ദോഹ - സൗന്ദര്യത്തിന്റെ അനര്‍ഗളമായ ഒഴുക്കായിരുന്നു ബ്രസീല്‍ ഇതുവരെ. ക്രൊയേഷ്യ കാരിരുമ്പിന്റെ മനക്കരുത്തും. എജുക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തില്‍ ഈ ടീമുകള്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ മുഖാമുഖം വരുമ്പോള്‍ ബ്രസീലിന്റെ കൂടെയായിരിക്കും ആരാധകര്‍ എന്നത് പ്രത്യേകിച്ച് പറയേണ്ടതില്ല. പ്രി ക്വാര്‍ട്ടറില്‍ തെക്കന്‍ കൊറിയക്കെതിരായ അവരുടെ പ്രകടനം ലോക ഫുട്‌ബോളിനുള്ള ഒരു പ്രണയലേഖനമായിരുന്നു. അതേസമയം ക്രൊയേഷ്യയെ ജപ്പാന്‍ ഷൂട്ടൗട്ടിന്റെ നൂല്‍പാലം വരെ പിന്തുടര്‍ന്നു. ഗോള്‍കീപ്പര്‍ ഡൊമിനിക് ലിവാകോവിച്ചാണ് മൂന്നു പെനാല്‍ട്ടികള്‍ തടുത്ത് അവരെ ക്വാര്‍ട്ടറിലെത്തിച്ചത്.
ക്രൊയേഷ്യ മൂന്നാം തവണയാണ് ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ കടക്കുന്നത്. ചെറിയ ചരിത്രത്തില്‍ അവര്‍ ഒരു തവണ റണ്ണേഴ്‌സ്അപ്പും മറ്റൊരിക്കല്‍ മൂന്നാം സ്ഥാനവും നേടി. എല്ലാ ലോകകപ്പും കളിക്കുകയും അഞ്ചു തവണ ചാമ്പ്യന്മാരാവുകയും ചെയ്ത ബ്രസീലിന് സുദീര്‍ഘമായ ചരിത്രമാണ്. ലോകകപ്പ് നോക്കൗട്ടിലെ അവസാന എട്ട് മത്സരങ്ങളില്‍ ഏഴിലും ക്രൊയേഷ്യക്ക് എക്‌സ്ട്രാ ടൈം കളിക്കേണ്ടി വന്നിട്ടുണ്ട്. അവസാന അഞ്ച് നോക്കൗട്ട് മത്സരങ്ങളില്‍ നാലും എക്‌സ്ട്രാ ടൈമിലും അതില്‍ തന്നെ മൂന്നും പെനാല്‍ട്ടിയിലുമാണ് വിധിയായത്. കഴിഞ്ഞ ലോകകപ്പ് ഫൈനല്‍ മാത്രമേ 90 മിനിറ്റില്‍ വിധിയായിട്ടുള്ളൂ. 2020 ലെ യൂറോക്കു ശേഷം ക്രൊയേഷ്യ 20 മത്സരങ്ങളില്‍ ഒന്നേ തോറ്റിട്ടുള്ളൂ. പക്ഷെ ബ്രസീല്‍ മുന്നേറുന്നത് ലോകകപ്പ് ചരിത്രത്തിലെ മികച്ച ടീമുകളിലൊന്ന് എന്ന പദവിയിലേക്കാണ്. കൊറിയക്കെതിരായ ആദ്യ പകുതി അക്ഷരാര്‍ഥത്തില്‍ ആഡംബരമായിരുന്നു. 36 മിനിറ്റാവുമ്പോഴേക്കും ഒന്നിനൊന്ന് മികച്ച നാല് ഗോളുകള്‍ക്ക് അവര്‍ മുന്നിലെത്തി. ഗ്രൂപ്പ് ഘട്ടത്തില്‍ റിച്ചാര്‍ലിസന്‍ നേടിയത് ഈ ടൂര്‍ണമെന്റിലെ തന്നെ മികച്ച ഗോളായിരുന്നു. പക്ഷെ അവസാന നാല് ലോകകപ്പില്‍ മൂന്നിലും ക്വാര്‍ട്ടറില്‍ അടിതെറ്റിയ ചരിത്രമാണ് ബ്രസീലിന്. ഫ്രാന്‍സും (2006) നെതര്‍ലാന്റ്‌സും (2010) ബെല്‍ജിയവും (2018) അവരെ മുട്ടുകുത്തിച്ചു. 2014 ലെ സെമി ഫൈനലില്‍ ജര്‍മനി 7-1 ന് നാണംകെടുത്തി. 2002 ല്‍ കിരീടം നേടിയ ശേഷം യൂറോപ്യന്‍ ടീമുകള്‍ക്കെതിരായ അഞ്ച് നോക്കൗട്ട് മത്സരങ്ങളും ബ്രസീല്‍ തോറ്റു. മറ്റൊരു യൂറോപ്യന്‍ ടീമാണ് ഇത്തവണ കാത്തുനില്‍ക്കുന്നത്.
ക്രൊയേഷ്യയുമായുള്ള അവസാന നാലു കളികളില്‍ തോറ്റിട്ടില്ലെന്നതാണ് ബ്രസീലിന്റെ ആശ്വാസം. അവസാന 19 കളികളില്‍ അവരുടെ ഏക തോല്‍വി കാമറൂണിനെതിരായ അപ്രസക്തമായ അവസാന ഗ്രൂപ്പ് മത്സരത്തിലായിരുന്നു.
ലൂക്ക് മോദ്‌റിച്ചും മാറ്റിയൊ കൊവസിച്ചും മാഴ്‌സെലൊ ബ്രോസവിച്ചുമടങ്ങുന്ന മധ്യനിരയാണ് ക്രൊയേഷ്യയുടെ ശക്തി. പ്രതിരോധത്തില്‍ യുവതാരം ജോസ്‌കൊ ഗ്വാര്‍ദിയോള്‍ ടൂര്‍ണമെന്റിന്റെ കണ്ടെത്തലാണ്. വിംഗുകളില്‍ ഇവാന്‍ പെരിസിച്ചും ആന്ദ്രെ ക്രാമരിച്ചും വെല്ലുവിളിയായിരിക്കും. റഫീഞ്ഞയും വിനിസിയൂസ് ജൂനിയറും നെയ്മാറും റിച്ചാര്‍ലിസനുമടങ്ങുന്ന ബ്രസീലിന്റെ ആക്രമണനിര ഏതു പ്രതിരോധത്തിനും പേടിസ്വപ്‌നമായിരിക്കും. കസിമീരോയും ലുക്കാസ് പക്വീറ്റയും മധ്യനിരയില്‍ കളി നിയന്ത്രിക്കും. ഡാനിലോയും തിയാഗൊ സില്‍വയും മാര്‍ക്വിഞ്ഞോസും എഡര്‍ മിലിറ്റാവോയും ഗോളി അലിസനു മുന്നില്‍ വന്‍മതിലായിരിക്കും. മറ്റൊരു ക്ലാസിക്കിനാണ് ലോകം കാത്തിരിക്കുന്നത്.