ദോഹ - ഈ ലോകകപ്പില്‍ ഒരുപാട് പ്രതീക്ഷകള്‍ നല്‍കിയ സ്‌പെയിനിന്റെ ചുണക്കുട്ടികള്‍ പ്രി ക്വാര്‍ട്ടറില്‍ സ്‌കോറിംഗ് ബൂട്ട് മറന്നു. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഗോളടിക്കാനാവാതിരുന്ന അവര്‍ക്ക് ഷൂട്ടൗട്ടിലും പിഴച്ചു. സ്‌പെയിനില്‍ സെവിയയുടെ വല കാക്കുന്ന യാസീന്‍ ബൂനു അന്നം തരുന്ന നാടിനെതിരെ ജന്മനാടായ മൊറോക്കോയെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കൈപിടിച്ചാനയിച്ചു. സ്‌പെയിനില്‍ ജനിക്കുകയും വളരുകയും ചെയ്ത അശ്‌റഫ് ഹകീമിയാണ് മൊറോക്കോയുടെ നിര്‍ണായകമായ നാലാമത്തെ കിക്ക് ലക്ഷ്യത്തിലെത്തിച്ചത്.
ഇരു ടീമുകളുടെയും ഗോളിമാര്‍ സ്പാനിഷ് ലീഗില്‍ കളിക്കുന്നവരായിരുന്നു. യാസീന്‍ ബൂനു സെവിയയുടെയും ഉനായ് സിമോണ്‍ അത്‌ലറ്റിക് ബില്‍ബാവോയുടെയും ഗോളിമാരാണ്.
കഴിഞ്ഞ ലോകകപ്പിലും സ്‌പെയിനുമായി ഏറ്റുമുട്ടിയപ്പോള്‍ മൊറോക്കൊ അട്ടിമറിക്കടുത്തെത്തിയിരുന്നു. അവസാന വേളയിലെ ഗോളിലാണ് സ്‌പെയിന്‍ 2-2 സമനില നേടിയത്.
മുമ്പ് മൂന്നു തവണയേ ആഫ്രിക്കന്‍ ടീമുകള്‍ ലോകകപ്പിന്റെ ക്വാര്‍ടര്‍ ഫൈനലിലെത്തിയിട്ടുള്ളൂ -1990 ല്‍ കാമറൂണ്‍, 2002 ല്‍ സെനഗാല്‍, 2010 ല്‍ ഘാന. മൊറോക്കൊ ഒരേയൊരിക്കല്‍ പ്രി ക്വാര്‍ട്ടര്‍ കളിച്ചത് 1986 ലാണ്. അന്ന് പശ്ചിമ ജര്‍മനിയോട് 88ാം മിനിറ്റിലെ ലോതര്‍ മത്തായൂസിന്റെ ഗോളില്‍ തോറ്റു. ഇംഗ്ലണ്ടും പോര്‍ചുഗലുമുള്‍പ്പെട്ട ഗ്രൂപ്പില്‍ നിന്നാണ് 1986 ല്‍ അവര്‍ പ്രി ക്വാര്‍ട്ടറിലേക്ക് ഒന്നാം സ്ഥാനക്കാരായി മുന്നേറിയതെങ്കില്‍ ഇത്തവണ ക്രൊയേഷ്യയും ബെല്‍ജിയവുമുള്‍പ്പെട്ട ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തി.
സ്‌പെയിന്‍ ലോകകപ്പില്‍ അഞ്ച് ഷൂട്ടൗട്ടുകളില്‍ നാലാം തവണയാണ് പരാജയപ്പെടുന്നത്. മൊറോക്കോക്ക് ആദ്യ ഷൂട്ടൗട്ടാണ്. ഈ ലോകകപ്പില്‍ ഏറെ പ്രതീക്ഷ നല്‍കിയ ടീമായിരുന്നു സ്‌പെയിന്‍. ടൂര്‍ണമെന്റിലെ ഏറ്റവും വലിയ വിജയം അവരുടെ പേരിലാണ്, കോസ്റ്ററീക്കക്കെതിരായ 7-0. ടികി ടാക ഫുട്‌ബോളിലൂടെ അവര്‍ ആരാധകരുടെ മനം കവര്‍ന്നു. എന്നാല്‍ നോക്കൗട്ടിലെ ആദ്യ പാലത്തില്‍ അവര്‍ സ്‌കോറിംഗ് ബൂട്ട് മറന്നു.