ദോഹ - ലോകകപ്പില്‍ പോര്‍ചുഗല്‍ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുമായി ബന്ധപ്പെട്ട വിവാദം അടങ്ങുന്നില്ല. റിസര്‍വ് കളിക്കാരുടെ പരിശീലന സെഷനില്‍ നിന്ന് റൊണാള്‍ഡൊ വിട്ടുനിന്നതായാണ് വാര്‍ത്ത. റിസര്‍വ് കളിക്കാര്‍ക്കും സ്റ്റാര്‍ടിംഗ് ഇലവനും വെവ്വേറെയാണ് പരിശീലനം. സ്വിറ്റ്‌സര്‍ലന്റിനെതിരെ പ്ലേയിംഗ് ഇലവനില്‍ ഇല്ലാതിരുന്ന കളിക്കാരുടെ വാംഅപ് സെഷന് റൊണാള്‍ഡൊ എത്തിയില്ല. പകരം അന്ന് പ്ലേയിംഗ് ഇലവനിലുണ്ടായിരുന്ന 11 പേരോടൊപ്പം ജിം സെഷനിലാണ് റൊണാള്‍ഡൊ പങ്കെടുത്തത്.
സ്വിറ്റ്‌സര്‍ലന്റിനെതിരായ മത്സരത്തില്‍ റൊണാള്‍ഡോയെ റിസര്‍വ് ബെഞ്ചിലിരുത്തിയതും പകരം കളിച്ച ഇരുപത്തൊന്നുകാരന്‍ ഗോണ്‍സാലൊ റാമോസ് ഈ ലോകകപ്പിലെ ആദ്യ ഹാട്രിക് നേടിയതും വാര്‍ത്തയായിരുന്നു. മത്സരം 6-1 ന് പോര്‍ചുഗല്‍ ജയിച്ചത് കളിക്കാര്‍ ആഘോഷിക്കുമ്പോള്‍ ലുസൈല്‍ സ്‌റ്റേഡിയത്തില്‍ നിന്ന് ഒറ്റക്ക് റൊണാള്‍ഡൊ ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയതും ഏറെ ശ്രദ്ധിക്കപ്പെട്ടു. തെക്കന്‍ കൊറിയക്കെതിരായ ഗ്രൂപ്പ് മത്സരത്തില്‍ സബ്സ്റ്റിറ്റിയൂട്ട് ചെയ്തതില്‍ റൊണാള്‍ഡൊ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.