Sorry, you need to enable JavaScript to visit this website.

ഒരു മിനിറ്റ് പോലും കളിച്ചില്ല, മടങ്ങുന്നത് അമൂല്യ നിധിയുമായി

മെല്‍ബണ്‍ - ഓസ്‌ട്രേലിയന്‍ മിഡ്ഫീല്‍ഡര്‍ കാമറൂണ്‍ ഡെവലിന്‍ ലോകകപ്പില്‍ ഒരു മിനിറ്റ് പോലും കളിച്ചില്ല. റിസര്‍വ് ബെഞ്ചിലിരുന്ന് നാല് കളികളും കാണാനായിരുന്നു യോഗം. പക്ഷെ നാട്ടിലേക്ക് മടങ്ങുക അമൂല്യമായ നിധിയുമായി, പ്രി ക്വാര്‍ട്ടറില്‍ അര്‍ജന്റീനയോട് തോറ്റപ്പോള്‍ ലിയണല്‍ മെസ്സിയുടെ ടി ഷര്‍ട് സ്വന്തമാക്കാന്‍ ഡെവലിന് സാധിച്ചു. മെസ്സിയുടെ ആയിരാമത്തെ മത്സരമായിരുന്നു അത്, അതില്‍ ഗോളുമടിച്ചു. 
കളി കഴിഞ്ഞ ശേഷം ഗ്രൗണ്ടിലിറങ്ങി ഓസ്‌ട്രേലിയന്‍ കളിക്കാരെ സമാശ്വസിപ്പിച്ച ശേഷമാണ് മെസ്സിയെ സമീപിച്ചതെന്ന് സ്‌കോട്‌ലന്റ് ലീഗില്‍ കളിക്കുന്ന ഡെവലിന്‍ വെളിപ്പെടുത്തി. വെറുതെ ഭാഗ്യം പരീക്ഷിച്ചതാണ്. ഡ്രസ്സിംഗ് റൂമിലെത്തിയാല്‍ ജഴ്‌സി തരാമെന്ന് പറഞ്ഞു, അതു തന്നെയാണ് സംഭവിച്ചത്-ഡെവലിന്‍ പറഞ്ഞു. 
ജഴ്‌സി ഊരി നല്‍കിയ ശേഷം ഓസ്‌ട്രേലിയയുടെ റിസര്‍വ് താരത്തെ മെസ്സി ആലിംഗനം ചെയ്യുന്ന വീഡിയൊ സോഷ്യല്‍ മീഡിയയില്‍ തരംഗമായി. 
ഓസ്‌ട്രേലിയക്കു വേണ്ടി പൊരുതിയ ആരെങ്കിലും ജഴ്‌സി സ്വന്തമാക്കിക്കോട്ടെ എന്നായിരുന്നു ഞാന്‍ ചിന്തിച്ചത്. പക്ഷെ ആരും താല്‍പര്യം  കാണിച്ചില്ല. എന്റെ ജഴ്‌സി മെസ്സി വീട്ടിലെ ചുമരില്‍ തൂക്കുമെന്ന തെറ്റിദ്ധാരണയൊന്നും ഇല്ല. എന്റെ ജഴ്‌സി പകരം അദ്ദേഹം സ്വീകരിച്ചു എന്നതു തന്നെ അമ്പരപ്പിച്ചു. ഞാന്‍ ആരെന്നു പോലും അറിയുന്നുണ്ടാവില്ല. എന്നിട്ടും ആദരവ് കാണിച്ച ആ സന്മനസ്സിന് നന്ദി. പിതാവിന്റെ കൈയിലാണ് ഇപ്പോള്‍ മെസ്സിയുടെ ജഴ്‌സിയെന്നും അദ്ദേഹം ഇനി തന്നെ തൊടാന്‍ പോലും അനുവദിക്കുമെന്ന് തോന്നുന്നില്ലെന്നും ഇരുപത്തിനാലുകാരന്‍ പറഞ്ഞു.
 

Latest News