ഗാസ സിറ്റി- ജറൂസലേമിലേക്ക് അമേരിക്കൻ എംബസി മാറ്റുന്നതിനെതിരെ ഫലസ്തീനികൾ നടത്തിയ പ്രക്ഷോഭത്തിന് നേരെ ഇസ്രായിൽ സൈന്യം നടത്തിയ വെടിവെപ്പിൽ മരിച്ചവരുടെ എണ്ണം 37 ആയി. ജറൂസലേമിലേക്ക് അമേരിക്കൻ എംബസി മാറ്റുന്നതിനെതിരെ കനത്ത പ്രക്ഷോഭമാണ് ഫലസ്തീനികൾ നടത്തുന്നത്. നൂറുകണക്കിന് പ്രകടനങ്ങൾ പലയിടങ്ങളിലും നടന്നു. 2014-ൽ ഗാസ യുദ്ധം നടന്ന ശേഷം ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെട്ടത് സംഘർഷമാണിത്. പതിനാല് വയസുള്ള കുട്ടിയടക്കം 37 പേരാണ് അമേരിക്കൻ എംബസി മാറ്റുന്നതിനെതിരായ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടത്. ഗാസ അതിർത്തിയിലെ അഞ്ചിടങ്ങളിലാണ് സംഘർഷമുണ്ടായത്. 900ത്തിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. 35,000-ത്തിലേറെ പേർ പ്രക്ഷോഭത്തിൽ പങ്കെടുത്തുവെന്നാണ് ഇസ്രായിൽ സൈന്യം ആരോപിക്കുന്നത്.
ടെൽഅവീവിൽ നിന്ന് തങ്ങളുടെ എംബസി ജറൂസലമിലേക്ക് മാറ്റുന്നതിനുള്ള അമേരിക്കയുടെ തീരുമാനം മധ്യപൗരസ്ത്യദേശത്തെ കൂടുതൽ സംഘർഷഭരിതമാക്കുമെന്ന് മുൻ സൗദി ജനറൽ ഇന്റലിജൻസ് മേധാവിയും അമേരിക്കയിലെ മുൻ സൗദി അംബാസഡറുമായ തുർക്കി അൽഫൈസൽ രാജകുമാരൻ പറഞ്ഞു.