റിയാദ് - ഈ വര്‍ഷം സൗദി അറേബ്യ 102 ബില്യണ്‍ റിയാല്‍ ബജറ്റ് മിച്ചം നേടിയതായി ധനമന്ത്രാലയം അറിയിച്ചു. അടുത്ത കൊല്ലത്തേക്കുള്ള ബജറ്റ് അംഗീകരിക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ പ്രത്യേക മന്ത്രിസഭാ യോഗം ചേരുന്നതിനു തൊട്ടുമുമ്പാണ് ഈ വര്‍ഷത്തെ ബജറ്റുമായി ബന്ധപ്പെട്ട കണക്കുകള്‍ ധനമന്ത്രാലയം പുറത്തുവിട്ടത്. 2013 നു ശേഷം ആദ്യമായാണ് സൗദി അറേബ്യ ബജറ്റ് മിച്ചം നേടുന്നത്. ഈ വര്‍ഷത്തെ ബജറ്റ് മിച്ചം മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ 2.6 ശതമാനത്തിന് തുല്യമാണ്.
ഈ വര്‍ഷാവസാനത്തോടെ പൊതുകടം മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ 24.9 ശതമാനമായി കുറയും. വര്‍ഷാവസാനത്തോടെ പൊതുകടം 985 ബില്യണ്‍ റിയാലാകും. ഈ കൊല്ലം പൊതുവരുമാനം 1,234 ബില്യണ്‍ റിയാലും ധനവിനിയോഗം 1,132 ബില്യണ്‍ റിയാലും മിച്ചം 102 ബില്യണ്‍ റിയാലുമാണ്. ഈ വര്‍ഷത്തെ ബജറ്റ് അംഗീകരിച്ചപ്പോള്‍ കണക്കാക്കിയ വരുമാനം 1,045 ബില്യണ്‍ റിയാലും ചെലവ് 955 ബില്യണ്‍ റിയാലുമായിരുന്നു. പ്രതീക്ഷിച്ചിരുന്ന മിച്ചം 90 ബില്യണ്‍ റിയാലായിരുന്നു. കഴിഞ്ഞ കൊല്ലം ബജറ്റില്‍ 73 ബില്യണ്‍ റിയാല്‍ കമ്മി നേരിട്ടിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ കൊല്ലം ബജറ്റ് വരുമാനം 28 ശതമാനം തോതിലും ചെലവ് ഒമ്പതു ശതമാനം തോതിലും വര്‍ധിച്ചു.
അടുത്ത കൊല്ലം പൊതുവരുമാനം 1,130 ബില്യണ്‍ റിയാലും ധനവിനിയോഗം 1,114 ബില്യണ്‍ റിയാലും മിച്ചം 16 ബില്യണ്‍ റിയാലുമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ധനമന്ത്രാലയം പറഞ്ഞു. ഇതിനു മുമ്പ് 2013 ലാണ് സൗദി അറേബ്യ അവസാനമായി ബജറ്റ് മിച്ചം നേടിയത്. ആ വര്‍ഷം 180 ബില്യണ്‍ റിയാലായിരുന്നു മിച്ചം. എന്നാല്‍ 2014 മുതല്‍ ബജറ്റ് കമ്മിയാകാന്‍ തുടങ്ങി. ഏറ്റവും ഉയര്‍ന്ന കമ്മി രേഖപ്പെടുത്തിയത് 2015 ല്‍ ആയിരുന്നു. ആ കൊല്ലം 367 ബില്യണ്‍ റിയാലായിരുന്നു കമ്മി. 2016 ല്‍ കമ്മി 300 ബില്യണ്‍ റിയാലായി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കമ്മി ക്രമാനുഗതമായി കുറയാന്‍ തുടങ്ങി. എന്നാല്‍ കൊറോണ മഹാമാരി വ്യാപനം 2020 ല്‍ ബജറ്റ് കമ്മി വലിയ തോതില്‍ ഉയരാന്‍ ഇടയാക്കി. കഴിഞ്ഞ വര്‍ഷം കമ്മി വീണ്ടും കുറഞ്ഞു.