Sorry, you need to enable JavaScript to visit this website.

എല്ലാമായിരുന്നു ഭാര്യ; നൊമ്പരമയുര്‍ത്തി ഒരു ബിരുദദാന ചടങ്ങ്

റിയാദ് - ഭാര്യ മരണപ്പെട്ട് ദിവസങ്ങള്‍ക്കു ശേഷം ഭാര്യയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുത്ത് ലോ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് മുത്‌ലഖ് അല്‍അശൈഖിര്‍. യൂനിവേഴ്‌സിറ്റി കോളേജ് ഓഫ് ബഹ്‌റൈനില്‍ നിന്ന് നിയമ പഠനത്തില്‍ മാസ്റ്റര്‍ ബിരുദം നേടിയ ഭാര്യ നുവൈര്‍ അല്‍ഉതൈബിയുടെ ബിരുദദാന ചടങ്ങിലാണ് ഭാര്യക്കു പകരം ഡോ. മുഹമ്മദ് അല്‍അശൈഖിര്‍ പങ്കെടുത്തത്.
ഈയൊരു ദിവസം താനും ഭാര്യയും ഏറെ കാലം കാത്തിരുന്നതാണെന്ന് ഡോ. മുഹമ്മദ് അല്‍അശൈഖിര്‍ പറഞ്ഞു. സര്‍ക്കാര്‍ സര്‍വീസില്‍ ഉദ്യോഗസ്ഥയായിട്ടും നിയമത്തില്‍ മാസ്റ്റര്‍ ബിരുദം നേടാന്‍ ഭാര്യ ആഗ്രഹിക്കുകയായിരുന്നു. കൊറോണ കാലത്ത് ഭാര്യ പഠനം ആരംഭിക്കുകയും നന്നായി പ്രയത്‌നിക്കുകയും ചെയ്തു. രോഗശയ്യയില്‍ വെച്ചാണ് മാസ്റ്റര്‍ ബിരുദത്തിന്റെ ഭാഗമായി ഭാര്യ തയാറാക്കിയ തിസീസ് വിശകലനം ചെയ്തത്. എല്ലാവരുടെയും പ്രശംസ തിസീസ് പിടിച്ചുപറ്റി.
മരണത്തിന് അല്‍പം മുമ്പാണ് ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാനുള്ള അപേക്ഷ ഭാര്യ നല്‍കിയത്. മരണ ശയ്യയില്‍ വെച്ചാണ് മാസ്റ്റര്‍ ബിരുദം ലഭിച്ച കാര്യം ഭാര്യയെ താന്‍ അറിയിച്ചത്. ഇത് കേട്ട് അവര്‍ പുഞ്ചിരിച്ചു. ബിരുദദാന ചടങ്ങിന് ദിവസങ്ങള്‍ക്കു മുമ്പാണ് ഭാര്യ ഇഹലോകവാസം വെടിഞ്ഞത്. മാനസിക വേദനയും ശാരീരിക ക്ഷീണവുമുണ്ടായിട്ടും ഭാര്യക്കു പകരം ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ താന്‍ തീരുമാനിക്കുകയായിരുന്നു.
മൂന്നു യൂനിവേഴ്‌സിറ്റികളില്‍ നിന്ന് താന്‍ ബിരുദം നേടിയിരുന്നെങ്കിലും ഒരു ബിരുദദാന ചടങ്ങില്‍ പോലും  പങ്കെടുത്തിരുന്നില്ല. ഭാര്യയുടെ ബിരുദദാന ചടങ്ങാണ് താന്‍ ആദ്യമായി പങ്കെടുത്ത ബിരുദദാന ചടങ്ങ്. ഭാര്യ തനിക്ക് എല്ലാമായിരുന്നു. ഭാര്യയോടുള്ള അടങ്ങാത്ത സ്‌നേഹത്താലാണ് ഈ ചടങ്ങില്‍ താന്‍ പങ്കെടുത്തതെന്നും ഡോ. മുഹമ്മദ് മുത്‌ലഖ് അല്‍അശൈഖിര്‍ പറഞ്ഞു.

 

Latest News