ദോഹ-മൊറോക്കോയെയും സ്‌പെയിനെയും അതിർത്തി കൊണ്ടു വേർതിരിക്കുന്നത് മെഡിറ്ററേനയിൽ കടലിലെ പതിമൂന്നു കിലോമീറ്റർ ദൂരമാണ്. സ്‌പെയിനിനെ തോൽപ്പിച്ച് ലോകകപ്പ് ഫുട്‌ബോൾ ക്വാർട്ടറിൽ പ്രവേശിച്ചപ്പോൾ മൊറോക്കോയിൽനിന്ന് മുഴങ്ങിയ ആഹ്ലാദാരവങ്ങൾ മെഡിറ്ററേനിയൻ കടലും കടന്ന് സ്‌പെയിനിൽ അലകളുണ്ടാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ വൈരങ്ങളുടെയും പോരാട്ടങ്ങളുടെ കഥകളിൽ പുതിയ അധ്യായം കൂടി എഴുതിച്ചേർക്കുന്നതാണ് ലോകകപ്പ് വിജയം. പതിമൂന്ന് കിലോമീറ്റർ മാത്രമാണ് മൊറോക്കോ-സ്‌പെയിൻ ദൂരം എന്നതിനർത്ഥം ഇരുരാജ്യങ്ങളും തമ്മിൽ സാംസ്‌കാരികവും കായികവും കുടുംബപരവമായ നിരവധി ബന്ധങ്ങൾ നിലനിൽക്കുന്നു എന്നു കൂടിയാണ്. ഇരുരാജ്യങ്ങളെയും മാത്രമല്ല, യൂറോപ്പിനെയും ആഫ്രിക്കയെയും വേർതിരിക്കുന്നതും മധ്യധരണാഴിയിലെ ഈ പതിമൂന്ന് കിലോമീറ്ററാണ്.
മൊറോക്കോക്കോക്ക് വേണ്ടി പെനാൽറ്റി ഷൂട്ടൗട്ടിൽ അവസാനത്തെ കിക്കെടുത്ത അഷ്‌റഫ് ഹാക്കിമി സ്‌പെയിനിലാണ് ജനിച്ചത്. ഹാക്കിമിയുടെ അവസാനത്തെ കിക്കിൽ മൊറോക്കോ ജയം ഉറപ്പിക്കുകയും ആഫ്രിക്കയും അറബ് ലോകവും ആഹ്ലാദത്തിൽ മുങ്ങുകയും ചെയ്തു. മൊറോക്കോ നിരയിലെ മുനീർ മുഹമ്മദിയും സ്‌പെയിനിലാണ് ജനിച്ചത്. മൊറോക്കോ ടീമിലെ നാലു പേർ സ്‌പെയിനിലെ വിവിധ ഫുട്‌ബോൾ ക്ലബ്ബുകളിൽ കളിക്കുന്നവരുമാണ്. മൊറോക്കോ കോച്ച് വാലിഡ് റെഗ്രഗുയിയും സ്‌പെയിനിലെ റേസിംഗ് സാന്റാസ് ടീമിന് വേണ്ടി കളിച്ചിരുന്നു.
ഈ ലോകകപ്പിൽ അവശേഷിക്കുന്ന ഏക അറബ് ടീമാണ് മൊറോക്കോ. ആഫ്രിക്കൻ ടീമും മൊറോക്കോയാണ്. അതുകൊണ്ടു തന്നെ വൻ പിന്തുണയാണ് അറബ് ലോകത്തുനിന്ന് മൊറോക്കോക്ക് ലഭിക്കുന്നത്. ബഗ്ദാദ് മുതൽ കാസാബ്ലാങ്ക വരെമൊറോക്കോയുടെ വിജയം ആഘോഷിച്ചുവെന്ന വാർത്താ ഏജൻസികളുടെ അവകാശവാദം വെറുംവാക്കല്ലെന്ന് ലോകകപ്പ് നടക്കുന്ന ദോഹയിലെ ഇനിയും തീരാത്ത ആഘോഷങ്ങൾ വിളിച്ചുപറയുന്നു. 1990ൽ കാമറൂണിനും 1994-ൽ നൈജീരിയയ്ക്കും 2012-ൽ ഘാനയ്ക്കും ശേഷം ക്വാർട്ടർ ഫൈനലിൽ എത്തിയ നാലാമത്തെ അറബ്-ആഫ്രിക്കൻ ടീമാണ് മൊറോക്കോ. 2022-ൽ ഏറ്റവും ഒടുവിൽ പുറത്തുപോയ ആഫ്രിക്കൻ ടീം സെനഗലാണ്.
മൊറോക്കോയുടെ തലസ്ഥാനമായ റബാത്തിലെ മുഴുവൻ കഫേകളിലും ചൊവ്വാഴ്ച വൈകിട്ട് കളി കാണാൻ ആരാധകർ നിറഞ്ഞിരുന്നു. വൻ വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു ആരാധകർ കൂട്ടംകൂട്ടമായി എത്തിയത്.
ഖത്തർ അമീർ ശെഖ് തമീം ബിൻ ഹമദ് അൽതാനിയാണ് അറബ് ലോകത്തിന്റെ ആഹ്ലാദപ്രകടനങ്ങൾക്ക് തുടക്കം കുറിച്ചത്. സ്‌പെയിനിന്റെ വലയിലേക്ക് അഷ്‌റഫ് ഹാക്കിമിയുടെ പന്ത് ഗോളിയെയും മറികടന്നെത്തിയപ്പോൾ ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റ് അമീർ മൊറോക്കോയുടെ പതാക വീശി. കൈകൾ കളിക്കാർക്ക് നേരെ ഉയർത്തി വിജയചിഹ്നം കാണിച്ചു. മകളുടെ കയ്യിൽനിന്നാണ് അമീർ പതാക വാങ്ങി വീശിയത്. നേരത്തെ അർജന്റീനക്ക് എതിരെ സൗദി വിജയിച്ചപ്പോഴും ഖത്തർ അമീർ സമാന രീതിയിൽ ആഘോഷത്തിൽ പങ്കെടുത്തിരുന്നു.
എഡ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ സകുടുംബം കളി കാണാനെത്തിയ അമീറിന് അടുത്തിരുന്ന് പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫാ അൽതാനിയും മൊറോക്കോ വിജയത്തിൽ സന്തോഷവാനായാണ് കാണപ്പെട്ടത്. മൊറോക്കോയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ചുവന്ന ഗൗണണിഞ്ഞെത്തിയ ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്സണും അമീറിന്റെ മാതാവുമായ ശൈഖ് മൗസ ബിൻത് നാസറും എഴുന്നേറ്റ് നിന്നു. സ്റ്റേഡിയത്തിലെ ആരവങ്ങൾക്കൊപ്പം രാജ്യനേതൃത്വവും ആഹ്ലാദഭരിതരായി.
അറബ് ലോകത്തിന്റെ പിന്തുണയും പ്രോത്സാഹനവും മൊറോക്കോ ടീമിനുണ്ട് എന്നതാണ് ബുധനാഴ്ച നേരം പുലരും വരെ ദോഹ സൂഖ് വാഫിഖിലെ ആഘോഷത്തിൽനിന്ന് തെളിയുന്നത്. മൊറോക്കോ പതാകയുടെ കൂടെ സ്വന്തം രാജ്യത്തിന്റെയും ഫലസ്തീന്റെയും പതാക വീശിയാണ് ജനം ആഘോഷിക്കുന്നത്. വിജയിച്ച മൊറോക്കോ ടീം ഗ്രൗണ്ടിലും ഫലസ്തീൻ പതാക ഉയർത്തിക്കാട്ടിയിരുന്നു. വിജയം ഫലസ്തീന് സമർപ്പിക്കുകയാണെന്നും മൊറോക്കോ ടീം വ്യക്തമാക്കിയിരുന്നു. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം, ലെബനീസ് പ്രധാനമന്ത്രി നജീബ് മിക്കാതി, ലിബിയൻ പ്രധാനമന്ത്രി അബ്ദുൽ ഹമീദ് അൽദ്ബീബ, ജോർദ്ദാൻ രാജ്ഞി റാനിയ അൽഅബ്ദുല്ല, സുഡാനിലെ ഡെപ്യൂട്ടി റൂളിംഗ് കൗൺസിൽ തലവൻ മുഹമ്മദ് ഹംദാൻ ദഗാലോ എന്നിവരെല്ലാം മൊറോക്കൻ ടീമിനെ അഭിനന്ദിച്ചു. മൊറോക്കോയുടെ വിജയത്തെ പുലരും വരെ വിവിധ അറബ്-ആഫ്രിക്കൻ രാജ്യങ്ങളും ആഘോഷിച്ചു.