മട്ടന്നൂര്‍- കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റേത്. അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ സര്‍വീസുകളുടെ കുറവും ഉയര്‍ന്ന ടിക്കറ്റ് നിരക്കും യാത്രികരെ പിന്നോട്ടടിപ്പിക്കുന്നു. എയര്‍ഇന്ത്യ എക്‌സ്പ്രസ്, എയര്‍ഇന്ത്യ, ഇന്‍ഡിഗോ,ഗോ ഫസ്റ്റ് കമ്പനികള്‍ തന്നെയാണ് ഇപ്പോഴും കണ്ണൂരില്‍ നിന്ന് സര്‍വീസ് നടത്തിവരുന്നത്. സ്പൈസ് ജെറ്റ്, എയര്‍ വിസ്താര തുടങ്ങിയ കമ്പനികളുമായി കിയാല്‍ അധികൃതര്‍ പല തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലപ്രദമായിട്ടില്ല.
ഗള്‍ഫ്, യൂറോപ്യന്‍ രാജ്യങ്ങള്‍ തുടങ്ങി കൂടുതല്‍ സ്ഥലങ്ങളിലേക്കും നിലവില്‍ കണ്ണൂരില്‍ നിന്ന് സര്‍വീസുകള്‍ തുടങ്ങിയിട്ടില്ല. സംസ്ഥാനത്തെ മറ്റു വിമാനത്താവളങ്ങളില്‍ നിന്ന് വ്യത്യസ്തമായി കണ്ണൂരില്‍ നിന്നുള്ള യാത്രാനിരക്ക് ഏറെ വര്‍ദ്ധിച്ചതിന് പിന്നിലും സര്‍വീസുകളുടെ കുറവ് തന്നെയാണ്.
കഴിഞ്ഞ മാസത്തില്‍ കണ്ണൂരില്‍ നിന്ന് 438 അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തിയപ്പോള്‍ കൊച്ചി വിമാനത്താവളത്തില്‍ നിന്ന് നടത്തിയത് 1868 സര്‍വീസുകളാണ്. കോഴിക്കോട്ടു നിന്ന് 1159 സര്‍വീസുകളും തിരുവനന്തപുരത്ത് നിന്ന് 949 സര്‍വീസുകളും നടത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം കണ്ണൂരില്‍ നിന്ന് 557 ആഭ്യന്തര സര്‍വീസുകള്‍ നടത്തിയപ്പോള്‍ കൊച്ചിയില്‍ സര്‍വീസുകളുടെ എണ്ണം 2361 ആണ്. സര്‍വീസുകളുടെ എണ്ണത്തിലെ വ്യത്യാസമാണ് ഉയര്‍ന്ന ടിക്കറ്റ് നിരക്കിന് പിന്നിലെന്ന് ഈ കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. എന്നാല്‍ ഇന്‍ഡിഗോയും ഗോ ഫസ്റ്റും ഇപ്പോള്‍ കൂടുതല്‍ ഗള്‍ഫ് നാടുകളിലേക്ക് സര്‍വീസ് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ യാത്രക്കാരുള്ള ഷാര്‍ജ, ദോഹ സെക്ടറുകളിലേക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇപ്പോള്‍ 18000 മുതല്‍ 30000 രൂപ വരെ ടിക്കറ്റ് നിരക്കുണ്ട്. എന്നാല്‍ കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളിലേക്ക് ഇത് 15000 വരെ മാത്രമാണ്. ദുബായിലേക്ക് മറ്റു വിമാനത്താവളങ്ങളുടെ ഇരട്ടിയോളമാണ് കണ്ണൂരില്‍ നിന്നുള്ള നിരക്ക്. പുതുതായി സര്‍വീസ് തുടങ്ങിയ ദമാമിലേക്ക് 30,000 രൂപയിലധികമാണ് ഈടാക്കുന്നത്.