ദോഹ - ലോകകപ്പില്‍ മൊറോക്കോയുടെ അപ്രതീക്ഷിത മുന്നേറ്റത്തിന് പല കാരണങ്ങളുണ്ടാവാം. അതിലൊന്ന് കുടുംബത്തിന്റെ സാന്നിധ്യമാണ്. പല കളിക്കാരുടെയും കുടുംബങ്ങള്‍ ഗാലറിയില്‍ കളി കാണുന്നുണ്ട്. മിക്ക കളിക്കാരും മറ്റു രാജ്യങ്ങളിലാണ് ജനിച്ചത്. എന്നാല്‍ മൊറോക്കൊ സംസ്‌കാരം അവരെ ഒന്നിപ്പിക്കുന്നു. പ്രത്യേകിച്ചും ശക്തമായ കുടുംബബന്ധം.
പി.എസി.ജി താരം അശ്‌റഫ് ഹകീമി സ്‌പെയിനിലെ മഡ്രീഡിലാണ് ജനിച്ചത്. സ്‌പെയിനിന്റെ യൂത്ത് ടീമിനൊപ്പം പരിശീലനം നടത്തിയിരുന്നു. സീനിയര്‍ ടീമിലും ഒരു കൈ നോക്കി. പക്ഷെ മൊറോക്കോ ടീമിനൊപ്പമാണ് ഭാവിയെന്ന് തീരുമാനിച്ചു. 'ഇതെന്റെ സ്ഥലമല്ലെന്നു തോന്നി. പ്രത്യേകിച്ച് ഒന്നും കൊണ്ടല്ല. എന്റെ വീട്ടിലെ അന്തരീക്ഷമായിരുന്നില്ല അവിടെ. ഒരു മൊറോക്കോക്കാരനെന്ന നിലയില്‍ അറബ് സംസ്‌കാരമാണ് എനിക്ക് യോജിച്ചത'് -ഹകീമി പറഞ്ഞു.
മൊറോക്കോയുടെ ജയം പാരിസ് മുതല്‍ ബ്രസ്സല്‍സും ബാഴ്‌സലോണയും വരെ ആഘോഷത്തിന്റെ അലകളിളക്കി. അവിടെയെല്ലാം മൊറോക്കോ വംശജരുണ്ട്.
ബെല്‍ജിയത്തിനെതിരായ വിജയത്തിനു ശേഷം ഹകീമി ഗാലറിയിലെത്തി മാതാവിനെ ചുംബിക്കുന്ന ദൃശ്യങ്ങള്‍ വന്‍ പ്രചാരം നേടിയിരുന്നു. കുടുംബത്തോടുള്ള സ്‌നേഹമാണ് പല കളിക്കാരെയും മൊറോക്കെ ദേശീയ ടീം തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്.
സുഫിയാന്‍ ബൂഫല്‍ പാരിസിലാണ് ജനിച്ചത്. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി മാതാവാണെന്ന് ബൂഫല്‍ പറഞ്ഞു. സ്‌പെയിനിനെ തോല്‍പിച്ചപ്പോള്‍ അവര്‍ കരയുകയായിരുന്നു. കുടുംബത്തിന്റെ പിന്തുണ പോലെ മറ്റൊന്നില്ല -ബൂഫല്‍ പറഞ്ഞു.
മഡ്രീഡില്‍ തെരുവ് കച്ചവടക്കാരനായിരുന്നു ഹകീമിയുടെ പിതാവ്. മാതാവ് വീടുകള്‍ വൃത്തിയാക്കി. ഗെറ്റാഫെയില്‍ ദരിദ്രമായ സാഹചര്യങ്ങളിലാണ് കുടംബം ജീവിച്ചത്. 'എനിക്കുവേണ്ടി അവര്‍ ത്യജിച്ച ത്യാഗങ്ങള്‍ക്ക് കണക്കില്ല, സഹോദരനു നല്‍കേണ്ടതു പോലും എന്റെ വിജയത്തിനായി മാറ്റിവെച്ചു. അവര്‍ക്കു വേണ്ടിയാണ് ഓരോ ദിവസവും ഞാന്‍ പൊരുതുന്നത്' -ഹകീമി പറഞ്ഞു.