അബുദാബി- യു.എ.ഇയില്‍ സ്വകാര്യ മേഖലയിലെ നിര്‍ബന്ധിത സ്വദേശിവല്‍ക്കരണ പദ്ധതിക്കുള്ള സമയപരിധി ഡിസംബര്‍ 31ന് അവസാനിക്കും. കാലാവധിക്കകം നിയമം നടപ്പാക്കുകയും സമയബന്ധിതമായി സ്വദേശിവല്‍ക്കരണ പരിധി ഉയര്‍ത്തുകയും ചെയ്യണമെന്ന് മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം ആവശ്യപ്പെട്ടു. 2023 ജനുവരി 1 മുതല്‍ സ്വകാര്യ കമ്പനികളില്‍ പരിശോധന ഊര്‍ജിതമാക്കും.
സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണത്തില്‍ 2 വര്‍ഷത്തിനകം 27 ശതമാനം വര്‍ധനയുണ്ടെന്ന് മന്ത്രി ഡോ. അബ്ദുല്‍റഹ്മാന്‍ അല്‍ അവാര്‍ പറഞ്ഞു. സ്വദേശികളെ നിയമിക്കാത്ത കമ്പനികള്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകും. ഒരു തൊഴിലാളിയെ നിയമിക്കാത്തവര്‍ക്ക് മാസത്തില്‍ 6000 (1,33,627 രൂപ) ദിര്‍ഹം വീതം വര്‍ഷത്തില്‍ 72,000 ദിര്‍ഹം (16,03,532 രൂപ) പിഴ അടയ്ക്കണം. ജീവനക്കാരുടെ എണ്ണമനുസരിച്ച് പിഴയും വര്‍ധിക്കും.
അമ്പതോ അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ കമ്പനിയില്‍ വര്‍ഷത്തില്‍ 2 ശതമാനം വീതം സ്വദേശിവല്‍ക്കരണം നടപ്പാക്കണമെന്നാണ് നിയമം. 2026 ഓടെ 10 ശതമാനം ആക്കി ഉയര്‍ത്തും. 50 തൊഴിലാളിക്ക് ഒരു സ്വദേശി എന്ന കണക്കിലാണ് നിയമിക്കേണ്ടത്.