Sorry, you need to enable JavaScript to visit this website.

ബാലികയെ പീഡിപ്പിച്ചതിന് ഡി.വൈ.എഫ്.ഐ  നേതാവ് ഉള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം-  പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഡി.വൈ.എഫ്.ഐ. പ്രാദേശിക നേതാവും പ്രായപൂര്‍ത്തിയാവാത്ത പ്ലസ് ടു വിദ്യാര്‍ഥിയും ഉള്‍പ്പെടെ എട്ടുപേരെ പോക്സോ നിയമപ്രകാരം മലയിന്‍കീഴ് പോലീസ് അറസ്റ്റു ചെയ്തു. സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്നാണ് കേസ്.
ഡി.വൈ.എഫ്.ഐ. വിളവൂര്‍ക്കല്‍ മേഖലാ കമ്മിറ്റി പ്രസിഡന്റും സാമൂഹിക പ്രവര്‍ത്തകനുമായ ജെ.ജിനേഷ്(29), തൃശ്ശൂര്‍ കുന്ദംകുളം കോനത്തുവീട് മേത്തല എസ്.സുമേജ്(21), മലയം ചിത്തിരയില്‍ എ.അരുണ്‍(മണികണ്ഠന്‍27), വിളവൂര്‍ക്കല്‍ തൈവിള തുണ്ടുവിള തുറവൂര്‍ വീട്ടില്‍ സിബി(20), ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന പൂഴിക്കുന്ന പൊറ്റവിള വീട്ടില്‍ വിഷ്ണു(23), വിഴവൂര്‍ തോട്ടുവിള ഷാജി ഭവനില്‍ അഭിജിത്ത്(26), മച്ചേല്‍ പ്ലാങ്കോട്ടുമുകള്‍ ലക്ഷ്മിഭവനില്‍ അച്ചു അനന്തു (18) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റിലായ പ്ലസ്ടു വിദ്യാര്‍ഥിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. കുന്ദംകുളം സ്വദേശി സുമേജ് ഒഴികേയുള്ള പ്രതികളെല്ലാം കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കുകയും വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു.
രണ്ട് ബിരുദാനന്തര ബിരുദമുള്ള ജിനേഷ് ലഹരിക്കെതിരായ പ്രാദേശിക കൂട്ടായ്മയുടെ നേതൃത്വം വഹിക്കുന്നയാളാണ്. ഇയാള്‍ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നതിന്റെയും മറ്റുള്ളവര്‍ക്കു നല്‍കുന്നതിന്റെയും വീഡിയോയും പോലീസിനു ലഭിച്ചിട്ടുണ്ട്.
പെണ്‍കുട്ടിയെ കാണാനില്ലെന്ന അമ്മയുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡനക്കഥകളുടെ ചുരുളഴിഞ്ഞത്. ഡിസംബര്‍ രണ്ടിനാണ് കുട്ടിയുടെ അമ്മ മലയിന്‍കീഴ് പോലീസിന് പരാതി നല്‍കിയത്. വീട്ടില്‍നിന്നു പുറപ്പെട്ട പെണ്‍കുട്ടിയെ ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്നാണ് അമ്മ പോലീസിനെ സമീപിച്ചത്. പരാതി ലഭിച്ച ഉടന്‍ മലയിന്‍കീഴ് എസ്.എച്ച്.ഒ. പ്രതാപചന്ദ്രന്‍ സൈബര്‍ സെല്ലിനെ വിവരമറിയിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തി. ആറുദിവസം മുന്‍പ് ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട തൃശ്ശൂര്‍ കുന്ദംകുളം സ്വദേശി സുമേജിനെ കാണാനെത്തിയതായിരുന്നു പെണ്‍കുട്ടി. തൃശ്ശുരില്‍ കാറ്ററിങ് തൊഴിലാളിയാണിയാള്‍. സുമേജിനൊപ്പം നാടുവിടാനുള്ള തീരുമാനത്തിലായിരുന്നു പെണ്‍കുട്ടി. പോലീസെത്തുമ്പോള്‍ ഇരുവരും കണ്ടുമുട്ടിയിരുന്നില്ല.
ഇതിനുശേഷം സുമേജിനെ റെയില്‍വേ സ്റ്റേഷനില്‍ നിന്നു പോലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ ചിത്രം മറ്റുള്ളവര്‍ക്ക് കൈമാറിയതിനാണ് സുമേജിനെ പ്രതിയാക്കിയത്. തുടര്‍ന്ന് മെഡിക്കല്‍ പരിശോധന നടത്തിയപ്പോഴാണ് രണ്ടു വര്‍ഷമായി പലരില്‍ നിന്നുമുണ്ടായ പീഡനത്തെക്കുറിച്ച് കുട്ടി ഡോക്ടറോട് പറഞ്ഞത്. സ്വന്തം വീട്ടില്‍ തന്നെയാണ് പീഡനങ്ങള്‍ നടന്നതെന്ന് പെണ്‍കുട്ടി പോലീസിനോടു പറഞ്ഞു. ആദ്യം പരിചയപ്പെട്ട ആളില്‍നിന്ന് ഫോണ്‍ നമ്പര്‍ കൈക്കലാക്കിയാണ് മറ്റുള്ളവര്‍ പെണ്‍കുട്ടിയുമായി അടുക്കുന്നത്.
വാട്സാപ്പിലൂടെയും മറ്റും ചാറ്റ് ചെയ്താണ് ബന്ധങ്ങള്‍ തുടങ്ങിയിരുന്നത്. പലരും ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് പെണ്‍കുട്ടിയെ കൂടുതല്‍ ചൂഷണം ചെയ്തെന്നും പോലീസ് സംശയിക്കുന്നു.


 

Latest News