ചോദ്യം: ഞാനൊരു പ്രദേശിക കമ്പനിയിലാണ് ജോലി നോക്കുന്നത്. എന്റെ ഇഖാമ രണ്ടു വർഷത്തേക്ക് പുതുക്കാൻ സാധിക്കുമോ?
ഉത്തരം: ഡ്രൈവർമാർ, വാച്ച്മാൻ, വനിത ഗാർഹിക തൊഴിലാളി തുടങ്ങിയ ഗാർഹിക തൊഴിലാളികളുടെ ഗണത്തിൽ പെടുന്നവരുടെ ഇഖാമ ജവാസാത്തിൽനിന്ന് നേരിട്ട് പുതുക്കുന്നതിനാൽ ഒരു വർഷത്തേക്കോ രണ്ടു വർഷത്തേക്കോ പുതുക്കാനാവും. വാണിജ്യ തൊഴിലാളികളുടെ ഇഖാമ മനുഷ്യ വിഭവശേഷി മന്ത്രാലയത്തിൽനിന്ന് അവരുടെ വർക്ക് പെർമിറ്റ് പുതുക്കുന്ന കാലാവധിക്ക് അനുസരിച്ചായിരിക്കും ഇഖാമയും പുതുക്കുക. വർക് പെർമിറ്റിന് മന്ത്രാലയത്തിൽ ഒരു വർഷത്തേക്കുള്ള ഫീസ് ആണ് അടച്ചിട്ടുള്ളതെങ്കിൽ ജവാസാത്തിൽനിന്ന് ഇഖാമ ഒരു വർഷത്തേക്കു മാത്രമായിരിക്കും പുതുക്കുക. രണ്ടു വർഷത്തേക്ക് വർക്ക് പെർമിറ്റ് ഫീസ് അടച്ചിട്ടുണ്ടെങ്കിൽ ഇഖാമയും രണ്ടു വർഷത്തേക്ക് പുതുക്കി ലഭിക്കും.
പ്രവേശന നിരോധനം നിലവിലുണ്ടെന്ന് എങ്ങനെ അറിയാം
ചോദ്യം: സൗദി അറേബ്യയിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്ന് എങ്ങനെ അറിയാം?
ഉത്തരം: നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന്റെ പേരിൽ നാടു കടത്തപ്പെട്ടിട്ടുള്ള ആളാണെങ്കിൽ ആജീവാനന്തം അയാൾക്ക് സൗദിയിൽ പ്രവേശിക്കാൻ കഴിയില്ല. നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് പോലീസ് പിടികൂടി ജയിലിൽ കഴിഞ്ഞിട്ടുള്ളവർക്കും കോടതി ശിക്ഷിച്ചിട്ടുള്ളവർക്കും ആജീവാനന്ത വിലക്കാണുണ്ടാവുക. നിയമാനുസൃതം ഫൈനൽ എക്‌സിറ്റിൽ പോയ ആളാണെങ്കിൽ എപ്പോൾ വേണമെങ്കിലും ഏതു വിസയിലും സൗദിയിൽ പ്രവേശിക്കാൻ കഴിയും.
അതേ സമയം എക്‌സിറ്റ് റീ എൻട്രി വിസയിൽ പോയി നിശ്ചിത സമയത്തിനകം മടങ്ങി വരാത്തവരാണെങ്കിൽ അവർക്ക് എക്‌സിറ്റ് റീ എൻട്രിയുടെ കാലാവധിക്കു ശേഷം മൂന്നു വർഷത്തിനു ശേഷം മാത്രമായിരിക്കും സൗദിയിൽ പ്രവേശിക്കാൻ അനുമതി ലഭിക്കുക. അതിനിടക്ക് ഉംറ, ഹജ്, വിസിറ്റ്, തൊഴിൽ തുടങ്ങി ഒരു വിസയിലും രാജ്യത്ത് പ്രവേശിക്കാൻ കഴിയില്ല. മൂന്നു വർഷത്തിനു ശേഷം ഓട്ടോമാറ്റിക് ആയി ബാൻ നീങ്ങിക്കിട്ടും.