വിശേഷിച്ചൊന്നും തോന്നിയില്ല. വാക്കുകളും വാക്യഘടനയും എവിടെയോ പരിചയപ്പെട്ടതു പോലെ. വാസു വിരൽ ചുണ്ടിലമർത്തി കഷ്ടം വെച്ചു.
(സാർ മണ്ടൻ എന്നു പറയുകയായിരുന്നിരിക്കണം).
ഒന്നും പറയാതെ ഒരാഴ്ച മുമ്പത്തെ ഞങ്ങളുടെ പത്രം അയാൾ എനിക്കു വെച്ചുനീട്ടി. അതിലെ ഒരു മുഖപ്രസംഗം അടയാളപ്പെടുത്തിയിരുന്നു.
വായിക്കൂ- വാസു ആവശ്യപ്പെട്ടു. അതു ഞാൻ എഴുതിയ കുറിപ്പ് ആയിരുന്നു. എന്റേതും മറ്റൊരാളുടേതും തിരിച്ചറിയാൻ വയ്യാത്തതാണ് സ്ഥിതി എങ്കിൽ എവിടെ ചോരണം, എവിടെ മാരണം?