ദോഹ - കഴിഞ്ഞ ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടുകളില്‍ ക്രൊയേഷ്യയെ കൈകളിലേന്തിയത് ഗോളി ഡാനിയേല്‍ സുബാസിച്ചായിരുന്നു. എല്ലാ റൗണ്ടിലും ക്രൊയേഷ്യക്ക് എക്‌സ്ട്രാ ടൈം കളിക്കേണ്ടി വന്നിരുന്നു. രണ്ടു തവണ ഷൂട്ടൗട്ടും നേരിട്ടു. ഇത്തവണയും അവരുടെ പാത സുഗമമാവില്ലെന്നാണ് സൂചന. പ്രി ക്വാര്‍ട്ടറില്‍ ജപ്പാനെ മറികടക്കാന്‍ ഷൂട്ടൗട്ട് വേണ്ടിവന്നു. കഴിഞ്ഞ ലോകകപ്പിനു ശേഷം വിരമിച്ച സുബാസിച്ചിനു പകരം ഡൊമിനിക് ലിവാകോവിച്ചാണ് ഇത്തവണ മൂന്ന് പെനാല്‍ട്ടി രക്ഷിച്ച് ടീമിന്റെ ഹീറോ ആയത്.
പെനാല്‍ട്ടി എടുത്തവരുടെ പിഴവിനെക്കാള്‍ ഗോളിയുടെ മികവാണ് ഗോളാവാതെ പോയതിന് കാരണമെന്ന് ജപ്പാന്‍ കോച്ച് ഹാജിമെ മോറിയാസു പറഞ്ഞു. സമ്മര്‍ദ്ദമൊന്നുമല്ല അതിനു കാരണം. 120 മിനിറ്റ് ധീരമായാണ് ഞങ്ങള്‍ പൊരുതിയത്. ലോകകപ്പിന്റെ ആഗോളവേദിയില്‍ എങ്ങനെ പോരാടാമെന്ന് തെളിയിച്ചു തന്നെയാണ് അവര്‍ മടങ്ങുന്നത് -അദ്ദേഹം പറഞ്ഞു.