Sorry, you need to enable JavaScript to visit this website.

ഒളിംപിക് വേദി ലഭിച്ചാൽ എല്ലാ സ്റ്റേഡിയങ്ങളും ശീതീകരിക്കും -സൗദ് അബ്ദുൽ അസീസ്

ദോഹ- ഒളിംപിക്‌സിന് ആതിഥ്യം വഹിക്കാൻ ഖത്തറിന് അവസരം ലഭിക്കുകയാണെങ്കിൽ മുഴുവൻ സ്റ്റേഡിയങ്ങളും എയർകണ്ടീഷൻ ചെയ്ത് ശീതീകരിക്കാനാകുമെന്ന് എൻജിനീയർ. ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങൾ എയർ കണ്ടീഷൻ ചെയ്ത് വികസിപ്പിച്ച എൻജിനീയർ സൗദ് അബ്ദുൽ അസീസ് അബ്ദുൽ ഗനിയാണ് ഇക്കാര്യം പറഞ്ഞത്. 2036-ലെ ഒളിംപിക്‌സ് നടത്താൻ ഖത്തർ നീക്കം നടത്തുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് അബ്ദുൽ ഗനി ഇക്കാര്യം പറഞ്ഞത്. 
2016-ലെയും 2020-ലെയും ഒളിംപിക്‌സ് വേദി കിട്ടാൻ ഖത്തർ നീക്കം നടത്തിയിരുന്നു. 32 രാജ്യങ്ങൾ പങ്കെടുക്കുന്ന ലോകകപ്പ് ഫുട്‌ബോളിന്റെ സംഘാടനത്തിൽ ഖത്തറിന് ലോകവ്യാപക പ്രശംസയാണ് ലഭിക്കുന്നത്. 2019-ൽ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് ഖത്തർ ആതിഥ്യം വഹിച്ചിരുന്നു. 2024 ജനുവരിയിൽ ലോക നീന്തൽ ചാമ്പ്യൻഷിപ്പും അടുത്ത ഏഷ്യൻ കപ്പ് ഫുട്ബോളും ഖത്തറിലാണ്. 
എയർകണ്ടീഷൻ ചെയ്ത ഖലീഫ സ്റ്റേഡിയത്തിലാണ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് നടന്നത്. എന്നാൽ പകൽസമയത്തെ ചൂട് കാരണം, അർദ്ധരാത്രിയോടെയാണ് വനിതാ മാരത്തൺ ആരംഭിച്ചത്. താപനില 30 സെൽഷ്യസിനു (86 ഫാരൻഹീറ്റ്) മുകളിൽ ഉയർന്നതിനാൽ 68 ഓട്ടക്കാരിൽ 40 പേർ മാത്രമാണ് മാരത്തൺ പൂർത്തിയാക്കിയത്. വേനൽച്ചൂട് ഒഴിവാക്കാനാണ് ലോകകപ്പ് നവംബർ-ഡിസംബറിലേക്ക് മാറ്റിയത്. ഒരു അറബ് രാഷ്ട്രത്തിൽ ആദ്യ ഒളിംപിക്സ് അനുവദിക്കാൻ ഖത്തറിന് അന്താരാഷ്ട്ര ഒളിംപിക്സ്  കമ്മിറ്റിയോട് ആവശ്യപ്പെടാമെന്നും കായിക വൃത്തങ്ങൾ പറയുന്നു.
കത്താറ സാംസ്‌കാരിക ജില്ലയിൽ എയർ കണ്ടീഷൻഡ് ചെയ്ത തെരുവുകളുണ്ട്, ഖത്തറിന് ഒരു സിറ്റി പാർക്കിൽ 1.1 കിലോമീറ്റർ എയർ കണ്ടീഷൻഡ് ജോഗിംഗ് ട്രാക്കുണ്ട്. ഒളിംപിക്സ് മാരത്തണും പ്രത്യേകം തണുപ്പിക്കാമെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. എയർ കണ്ടീഷൻഡ് മാരത്തൺ ഫീൽഡ് നിർമ്മിക്കാമെന്ന് ഖത്തർ യൂണിവേഴ്സിറ്റിയിലെ എൻജിനീയറിംഗ് പ്രൊഫസർ സൗദ് പറഞ്ഞു. എൻജിനീയറിംഗിന്റെ അടിസ്ഥാനത്തിൽ എന്തും സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതികമായി ഇത് ചെയ്യാൻ ശേഷിയുണ്ടെന്ന് ഖത്തർ തെളിയിച്ചു. ഫോർഡ് മോണ്ടിയോ കാറുകൾക്കായി എയർ കണ്ടീഷനിംഗ് വികസിപ്പിച്ചയാളാണ് സൗദ്. എട്ട് ലോകകപ്പ് സ്റ്റേഡിയങ്ങളിൽ ഏഴിലും ഉപയോഗിച്ച കൂളിംഗ് സംവിധാനത്തിന് പിന്നിൽ സൗദായിരുന്നു. 
 

Latest News