മക്ക - നാലു മാസത്തിനിടെ മക്ക വിശുദ്ധ ഹറമില്‍ മൂന്നു കോടിയോളം പേര്‍ക്ക് വളണ്ടിയര്‍മാരുടെ സേവനങ്ങള്‍ പ്രയോജനപ്പെട്ടതായി ഹറംകാര്യ വകുപ്പിനു കീഴിലെ സാമൂഹിക, സന്നദ്ധ, മാനുഷിക സേവന വിഭാഗം അറിയിച്ചു. നാലു മാസത്തിനിടെ വിശുദ്ധ ഹറമില്‍ വളണ്ടിയര്‍മാര്‍ 59,15,193 പേക്കറ്റ് ഇഫ്താറും 3,66,500 കുടകളും വിതരണം ചെയ്തു. 23,57,190 ബോട്ടില്‍ സംസം വെള്ളവും വളണ്ടിയര്‍മാര്‍ തീര്‍ഥാടകര്‍ക്കും വിശ്വാസികള്‍ക്കുമിടയില്‍ വിതരണം ചെയ്തു. 59,17,344 പേര്‍ക്ക് മറ്റു സേവനങ്ങള്‍ നല്‍കി. ഹോസ്പിറ്റാലിറ്റി പ്രോഗ്രാമിന്റെ ഭാഗമായി 1,50,41,325 പേര്‍ക്ക് ആതിഥേയത്വം നല്‍കി. വിശുദ്ധ ഹറമില്‍ നാലു മാസത്തിനിടെ 35 സന്നദ്ധ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ 17 മേഖലകളില്‍ വളണ്ടിയര്‍മാര്‍ 12,13,540 മണിക്കൂര്‍ സന്നദ്ധപ്രവര്‍ത്തനം നടത്തി. ഇതിന്റെ പ്രയോജനം 2,95,97,552 പേര്‍ക്ക് ലഭിച്ചതായും ഹറംകാര്യ വകുപ്പിനു കീഴിലെ സാമൂഹിക, സന്നദ്ധ, മാനുഷിക സേവന വിഭാഗം അറിയിച്ചു.
കഴിഞ്ഞ എട്ടു മാസത്തിനിടെ മസ്ജിദുന്നബവിയില്‍ വിശ്വാസികള്‍ക്ക് ഫീല്‍ഡ് സേവനങ്ങള്‍ നല്‍കുന്നതില്‍ 7,000 വളണ്ടിയര്‍മാര്‍ പങ്കാളിത്തം വഹിച്ചു. സന്നദ്ധപ്രവര്‍ത്തനങ്ങളുടെ പങ്ക് സജീവമാക്കാനും പ്രവര്‍ത്തന പദ്ധതികള്‍ നടപ്പാക്കാനുമുള്ള മസ്ജിദുന്നബവികാര്യ വകുപ്പിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഇത്രയും വളണ്ടിയര്‍മാര്‍ മസ്ജിദുന്നബവിയില്‍ സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്. നാഷണല്‍ വളണ്ടിയര്‍ പോര്‍ട്ടല്‍ വഴി പുതിയ സന്നദ്ധപ്രവര്‍ത്തന അവസരങ്ങള്‍ അംഗീകരിച്ച് വളണ്ടിയര്‍മാരെ ആകര്‍ഷിക്കാനും മസ്ജിദുന്നബവികാര്യ വകുപ്പിനു കീഴിലെ വിവിധ വിഭാഗങ്ങളുടെ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ പങ്കാളിത്തത്തിന് അവസരമൊരുക്കാനും മസ്ജിദുന്നബവികാര്യ വകുപ്പിനു കീഴിലെ സന്നദ്ധപ്രവര്‍ത്തന വിഭാഗം മേല്‍നോട്ടം വഹിക്കുന്നു.
എട്ടു മാസത്തിനിടെ 47 സന്നദ്ധപ്രവര്‍ത്തന അവസരങ്ങളില്‍ വളണ്ടിയര്‍മാര്‍ പ്രവര്‍ത്തിച്ചു. ഇക്കാലയളവില്‍ മൂന്നരലക്ഷത്തിലേറെ മണിക്കൂര്‍ മസ്ജിദുന്നബവിയില്‍ വളണ്ടിയര്‍മാര്‍ സേവനമനുഷ്ഠിച്ചു. വികലാംഗരെയും പ്രായംചെന്നവരെയും സഹായിക്കല്‍, വ്യത്യസ്ത ഭാഷകളില്‍ തീര്‍ഥാടകര്‍ക്ക് സ്ഥലവും വഴികളും പറഞ്ഞുകൊടുക്കല്‍, ആള്‍ക്കൂട്ട നിയന്ത്രണം, പ്രാഥമിക ശുശ്രൂഷകള്‍, പബ്ലിക് റിലേഷന്‍സ് അടക്കമുള്ള മേഖലകളിലാണ് മസ്ജിദുന്നബവിയില്‍ വളണ്ടിയര്‍മാര്‍ പ്രവര്‍ത്തിക്കുന്നത്.
നാഷണല്‍ വളണ്ടിയര്‍ പോര്‍ട്ടല്‍ സ്ഥാപിച്ച ശേഷം ഇതുവരെ പോര്‍ട്ടലില്‍ 12 ലക്ഷം വളണ്ടിയര്‍മാരും 5,000 സന്നദ്ധ സ്ഥാപനങ്ങളും ഏജന്‍സികളും രജിസ്റ്റര്‍ ചെയ്തതായി മാനവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി പറഞ്ഞു. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത വളണ്ടിയര്‍മാരില്‍ 5,27,000 പേര്‍ സ്വദേശികളാണ്. നാഷണല്‍ വളണ്ടിയര്‍ പോര്‍ട്ടല്‍ മുന്നോട്ടുവെച്ച 3,000 ലേറെ സന്നദ്ധപ്രവര്‍ത്തന അവസരങ്ങളില്‍ ഇവര്‍ ഇതുവരെ 3.2 കോടിയിലേറെ മണിക്കൂര്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തി. മുന്നോട്ടുവരുന്ന വളണ്ടിയര്‍മാരുടെ ആധിക്യം കാരണം പോര്‍ട്ടലില്‍ പരസ്യപ്പെടുത്തുന്ന ഏതു സന്നദ്ധപ്രവര്‍ത്തന അവസരങ്ങളും പരസ്യപ്പെടുത്തി ഒരു മണിക്കൂറിനകം ക്ലോസ് ചെയ്യുകയാണ് പതിവെന്നും എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി പറഞ്ഞു.