കോഴിക്കോട്- എം.ബി.ബി.എസ്. പ്രവേശന പരീക്ഷാ യോഗ്യത പോലുമില്ലാത്ത പ്ലസ് ടു വിദ്യാര്‍ഥിനി കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നാലുദിവസം അധികൃതരറിയാതെ ക്ലാസിലിരുന്നു. മലപ്പുറം സ്വദേശിനിയായ വിദ്യാര്‍ഥിനി അഞ്ചാംദിവസം ക്ലാസില്‍ ഹാജരാകാതെ വന്നപ്പോഴാണ് ഇത് ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്.
മെഡിക്കല്‍ കോളേജില്‍ നവംബര്‍ 29ന് ഒന്നാംവര്‍ഷ വിദ്യാര്‍ഥികളുടെ ക്ലാസ് ആരംഭിച്ചു. മൊത്തം 245 പേര്‍ക്കാണ് ഇവിടെ പ്രവേശനം ലഭിച്ചത്. ഇതിനു പുറമെയാണ് പ്ലസ് ടു വിദ്യാര്‍ഥിനി കടന്നുകൂടിയത്. എന്നാല്‍, നാലുദിവസം കഴിഞ്ഞപ്പോള്‍ വിദ്യാര്‍ഥികളുടെ ഹാജര്‍പട്ടികയും പ്രവേശന രജിസ്റ്ററും തമ്മില്‍ താരതമ്യം ചെയ്തപ്പോഴാണ് കണക്കില്‍പ്പെടാതെ ഒരു വിദ്യാര്‍ഥി അധികമുള്ളതായി കണ്ടെത്തുന്നത്. ഈ കുട്ടിയുടെ പേര് ഹാജര്‍ പട്ടികയിലുണ്ട്. എന്നാല്‍, പ്രവേശന രജിസ്റ്ററില്‍ ഇല്ല. പ്രവേശനയോഗ്യതയില്ലാത്ത കുട്ടിയുടെ പേര് എങ്ങനെ ഹാജര്‍പട്ടികയില്‍ വന്നെന്ന കാര്യം ദുരൂഹമാണ്.
നവംബര്‍ 29, 30, ഡിസംബര്‍ ഒന്ന്, രണ്ട് ദിവസങ്ങളിലാണ് ഈ കുട്ടി മെഡിസിന്‍ ക്ലാസില്‍ ഇരുന്നത്. വാട്സാപ്പ് ഗ്രൂപ്പിലും ഫേസ് ബുക്കിലുമെല്ലാം പ്ലസ് ടു വിദ്യാര്‍ഥിനി തനിക്ക് എം.ബി.ബി.എസിന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശനം കിട്ടിയതായി കൂട്ടുകാര്‍ക്കെല്ലാം സന്ദേശങ്ങളും അയച്ചിട്ടുണ്ട്.
ഇത്തരത്തില്‍ വിദ്യാര്‍ഥിനി പഠനത്തിനെത്തിയെന്ന സംഭവം പുറത്തായതോടെ കോഴ്സ് കോഓര്‍ഡിനേറ്റര്‍ വിവരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനെ അറിയിച്ചു. പ്രിന്‍സിപ്പല്‍ മെഡിക്കല്‍ കോളേജ് പോലീസില്‍ ഇത് സംബന്ധിച്ച് വ്യാഴാഴ്ച പരാതി നല്‍കി. മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.