മദീന- പ്രവാചകന്റെ പള്ളിയില്‍ സന്ദര്‍ശകരെ സേവിക്കാന്‍ കഴിഞ്ഞ എട്ട് മാസത്തിനിടെ ഏഴായിരത്തിലധികം സന്നദ്ധപ്രവര്‍ത്തകര്‍ സേവനമനുഷ്ഠിച്ചു. വിവിധ സേവനങ്ങള്‍ നല്‍കുന്നതിന് പുറമെ മെഡിക്കല്‍ സേവനങ്ങളും പൊതുവായ മാര്‍ഗനിര്‍ദേശങ്ങളും സന്നദ്ധപ്രവര്‍ത്തകര്‍ നല്‍കിയതായി മസ്ജിദുന്നബവി മാനേജ്‌മെന്റിനെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സന്ദര്‍ശകരെ സേവിക്കാന്‍ സന്നദ്ധരായവര്‍ക്കായി പ്രത്യേക പോര്‍ട്ടല്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും അവിടെ രജിസ്റ്റര്‍ ചെയ്യാമെന്നും അധികൃതര്‍ അറിയിച്ചു.
സന്നദ്ധപ്രവര്‍ത്തകര്‍ 47 വ്യത്യസ്ത സേവനങ്ങള്‍ നല്‍കി. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും വികലാംഗര്‍ക്കും പ്രായമായ സന്ദര്‍ശകര്‍ക്കും സൗകര്യമൊരുക്കുന്നതിനും പുറമെ മെഡിക്കല്‍ സേവനങ്ങളും പൊതുവായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്.
അടിയന്തര സാഹചര്യങ്ങളില്‍ റെഡ് ക്രസന്റുമായി സഹകരിച്ച് സന്നദ്ധപ്രവര്‍ത്തകര്‍ വിവിധ ഭാഷകളില്‍ സേവനം നല്‍കി.