ദോഹ - മുന്‍ കാമറൂണ്‍ ഹീറോയും നിലവിലെ കാമറൂണ്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റുമായ സാമുവേല്‍ എറ്റൊ ലോകകപ്പ് നഗരിയില്‍ അള്‍ജീരിയക്കാരനായ ബ്ലോഗറെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ വൈറലാവുന്നു. ലോകകപ്പിന്റെ അംബാസഡര്‍മാരിലൊരാളായ എറ്റൊ സംഭവത്തിനു ശേഷം പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടുകയോ പ്രതികരിക്കുകയോ ചെയ്തിട്ടില്ല. ലോകകപ്പ് സ്റ്റേഡിയങ്ങളിലൊന്നിന് പുറത്ത് ചൊവ്വാഴ്ച തര്‍ക്കത്തിനു ശേഷം ചവിട്ടിയിടുന്നതാണ് ദൃശ്യങ്ങള്‍.
ബ്രസീല്‍-തെക്കന്‍ കൊറിയ മത്സരത്തിനു ശേഷം 974 സ്റ്റേഡിയത്തിനു പുറത്ത് ആരാധകര്‍ക്കൊപ്പം സെല്‍ഫിക്ക് നിന്നു കൊടുക്കുന്നതിനിടയില്‍ ക്യാമറയുമായി നില്‍ക്കുന്ന സദൂനി എസ്.എം എന്നയാളുടെ കമന്റിനോട് ആക്രമണോത്സുകമായി എറ്റൊ പ്രതികരിക്കുകയായിരുന്നു. തുടര്‍ന്ന് തന്റെ മൊബൈല്‍ മറ്റൊരാളെ ഏല്‍പിച്ച ശേഷം ആക്രമണത്തിലേക്ക് തിരിഞ്ഞു. മുഖത്ത് കാല്‍മുട്ട് കൊണ്ട് കുത്തുന്നതാണ് ദൃശ്യങ്ങള്‍. മുന്‍ ബാഴ്‌സലോണ, ഇന്റര്‍ മിലാന്‍ താരത്തെ ഒപ്പമുള്ളവര്‍ പിടിച്ചുവെക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ചവിട്ടേറ്റ് സദൂനി നിലത്തുവീണു. തന്റെ ക്യാമറയും മൈക്രോഫോണും തകര്‍ന്നതായും സംഭവം മൂടിവെക്കാതെ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പോലീസിനെ സമീപിച്ചതായും സദൂനി വീഡിയൊ സന്ദേശം പോസ്റ്റ് ചെയ്തു.
ലോകകപ്പ് അംബാസഡറെന്ന നിലയിലാണോ ഫിഫയുടെ പ്രതിനിധി സംഘത്തിന്റെ ഭാഗമായാണോ എറ്റൊ കളി കാണാനെത്തിയതെന്ന് വ്യക്തമല്ല. ഫിഫയോ കാമറൂണ്‍ ഫെഡറേഷനോ ലോകകപ്പ് സംഘാടകരോ പ്രതികരിച്ചിട്ടില്ല. 1998 നും 2014 നുമിടയില്‍ നാല് ലോകകപ്പ് കളിച്ചിട്ടുണ്ട് എറ്റൊ. നാല്‍പത്തൊന്നുകാരന്‍ ഒരു വര്‍ഷം മുമ്പാണ് കാമറൂണ്‍ ഫെഡറേഷന്‍ പ്രസിഡന്റായത്. നാലു തവണ ആഫ്രിക്കന്‍ പ്ലയര്‍ ഓഫ് ദ ഇയറായി. ലോകകപ്പ അംബാസഡറെന്ന നിലയില്‍ നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പര്യടനം നടത്തിയിരുന്നു.