ദോഹ - തെക്കന്‍ കൊറിയക്കെതിരായ ലോകകപ്പ് പ്രി ക്വാര്‍ട്ടറിന്റെ ആദ്യ പകുതിയില്‍ ബ്രസീല്‍ സൃഷ്ടിച്ച ഫുട്‌ബോള്‍ സംഗീതത്തില്‍ ലയിച്ച് ആരാധക ലോകം. ഒന്നിനൊന്ന് മികച്ച നാലു ഗോളടിച്ച ബ്രസീല്‍ കളിയുടെ മാസ്റ്റര്‍ക്ലാസാണ് പുറത്തെടുത്തത്, ആരാധകരെ കൈയിലെടുത്ത നൃത്തച്ചുവടുകളിലൂടെ കളിക്കാര്‍ ഗോളാഘോഷിച്ചപ്പോള്‍ പലപ്പോഴും കോച്ച് ടിറ്റെയും പങ്കുചേര്‍ന്നു.
974 സ്റ്റേഡിയത്തിന്റെ പടവുകളില്‍ സാംബ താളവും നൃത്തച്ചുവടുകളും പൊടിപൊടിക്കുമ്പോള്‍ അതിനെ വെല്ലുന്ന ഫുട്‌ബോളായിരുന്നു കളിക്കളത്തില്‍ വിരിഞ്ഞുവന്നത്. ഘാനയെയും ഉറുഗ്വായെയും പോര്‍ചുഗലിനെയും വിറപ്പിച്ച തെക്കന്‍ കൊറിയക്ക് ആ ഫുട്‌ബോള്‍ മാസ്റ്റര്‍ക്ലാസിനു മുന്നില്‍ മറുപടിയില്ലായിരുന്നു. ഗോളെണ്ണം രണ്ടക്കത്തിലെത്താതിരുന്നത് കൊറിയന്‍ ഗോളി കിം സ്യൂംഗ് ഗ്യൂവിന്റെ മികവ് കൊണ്ടായിരുന്നു.
പ്രതിരോധ ഫുട്‌ബോളിന്റെ വക്താവായിരുന്ന ടിറ്റെ ഒരു ദിവസത്തേക്ക് തന്റെ ആശയഗതി മാറ്റിവെച്ചു. പരിക്ക് ഭേദമായി തിരിച്ചെത്തിയ നെയ്മാര്‍ ആക്രമണത്തിന്റെ ചുമതലയേറ്റു. അതോടെ സ്‌ട്രൈക്കര്‍മാരുടെ യുവനിര തങ്ങളുടെ ആവനാഴിയിലെ അമ്പുകള്‍ ലോകത്തിനു മുന്നില്‍ തുറന്നു വെച്ചു. ലുക്കാസ് പക്വീറ്റയും നെയ്മാറും വിനിസിയൂസ് ജൂനിയറും റഫീഞ്ഞയും റിച്ചാര്‍ലിസനുമുള്‍പ്പെടെ ആക്രമണം ജീവിതോപാധിയാക്കിയ ആറു പേരെയാണ് ടിറ്റെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പെടുത്തിയത്. 1970 ലെയും 1982 ലെയും പുകഴ്‌പെറ്റ ബ്രസീല്‍ നിരയെ ഓര്‍മിപ്പിച്ചു നെയ്മാറും കൂട്ടരും. വണ്‍ ടച് പാസുകളുടെ കണ്ണിമുറിയാത്ത ശൃംഖല തീര്‍ത്ത് ബ്രസീല്‍ ഒഴുകിപ്പരന്നതോടെ എങ്ങനെ ആക്രമണത്തിരമാല തടുക്കുമെന്നറിയാതെ കൊറിയ വെള്ളംകുടിച്ചു.
വിനിസിയൂസായിരുന്നു വാദ്യമേളങ്ങള്‍ക്ക് താളം പിടിച്ചത്. ഓരോ കളി കഴിയുന്തോറും കൂടുതല്‍ വിനിസിയൂസ് കരുത്താര്‍ജിച്ചതോടെ സമ്മര്‍ദ്ദഭാരമില്ലാതെ നെയ്മാര്‍ ആരാധകരുടെ പ്രതീക്ഷകള്‍ ചുമലിലേറ്റി. ഇരുപത്തിരണ്ടുകാരന്‍ വിനിസിയൂസിന്റെ മിന്നല്‍വേഗവും ഡ്രിബഌംഗ് മികവും ഓരോ തവണയും കൊറിയന്‍ പ്രതിരോധത്തെ ഛിന്നഭിന്നമാക്കി. ഗോള്‍മുഖത്ത് അനാവശ്യ ധൃതിയുടെ ലാഞ്ഛന പോലും കാണിക്കാതെയാണ് ആവശ്യത്തിന് സമയമെടുത്ത് വിനിസിയൂസ് ഗോളിക്കും നാല് ഡിഫന്റര്‍മാര്‍ക്കുമിടയിലൂടെ ആദ്യ ഗോളിനായി വെടിയുതിര്‍ത്തത്. മുമ്പിലുള്ള ജനത്തിരക്കൊന്നും വലയിലേക്കുള്ള പന്തിന്റെ വഴിയില്‍ തടസ്സമായില്ല. നാലാമത്തെ ഗോളിനായി പക്വീറ്റക്ക് വിനിസിയൂസ് ചെത്തിവിട്ട പാസ് അതിനെക്കാള്‍ മൊഞ്ചുള്ളതായിരുന്നു. നിയന്ത്രണവും ഉള്‍ക്കാഴ്ചയും ആ പ്രായത്തെ കവച്ചുവെക്കുന്നതായിരുന്നു.
കിരീടപ്രതീക്ഷകളായാണ് ബ്രസീല്‍ ലോകകപ്പിന് വന്നത്. ഗ്രൂപ്പില്‍ നേരിടേണ്ടി വന്നത് പ്രതിരോധത്തിന് പ്രാധാന്യം നല്‍കുന്ന സെര്‍ബിയയെയും സ്വിറ്റ്‌സര്‍ലന്റിനെയും. വിജയത്തിനായി കഠിനാധ്വാനം ചെയ്യേണ്ടി വന്നു. നോക്കൗട്ട് ഉറപ്പായതോടെ കാമറൂണിനെതിരെ റിസര്‍വ് കളിക്കാരെ ഇറക്കി. അന്നത്തെ തോല്‍വി ഒരുപാട് വിമര്‍ശനം ക്ഷണിച്ചുവരുത്തി. എന്നാല്‍ പ്രമുഖ കളിക്കാര്‍ക്ക് വിശ്രമം നല്‍കാനുള്ള തീരുമാനം ശരിയായിരുന്നുവെന്ന് കൊറിയക്കെതിരായ ആദ്യ പകുതി തെളിയിച്ചു. ഈ ആക്രമണനിരക്കെതിരെ ആക്രമണ ഫുട്‌ബോള്‍ കളിക്കാനുള്ള കൊറിയയുടെ തീരുമാനം ആത്മഹത്യാപരമായിരുന്നു. വെള്ളിയാഴ്ച ക്രൊയേഷ്യ എന്താണ് ചെയ്യാന്‍ പോവുന്നത് എന്നറിയാനായി കാത്തിരിക്കുകയാണ് കായികലോകം.