Sorry, you need to enable JavaScript to visit this website.

സംഘ്പരിവാറിന്റെ  ജിന്നാ വിരോധത്തിനു പിന്നിൽ

അലിഗഡ് സർവകലാശാലയിൽ സ്ഥാപിച്ചിരുന്ന മുഹമ്മദലി ജിന്നയുടെ ചിത്രം മാറ്റണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം തീവ്ര ഹൈന്ദവ സംഘടനകളും അവരുടെ വിദ്യാർഥിവിഭാഗവും ബോധപൂർവം സംഘർഷം സൃഷ്ടിക്കുകയായിരുന്നു. കലാശാലയ്ക്ക് വെളിയിൽ നിന്നുള്ളവരായിരുന്നു ഈ അക്രമികളത്രയും.
നിരവധി വിദ്യാർഥികൾക്കും പൊലീസുകാർക്കുമാണ് പരിക്കേറ്റത്. കലാലയത്തിന്റെ സ്ഥാപകനെന്ന നിലയിൽ സ്ഥാപിച്ചതായിരുന്നു മുഹമ്മദലി ജിന്നയുടെ ചിത്രം. പുറത്തുനിന്നുള്ള ഹിന്ദുസംഘടനകൾ യൂണിവേഴ്‌സിറ്റിയുടെ മുന്നിലേക്ക് പ്രകടനം നടത്തുകയും വിദ്യാർഥികളെ ആക്രമിക്കുകയുമായിരുന്നു. ഇതേ തുടർന്ന് വിദ്യാർഥികൾ പൊലീസ് സ്‌റ്റേഷനിലേക്ക് നടത്തിയ മാർച്ചിലും ഹിന്ദു സംഘടനകൾ സംഘർഷമുണ്ടാക്കി. ഒരു വിഭാഗം വിദ്യാർഥികൾ നടത്തിയ ഈ ഹീനനീക്കത്തെ പിന്തുണയ്ക്കുന്ന സമീപനമാണ് ബി.ജെ.പി നേതാക്കളുടെ പ്രത്യേകിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിൽ നിന്നുൾപ്പെടെയും ഉണ്ടായത്. 
ഇന്ത്യയെ വിഭജിക്കുന്നതിന് നേതൃത്വം നൽകിയ ആളായിരുന്നു ജിന്നയെന്നും അദ്ദേഹത്തെ ഇവിടെ ആദരിക്കേണ്ടതില്ലെന്നുമായിരുന്നു ആദിത്യനാഥ് ഉൾപ്പെടെയുള്ളവരുടെ പ്രതികരണം. ഇത് എരിതീയിൽ എണ്ണയൊഴിക്കുന്നതിന് തുല്യമായ സമീപനമായി. സംഘർഷം വ്യാപിക്കുകയും നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട സ്ഥിതിയുമുണ്ടായി. ജിന്നയെ അപമാനിക്കുന്നതിന് ഹീനമായ മാർഗങ്ങളാണ് ഹിന്ദു സംഘടനകളുടെ ഭാഗത്തുനിന്നും പിന്നീടുണ്ടായത്. ജിന്നയുടെ ചിത്രങ്ങൾ കക്കൂസ് ചുമരുകളിലും മറ്റും സ്ഥാപിക്കുകയായിരുന്നു അവർ ചെയ്തത്. കോളേജ് ഹാളിലല്ല ഇത്തരം സ്ഥലങ്ങളിലാണ് ജിന്നയുടെ ചിത്രത്തിന്റെ സ്ഥാനമെന്നായിരുന്നു നിലവാരം കുറഞ്ഞ ഈ പ്രവൃത്തിയെ ന്യായീകരിച്ചുകൊണ്ടുള്ള ഹിന്ദു സംഘടനാ നേതാക്കളുടെ വിശദീകരണം. തങ്ങളാണ് ഈ വൃത്തികെട്ട പണി ചെയ്തതെന്ന് കോളജിലെ എ.ബി.വി.പി നേതാവ് പരസ്യമായിതന്നെ സമ്മതിച്ചിട്ടുമുണ്ട്.
അതിനിടെ മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരിയുടെ പരിപാടി ഇതേകാരണം പറഞ്ഞ് അലങ്കോലമാക്കാനും ഹിന്ദു യുവവാഹിനി ( യുപി മുഖ്യമന്ത്രി ആദിത്യനാഥ് സ്ഥാപിച്ച കലാപ സംഘടന) ശ്രമിക്കുകയുണ്ടായി. ജിന്നയുടെ ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹാമിദ് അൻസാരി പങ്കെടുക്കേണ്ട ചടങ്ങിലേക്ക് ഹിന്ദു യുവവാഹിനി ആയുധങ്ങളുമായി മാർച്ച് നടത്തുകയായിരുന്നു.

ഇതിന് പിന്നാലെ പിഡബ്ല്യുഡി ഗസ്റ്റ് ഹൗസിൽ സ്ഥാപിച്ചിരുന്ന സർ സയ്യിദ് അഹമ്മദ്ഖാൻ എന്ന പ്രസിദ്ധനായ ഇന്ത്യൻ വിദ്യാഭ്യാസ വിചക്ഷണന്റെ ഛായാചിത്രം നീക്കം ചെയ്യുകയും ചെയ്തു. ജിന്നയ്‌ക്കെതിരെ ഇന്ത്യാ വിഭജനത്തിന്റെ കുറ്റം ആരോപിക്കാനുണ്ടെന്നത് വാദത്തിന് സമ്മതിക്കാമെങ്കിലും അങ്ങനെയൊരു കുറ്റം ചുമത്താനില്ലാത്ത മഹദ് വ്യക്തിയാണ് സർ സയ്യിദ് അഹമ്മദ് ഖാൻ. കേരളത്തിൽ പോലും ആ വിദ്യാഭ്യാസ പരിഷ്‌കർത്താവിന്റെ സ്മാരകങ്ങളായി വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്.
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരകാലത്തേക്ക് നീളുന്നതാണ് ജിന്നയുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയർത്തിക്കൊണ്ടു വരുന്ന അനാവശ്യ വിവാദം. രാജ്യത്ത് ദേശീയ നേതാക്കൾ എല്ലാവരും സ്വാതന്ത്ര്യത്തിന് വേണ്ടി ബ്രിട്ടീഷ് സാമ്രാജ്യത്വത്തോട് പൊരുതുമ്പോൾ അവരുടെ സേവകരാവുകയും ചിലപ്പോഴെല്ലാം ഒറ്റുകാരാവുകയും ചെയ്ത പ്രസ്ഥാനമായിരുന്നു ആർ.എസ്.എസ് എന്നത് ചരിത്രത്തിൽ ആഴത്തിൽ പതിഞ്ഞ യാഥാർഥ്യമാണ്. അതിന്റെ തുടർച്ചയായി മഹാത്മാ ഗാന്ധിയെ വധിക്കുന്നതിന് ഗോഡ്‌സേയെ ആർ.എസ്.എസ് നേതൃത്വം പറഞ്ഞയച്ചതും ചരിത്രത്തിന്റെ ഭാഗമാണ്. ഇന്ത്യാവിഭജനത്തിന്റെ വേളയിൽ ഗാന്ധിജി സ്വീകരിച്ച നിലപാടെന്തായിരുന്നുവെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ജിന്ന ഇന്ത്യയെ വിഭജിക്കുന്നതിന് കൂട്ടുനിന്ന വ്യക്തിയാണെന്ന നിലയിലാണ് ഇപ്പോൾ വിവാദമുണ്ടാക്കിയിരിക്കുന്നത്. 
ജിന്നയ്‌ക്കൊപ്പം ഇന്ത്യാ വിഭജനത്തിന് പിന്തുണയുമായി നിലയുറപ്പിച്ച മുൻഗാമികളെ തള്ളിപ്പറയാൻ ഇപ്പോൾ ജിന്നയുടെ പേരിൽ സംഘർഷം സൃഷ്ടിക്കുന്നവർ തയ്യാറാകുമോ എന്ന ചോദ്യം പ്രസക്തമാണ്.
ഹൈന്ദവ വികാരം ഉത്തേജിപ്പിക്കാനും കലാപം അഴിച്ചുവിടാനും പുതിയ ഓരോ വിഷയങ്ങൾ കണ്ടെത്തുകയാണ് സംഘ്പരിവാർ സംഘടനകൾ. ഇന്ത്യാവിഭജനം, പാകിസ്ഥാൻ തുടങ്ങിയ ദുർബല വികാരങ്ങളെ തൊട്ടുണർത്തി ഭരണ പരാജയം മറച്ചു വെക്കാനും അതുവഴി സാമുദായിക ധ്രുവീകരണമുണ്ടാക്കി വോട്ടു തട്ടാനുമുള്ള വിദ്യയാണിത്. അതിന് അനാവശ്യ വിവാദങ്ങളും സംഘർഷങ്ങളും ഇനിയും അവർ സൃഷ്ടിച്ചുകൊണ്ടേയിരിക്കും. ഇതിനെതിരെ മതേതര ജനാധിപത്യ വിശ്വാസികളുടെ നിതാന്ത ജാഗ്രത ഉണ്ടാകേണ്ടിയിരിക്കുന്നു. 
 

Latest News