ആലപ്പുഴ- മെഡിക്കല്‍ കോളജില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ആരോപണ വിധേയനായ ഡോക്ടറെ മാറ്റിനിര്‍ത്താന്‍ തീരുമാനം. കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഡോ. തങ്കു തോമസ് കോശിയെ മാറ്റി നിര്‍ത്താനുള്ള തീരുമാനം. അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങും. ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് നേരത്തേ കേസെടുത്തിരുന്നു.
കൈനകരി കുട്ടമംഗലം കായിത്തറ ശ്യാംജിത്തിന്റെ ഭാര്യ അപര്‍ണയും (21) പെണ്‍കുഞ്ഞുമാണ് മരിച്ചത്. അമ്മയും കുഞ്ഞും മരിച്ചത് ചികിത്സാ പിഴവാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. തിങ്കളാഴ്ചയായിരുന്നു അപര്‍ണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച വൈകിട്ട് വേദനയെത്തുടര്‍ന്ന് ലേബര്‍ റൂമിലേക്ക് മാറ്റി. കുഞ്ഞ് ഇന്നലെ രാത്രിയും അപര്‍ണ ഇന്ന് പുലര്‍ച്ചെയുമാണ് മരിച്ചത്.
പ്രസവസമയത്ത് ഡോക്ടര്‍ ഉണ്ടായിരുന്നില്ലെന്നും പഠിക്കുന്ന വിദ്യാര്‍ഥികളാണ് ഓപ്പറേഷന്‍ നടത്തിയതെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. അനസ്‌തേഷ്യ കൂടിപ്പോയതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായാണ് ബന്ധുക്കള്‍ പറയുന്നത്. കുഞ്ഞ് മരിച്ചതിന് പിന്നാലെ ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പിന്നീട് അമ്പലപ്പുഴ പോലീസെത്തിയാണ് സംഘര്‍ഷം ഒഴിവാക്കിയത്. കുഞ്ഞിന്റെ മരണം അന്വേഷിക്കാന്‍ വിദഗ്ധസമിതിയെ ആശുപത്രി സൂപ്രണ്ട് ഡോ. എ. അബ്ദുല്‍ സലാം ചുമതലപ്പെടുത്തിയിരുന്നു.