ദോഹ - ലോകകപ്പിന്റെ പ്രി ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്‌പെയിന്‍-മൊറോക്കൊ മത്സരം ഷൂട്ടോട്ടിലേക്ക്. എക്‌സട്രാ ടൈമില്‍ ഇരു ടീമുകളും ഗോളിനായി ഇരമ്പിക്കയറിയെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. ഒരു തവണ ഗോളി യാസീന്‍ ബൂനൂവിന്റെ ഡൈവിംഗ്് സെയവും അവസാന സെക്കന്റുകളില്‍ പോസ്റ്റും മൊറോക്കോക്ക് രക്ഷയേകി. സ്‌പെയിനിനെ ആദ്യ പകുതിയില്‍ മൊറോക്കൊ വിറപ്പിച്ചെങ്കിലും രണ്ടാം പകുതിയില്‍ സ്‌പെയിന്‍ ശക്തമായി തിരിച്ചടിച്ചു. ആഫ്രിക്കന്‍ വന്‍കരയുടെ അവശേഷിക്കുന്ന ഏക പ്രതിനിധികളായ മൊറോക്കോ ഒന്നാം പകുതിയുടെ അവസാന മിനിറ്റുകളില്‍ പലതവണ ഗോളിനടുത്തെത്തി. പൊതുവെ സ്‌പെയിനിനായിരുന്നു ആധിപത്യമെങ്കിലും തുറന്ന അവസരങ്ങളൊന്നും സൃഷ്ടിക്കാന്‍ അവരുടെ യുവനിരക്ക് സാധിച്ചില്ല. അതേസമയം അശ്‌റഫ് ഹകീമിയും ഹകീം സിയേഷും പലതവണ സ്പാനിഷ് പ്രതിരോധം തുറന്നെടുത്തു. ഗോള്‍രഹിതമായാണ് ആദ്യ പകുതി അവസാനിച്ചത്.
രണ്ടാം പകുതിയില്‍ സ്‌പെയിനിനു കിട്ടിയ മികച്ച അവസരം ആല്‍വരൊ മൊറാറ്റ പാഴാക്കി. ചെല്‍സിയില്‍ മൊറാറ്റയുടെ സഹതാരം ഹകീം സിയേഷ് മറുവശത്ത് മൊറോക്കോക്ക് കിട്ടിയ അവസരം തുലച്ചു.