Sorry, you need to enable JavaScript to visit this website.

വിവാഹത്തലേന്ന് സെല്‍ഫിയെടുക്കുന്നതിനിടെ  വധൂവരന്മാര്‍ പാറക്കുളത്തില്‍ വീണു, കല്യാണം നീട്ടി 

കൊല്ലം-ചാത്തന്നൂരില്‍ വിവാഹത്തലേന്ന് സെല്‍ഫിയെടുക്കുന്നതിനിടെ വധൂവരന്മാര്‍ പാറക്കുളത്തില്‍ വീണു. 50 അടിയിലേറെ വെള്ളമുള്ള കുളത്തില്‍ നിന്ന് നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് സാഹസികമായാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്.  കല്ലുവാതുക്കലിലെ കാട്ടുപുറം ആയിരവില്ലി പാറക്കുളത്തിലായിരുന്നു അപകടം. പരവൂര്‍ കൂനയില്‍ അശ്വതികൃഷ്ണയില്‍ രാധാകൃഷ്ണന്റെയും ഷീലയുടെയും മകന്‍ വിനു.വി.കൃഷ്ണനും കല്ലുവാതുക്കല്‍ പാമ്പുറം അറപ്പുര വീട്ടില്‍ പരേതനായ ശ്രീകുമാറിന്റെയും സരിതയുടെയും മകള്‍ സാന്ദ്ര.എസ്.കുമാറുമാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് പാരിപ്പള്ളി പാമ്പുറം മഹാവിഷ്ണു ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം നടക്കേണ്ടിയിരുന്നത്. 
വ്യാഴാഴ്ച രാവിലെ വധുവിന്റെ വീട്ടില്‍ സ്വീകരണ സത്കാരങ്ങള്‍ക്കുള്ള അവസാനഘട്ട ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് വരന്‍ സാന്ദ്രയുമായി പാറക്കുളത്തിന്റെ കരയിലെത്തിയത്. സെല്‍ഫിയെടുക്കുന്നതിനിടെ കാല്‍ വഴുതി സാന്ദ്ര കുളത്തിലേക്ക് വീഴുകയായിരുന്നു. വിനു പിന്നാലെ ചാടിയെങ്കിലും സാന്ദ്രയെ കരയ്ക്കെത്തിക്കാന്‍ കഴിഞ്ഞില്ല. നിലവിളി കേട്ടെത്തിയ നാട്ടുകാരും പാരിപ്പള്ളി എസ്.എച്ച്.ഒ  ജബ്ബാറിന്റെ നേതൃത്വത്തിലെത്തിയ പോലീസും നാവായ്ക്കുളത്ത് നിന്നെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് ഇരുവരെയും കരയ്ക്കെത്തിച്ചത്. തുടര്‍ന്ന് ഇരുവരെയും പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നട്ടെല്ലിനും കാലിനും പരിക്കേറ്റ സാന്ദ്രയ്ക്ക് മൂന്നുമാസത്തെ പൂര്‍ണവിശ്രമം ആവശ്യമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. അതിനുശേഷം വിവാഹം നടത്താനാണ് ഇരുവീട്ടുകാരുടെയും തീരുമാനം. 

Latest News